കാലത്തിനൊത്ത് ട്രേഡ് യൂണിയൻ പ്രവർത്തനം നവീകരിക്കും; ഐടി മേഖലയിലും സംഘടനാ വിപുലീകരണം ലക്ഷ്യം: എളമരം കരീം
കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ച് ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തനങ്ങൾ നവീകരിക്കുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. ഐടി മേഖലയിലെ തൊഴിലാളികൾക്കിടയിൽ സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ വിപുലീകരണം സംബന്ധിച്ച നയരേഖ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഇതുവരെ 52 പേർ ചർച്ചയിൽ പങ്കെടുത്തതായും പുതിയ കാലഘട്ടത്തിലെ സംഘടനാ പ്രവർത്തനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടന്നതായും കരീം പറഞ്ഞു. വിവിധ തൊഴിൽ മേഖലകളിലെ പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്തു. വിമർശനത്തിനും സ്വയംവിമർശനത്തിനും സമ്മേളനം വേദിയായെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നും സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. സ്കീം തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം ഉറപ്പാക്കണമെന്നും മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു.
ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മേഖലയിൽനിന്ന് 3,000 തൊഴിലാളികളെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന ആവശ്യവും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.