ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ജനകീയ ഐക്യം ശക്തിപ്പെടുത്തണം: എം.എ. ബേബി
ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് സിപിഐഎം അഹമ്മദാബാദിൽ പൊതുയോഗം സംഘടിപ്പിച്ചു. നവംബർ 24ന് ലാൽ ദർവാജയിലെ മംഗൾ ഭുവൻ ഹാളിൽ നടന്ന യോഗം സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗം മറിയം ധവളെ, സിപിഐഎം സെക്രട്ടേറിയറ്റ് അംഗം മുരളീധരൻ, ഗുജറാത്ത് സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിതേന്ദ്ര ഭട്ട് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. സിപിഐഎം ഗുജറാത്ത് സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറി അരുൺ മേത്ത നന്ദി പറഞ്ഞു. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (എസ്യുസിഐ), ഹിന്ദ് മസ്ദൂർ സഭ (എച്ച്എംഎസ്), വിവിധ ഇൻഷുറൻസ് ജീവനക്കാരുടെ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഭരണഘടന സംരക്ഷിക്കേണ്ടതിന്റെയും ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും പൗരന്മാരുടെ മൗലികാവകാശങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം നേതാക്കൾ പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടി. മതനിരപേക്ഷത, സാമൂഹികനീതി, തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങൾ, ദേശീയ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും സാധാരണക്കാരുടെ താൽപ്പര്യങ്ങളെയും ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, യുവാക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ തുടങ്ങിയ ജനവിഭാഗങ്ങൾ ഒന്നിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. ജനകീയ ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ജനാധിപത്യ പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭരണഘടന, ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, ദേശീയ ഐക്യം, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായുള്ള ജനകീയ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ആവർത്തിച്ചാണ് യോഗം സമാപിച്ചത്.