പൊതുമാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ചെക്ക് റിപ്പബ്ലിക്കിൽ വൻ പ്രതിഷേധം; പ്രാഗിൽ തെരുവിലിറങ്ങിയത് 3.5 ലക്ഷത്തിലേറെ പേർ
പൊതുസേവന മാധ്യമങ്ങളുടെ സാമ്പത്തിക സഹായരീതിയിൽ മാറ്റം വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ചെക്ക് റിപ്പബ്ലിക്കിൽ വൻ ജനകീയ പ്രതിഷേധം. തലസ്ഥാനമായ പ്രാഗിലെ ലെറ്റ്ന പ്ലെയിനിൽ ഞായറാഴ്ച നടന്ന റാലിയിൽ 3.5 ലക്ഷത്തിലേറെ പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ ഒത്തുചേരലുകളിലൊന്നായി പ്രതിഷേധം മാറി.
'മില്യൺ മൊമന്റ്സ് ഫോർ ഡെമോക്രസി' എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു റാലി. നിലവിൽ ഓരോ കുടുംബത്തിൽനിന്നും പ്രതിമാസം ഈടാക്കുന്ന 205 ചെക്ക് കൊറൂണ (ഏകദേശം 9.45 ഡോളർ) പ്രക്ഷേപണ ലൈസൻസ് ഫീസ് ഒഴിവാക്കി പകരം പൊതുമാധ്യമങ്ങളുടെ പ്രവർത്തനച്ചെലവ് സർക്കാർ ബജറ്റിൽനിന്ന് കണ്ടെത്താനാണ് ഭരണകൂടത്തിന്റെ നിർദേശം. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.
സർക്കാർ ബജറ്റിനെ നേരിട്ട് ആശ്രയിക്കുന്നതോടെ ചെക്ക് ടെലിവിഷനും ചെക്ക് റേഡിയോയും രാഷ്ട്രീയ സമ്മർദങ്ങൾക്ക് കൂടുതൽ വിധേയമാകുമെന്നും എഡിറ്റോറിയൽ സ്വാതന്ത്ര്യം ദുർബലപ്പെടുമെന്നുമാണ് വിമർശകരുടെ ആശങ്ക. പ്രധാനമന്ത്രി ആന്ദ്രെജ് ബാബിഷിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ ആരോപണങ്ങൾ തള്ളിയിട്ടുണ്ട്. പുതിയ സാമ്പത്തിക മാതൃക മാധ്യമങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങളിലോ പരിപാടികളുടെ ഉള്ളടക്കത്തിലോ ഇടപെടില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.
'മാധ്യമങ്ങളെ കൈവിടരുത്', 'മാധ്യമങ്ങളെ വിട്ടുകൊടുക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ബാനറുകളും ചെക്ക് ദേശീയ പതാകകളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ചെക്ക് ടെലിവിഷനിലെ കുട്ടികളുടെ പരിപാടിയായ 'വെചെർനിചെക്' എന്ന കാർട്ടൂൺ കഥാപാത്രവുമായി ബന്ധപ്പെട്ട ത്രികോണാകൃതിയിലുള്ള കടലാസ് തൊപ്പികളും പലരും ധരിച്ചിരുന്നു.
നവംബർ 3ന് ചെക്ക് ടെലിവിഷനിലെയും ചെക്ക് റേഡിയോയിലെയും ജീവനക്കാർ നടത്തിയ ഏകദിന പണിമുടക്കിനും രാജ്യത്തെ 21 നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് പ്രാഗിൽ വൻ റാലി സംഘടിപ്പിച്ചത്. നിർദിഷ്ട നിയമം നടപ്പായാൽ രണ്ട് പ്രക്ഷേപണ സ്ഥാപനങ്ങളുടെയും ബജറ്റിൽ ഏകദേശം 15 ശതമാനം കുറവുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. ഇത് സ്വതന്ത്ര പൊതുസേവന മാധ്യമപ്രവർത്തനത്തെ ബാധിക്കുമെന്ന് മാധ്യമപ്രവർത്തകരും ജീവനക്കാരും മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂണിയൻ, യൂറോപ്യൻ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്, റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സംഘടനകളും സർക്കാർ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹംഗറി, സ്ലൊവാക്യ, പോളണ്ട്, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ പൊതുമാധ്യമങ്ങളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ, നിയമത്തിലൂടെ പൊതുമാധ്യമങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ ഇടപെടൽ കുറയ്ക്കുകയാണ് പുതിയ സംവിധാനത്തിന്റെ ഉദ്ദേശ്യമെന്നും ബാബിഷ് പറയുന്നു. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ 17 എണ്ണത്തിലും പൊതുമാധ്യമങ്ങൾക്ക് സർക്കാർ നേരിട്ടാണ് പണം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലൈസൻസ് ഫീസ് ഒഴിവാക്കിയുള്ള 'നോർഡിക് മാതൃക'യും സർക്കാർ ഉദാഹരണമായി അവതരിപ്പിക്കുന്നുണ്ട്.
എന്നാൽ നോർഡിക് രാജ്യങ്ങളിൽ പൊതുമാധ്യമങ്ങൾക്ക് പണം നൽകുന്ന രീതികൾ വ്യത്യസ്തമാണ്. ഫിൻലൻഡും സ്വീഡനും ലൈസൻസ് ഫീസിന് പകരം പൊതുമാധ്യമങ്ങൾക്കായി നീക്കിവച്ച നിർബന്ധിത നികുതി ഏർപ്പെടുത്തിയപ്പോൾ ഡെൻമാർക്കും നോർവേയും പൊതുനികുതി വരുമാനത്തിലൂടെയാണ് മാധ്യമങ്ങൾക്ക് പണം നൽകുന്നത്.
നിർദിഷ്ട ബിൽ പാർലമെന്റിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി തുടർചർച്ചകൾക്കായി കാത്തിരിക്കുകയാണ്. നിയമം പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്ര പൊതുമാധ്യമങ്ങൾ അനിവാര്യമാണെന്നും പ്രക്ഷേപണ സ്ഥാപനങ്ങളുടെ സാമ്പത്തിക നിയന്ത്രണം സർക്കാരിന്റെ കൈകളിലേക്ക് മാറ്റുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പ്രതിഷേധം തുടരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.