തിരുവനന്തപുരത്ത് അഹമ്മദാബാദ് മാതൃക വേണ്ട; വി. ശിവൻകുട്ടി
അഹമ്മദാബാദ് നഗര മാതൃക തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ജനസംഖ്യ, സംസ്കാരം, ജീവിതശൈലി, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയിൽ ഇരു നഗരങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നും അഹമ്മദാബാദ് മാതൃക തിരുവനന്തപുരത്ത് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസന-സാംസ്കാരിക സൂചികകളിൽ കേരളവും തിരുവനന്തപുരവും ഗുജറാത്തിനേക്കാൾ മുന്നിലാണെന്നും വികസനത്തിന് അഹമ്മദാബാദിനെ മാതൃകയാക്കേണ്ട സാഹചര്യമില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പ്രായോഗികമല്ലാത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തി ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരവാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.