വൈദ്യുതി കരാറുകളിൽ പകൽക്കൊള്ളയെന്ന് ആരോപണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പിണറായി വിജയൻ
വി.ഇ.എച്ച് ഗ്ലോബൽ, ഹിമാചൽ പ്രദേശ് വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നൽകിയ രണ്ട് ഇടപാടുകളും ദുരൂഹമാണെന്നും നിയമങ്ങൾ മറികടന്ന് നടപ്പാക്കിയ കരാറുകൾ സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കരാറുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണമെന്നും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
നാല് രൂപയിൽ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാൻ വി.ഇ.എച്ച് ഗ്ലോബലുമായി കരാറുണ്ടാക്കിയെന്നാണ് ആരോപണം. 496 കോടി രൂപയുടെ ഇടപാടിൽ വില പെരുപ്പിച്ചതിലൂടെ മാത്രം സംസ്ഥാനത്തിന് കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പവർ കോർപ്പറേഷനിൽനിന്ന് എനർജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാൾ ഉയർന്ന വിലയായ യൂണിറ്റിന് 14.5 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയതെന്നും ഒക്ടോബറിൽ മാത്രം 282 കോടി രൂപയുടെ വൈദ്യുതി ഈ കരാർ പ്രകാരം വാങ്ങിയെന്നും പിണറായി ചൂണ്ടിക്കാട്ടി.
നിയമ-ധന വകുപ്പുകളുടെ പരിശോധനകൾ പോലും നടത്താതെ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നൽകിയതാണ് ഇടപാടുകളിലെ ദുരൂഹത വർധിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വി.ഇ.എച്ച് ഗ്ലോബലുമായുള്ള കരാർ ഉദ്യോഗസ്ഥതലത്തിൽ മാത്രം നടന്നതാണെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് വൈദ്യുതി വാങ്ങാനുള്ള നിർദ്ദേശം നൽകിയതെന്ന് വ്യക്തമാക്കുന്ന ഫയൽ നീക്കങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അടിയന്തരമായി ഇത്തരമൊരു കരാറിൽ ഏർപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും കരാർ പ്രകാരം 17 ദിവസം മാത്രമാണ് വൈദ്യുതി ലഭിച്ചതെന്നും വാഗ്ദാനം ചെയ്തതിന്റെ പത്ത് ശതമാനം പോലും ലഭിച്ചില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളെന്നും പിണറായി ആരോപിച്ചു. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മാർഗനിർദേശങ്ങൾ മറികടന്നാണ് കരാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 10ന് പുറത്തിറക്കിയ പ്രസ്താവനയിൽ തന്നെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ പിറ്റേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി. വി.ഇ.എച്ച് ഗ്ലോബൽ കരാറുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച 15 ചോദ്യങ്ങളും സർക്കാരിന്റെ നടപടികളിൽ സംശയമുയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ ജനങ്ങൾക്ക് അധികഭാരവും ദുരിതവും സമ്മാനിച്ച നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.