Skip to main content
വാർത്തകൾ

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് ബഹുജനപ്രക്ഷോഭം

tp

യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വ്യാഴാഴ്ച നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് സംഘടിപ്പിക്കുന്ന ബഹുജനപ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ അഭ്യർഥിച്ചു. വൈകിട്ട് നാലു മുതൽ ഏഴുവരെയാണ് സമരം.

യുഡിഎഫ് സർക്കാർ ജനജീവിതത്തിന് നേരെ വലിയ കടന്നാക്രമണമാണ് നടത്തുന്നതെന്ന് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്നതിനൊപ്പം വിലക്കയറ്റവും ലോഡ് ഷെഡിങ്ങും വഴി ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാനം നേടിയ പുരോഗതികളെല്ലാം നിഷേധിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച വികസന നേട്ടങ്ങളിൽ കിഫ്ബിക്ക് വലിയ പങ്കുണ്ടെന്നും ഒരു ലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ കിഫ്ബിയെ തകർക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി മേഖലയിൽ അഴിമതിക്ക് കളമൊരുക്കുകയാണെന്നും ആരോഗ്യരംഗത്ത് ചികിത്സാസഹായങ്ങൾ നിഷേധിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

വർഷങ്ങളായി നിയമപരമായ മാർഗങ്ങളിലൂടെ ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ പിരിച്ചുവിടുന്നതായും സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ കടുത്ത അനീതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാരെ ശത്രുക്കളെപ്പോലെ കണ്ട് സ്ഥലംമാറ്റുന്ന നടപടികൾ മൂലം നാലുപേർക്ക് ജീവൻ നഷ്ടമായെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ (കെഎഎസ്) അട്ടിമറിക്കാനും നീക്കം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമായെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സ്പെഷ്യൽ അരിയുടെ അളവ് കുറയ്ക്കുകയും വില വർധിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. സരൾ, മാരിടൈം ബോർഡ് ബില്ലുകളിലൂടെ തീരമേഖലയും തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ളവ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിമർശിച്ചു.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ എൽഡിഎഫിന്റെ വലിയ മുന്നേറ്റത്തിന് മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭം തുടക്കമിടുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.