Skip to main content
വാർത്തകൾ

നോട്ട് നിരോധനത്തിന് പത്ത് വർഷം; കള്ളപ്പണ വേട്ട പരാജയം, ദുരിതം പേറി ജനങ്ങൾ; നേട്ടം അവകാശപ്പെടാതെ മോദി സർക്കാർ

modi

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ഇന്ന് (നവംബർ 8) പത്ത് വർഷം തികയുമ്പോൾ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സാധാരണക്കാർക്കും ഈ തീരുമാനം ഏൽപ്പിച്ച ആഘാതം വീണ്ടും ചർച്ചയാകുന്നു. കള്ളപ്പണം തടയുക, കള്ളനോട്ട് ഇല്ലാതാക്കുക, ഭീകരവാദ ഫണ്ടിങ് തടയുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയാണ് 2016ൽ കേന്ദ്ര സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയത്. എന്നാൽ ഒരു ദശകത്തിനിപ്പുറം ഈ ലക്ഷ്യങ്ങൾ എത്രത്തോളം കൈവരിക്കാനായെന്ന ചോദ്യത്തിന് സർക്കാരിന് വ്യക്തമായ മറുപടിയില്ല. നടപടിയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ ബിജെപി പോലും കാര്യമായ താൽപര്യം കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

2016 നവംബർ എട്ടിന് രാത്രി എട്ടുമണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന ആകെ കറൻസിയുടെ 86.9 ശതമാനമായ 15.41 ലക്ഷം കോടി രൂപയാണ് ഒറ്റയടിക്ക് അസാധുവായത്. ജനങ്ങൾക്ക് അമ്പത് ദിവസത്തെ സമയം നൽകണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, കള്ളപ്പണത്തിനെതിരായ നിർണായക പോരാട്ടമായാണ് നടപടിയെ വിശേഷിപ്പിച്ചത്.

എന്നാൽ നിരോധിച്ച നോട്ടുകളിൽ ഭൂരിഭാഗവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ടയെന്ന അവകാശവാദത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. 15.41 ലക്ഷം കോടി രൂപയിൽ 15.31 ലക്ഷം കോടി രൂപയും, അതായത് 99.3 ശതമാനവും ബാങ്കിങ് സംവിധാനത്തിലൂടെ തിരിച്ചെത്തി. കള്ളപ്പണം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിന് ഈ കണക്ക് വലിയ തിരിച്ചടിയായി. പണം പിൻവലിക്കാൻ ബാങ്കുകൾക്കു മുന്നിൽ ദിവസങ്ങളോളം വരിനിന്ന സാധാരണക്കാരുടെ ദുരിതം മാത്രമാണ് നടപടിയുടെ പ്രധാന ഓർമയായി അവശേഷിച്ചതെന്ന വിമർശനവും ശക്തമായി.

നോട്ട് നിരോധനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്നത് ചെറുകിട വ്യാപാരികളും കർഷകരും അസംഘടിത മേഖലയിലെ തൊഴിലാളികളുമായിരുന്നു. പണത്തെ ആശ്രയിച്ചിരുന്ന ചെറുകിട വ്യവസായങ്ങളും വ്യാപാര സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായി. സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെട്ടതോടെ തൊഴിൽ നഷ്ടവും വരുമാനത്തകർച്ചയും നേരിട്ടവരും ഏറെയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തന്നെ പ്രതികൂലമായി ബാധിച്ച നടപടിയെന്ന വിമർശനം പ്രതിപക്ഷം ഇന്നും ആവർത്തിക്കുന്നു.

നോട്ട് നിരോധനത്തിന്റെ പ്രധാന നേട്ടമായി കേന്ദ്രത്തിന് ചൂണ്ടിക്കാട്ടാനുള്ളത് ഡിജിറ്റൽ പണമിടപാടുകളുടെ വളർച്ചയാണ്. യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം വ്യാപകമായതോടെ രാജ്യത്ത് പണമിടപാടുകളുടെ രീതിയിൽ വലിയ മാറ്റമുണ്ടായി. എന്നാൽ ഡിജിറ്റൽ ഇടപാടുകളുടെ വളർച്ചയ്ക്ക് നോട്ട് നിരോധനം മാത്രമാണ് കാരണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സാങ്കേതിക സൗകര്യങ്ങളുടെ വ്യാപനവും മറ്റ് സർക്കാർ-സ്വകാര്യ ഇടപെടലുകളും ഇതിൽ നിർണായകമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധനത്തിനു ശേഷവും രാജ്യത്തെ പണലഭ്യത കുറഞ്ഞില്ലെന്നതാണ് മറ്റൊരു വൈരുധ്യം. 2016ൽ 17.77 ലക്ഷം കോടി രൂപയായിരുന്ന പ്രചാരത്തിലുള്ള കറൻസി 2026 ആയപ്പോഴേക്കും 43.15 ലക്ഷം കോടി രൂപയായി ഉയർന്നു. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചിട്ടും പണത്തിന്റെ ഉപയോഗം വീണ്ടും വർധിച്ചതോടെ പണരഹിത സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യവും ചോദ്യം ചെയ്യപ്പെടുകയാണ്.

കള്ളനോട്ടും ഭീകരവാദ ഫണ്ടിങ്ങും തടയാനായെന്ന വാദങ്ങൾ കേന്ദ്ര സർക്കാർ പിന്നീട് മുന്നോട്ടുവെച്ചെങ്കിലും, കള്ളപ്പണം തടയുന്നതിൽ നോട്ട് നിരോധനം എത്രത്തോളം ഫലപ്രദമായെന്നതിൽ ഇപ്പോഴും തർക്കം തുടരുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ എതിരാളികളുടെ സാമ്പത്തിക ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യവും തീരുമാനത്തിനു പിന്നിലുണ്ടായിരുന്നുവെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു.

ഒരു സുപ്രധാന സാമ്പത്തിക പരിഷ്കാരമായി അവതരിപ്പിച്ച നടപടി പത്ത് വർഷം പിന്നിടുമ്പോൾ അതിന്റെ ആഘാതവും ഫലപ്രാപ്തിയും സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റമുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന മോദി സർക്കാരിന് നോട്ട് നിരോധനത്തെ ഒരു ചരിത്രനേട്ടമായി ഉയർത്തിക്കാട്ടാൻ കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഈ വാർഷികത്തിൽ പ്രസക്തമാകുന്നു.