Skip to main content
വാർത്തകൾ

അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാം ദേശീയ സമ്മേളനം നവംബർ 15 മുതൽ; വേദി തെലങ്കാനയിലെ നൽഗൊണ്ട

Kisan sabha

അഖിലേന്ത്യാ കിസാൻ സഭയുടെ (എഐകെഎസ്) 36-ാം ദേശീയ സമ്മേളനം നവംബർ 15 മുതൽ 18 വരെ തെലങ്കാനയിലെ നൽഗൊണ്ടയിൽ നടക്കും. സംഘടനയുടെ 90-ാം വാർഷികവും ഐതിഹാസിക തെലങ്കാന കർഷകസമരത്തിന്റെ 80-ാം വാർഷികവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തിലാണ് സമ്മേളനത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കുന്നത്. 1936 ഏപ്രിൽ 11ന് ലഖ്‌നൗവിലാണ് എഐകെഎസ് രൂപീകരിച്ചത്. 1946 ജൂലൈ നാലിനാണ് തെലങ്കാന കർഷകസമരത്തിന് തുടക്കമായത്.

കർഷക പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും ഓർമിക്കുന്നതിനൊപ്പം നിലവിലെ കാർഷിക-രാഷ്ട്രീയ വെല്ലുവിളികൾ വിലയിരുത്തുകയും ഭാവിയിലെ പോരാട്ടങ്ങൾക്ക് ദിശ നിശ്ചയിക്കുകയുമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലിയതുമായ കർഷക സംഘടനയായ എഐകെഎസിന് 27 സംസ്ഥാനങ്ങളിലായി 460 ജില്ലകളിൽ 1.58 കോടിയിലധികം അംഗങ്ങളുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം.

ഭൂമിയില്ലാത്തവർക്ക് ഭൂമി, കർഷകർക്ക് താങ്ങുവില, കടാശ്വാസം, സമഗ്ര ഭൂപരിഷ്‌കരണം, കർഷകത്തൊഴിലാളികളുടെ അവകാശസംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി പ്രക്ഷോഭങ്ങൾ ശക്തമാക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. 2020-21ലെ ഐതിഹാസിക കർഷകസമരവും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിപ്പിച്ചതിലെ സംഘടനയുടെ പങ്കും സമ്മേളനത്തിൽ പ്രധാന ചർച്ചയാകും.

കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കും കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കുമെതിരെ കർഷക-തൊഴിലാളി ഐക്യം ശക്തിപ്പെടുത്തണമെന്നും സംഘടന ആഹ്വാനം ചെയ്യുന്നു. 2036ലെ ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ രാജ്യവ്യാപകമായി കർഷക പ്രസ്ഥാനം വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നൽഗൊണ്ട സമ്മേളനം രൂപം നൽകും.