കർഷക സ്ത്രീകൾക്ക് ഭൂമിയിലും വിഭവങ്ങളിലും തുല്യാവകാശം; 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നും കിസാൻ സഭ
കർഷക സ്ത്രീകൾക്ക് തുല്യ ഭൂമിയവകാശം, സാമ്പത്തിക സ്വാതന്ത്ര്യം, രാഷ്ട്രീയ പ്രാതിനിധ്യം, കാർഷിക വിഭവങ്ങളിൽ തുല്യപങ്കാളിത്തം എന്നിവ ഉറപ്പാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാമത് ദേശീയ സമ്മേളന പ്രമേയം. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കാർഷിക പ്രവർത്തനങ്ങളിൽ 75 ശതമാനത്തിലധികം സംഭാവന നൽകുന്നത് സ്ത്രീകളാണെങ്കിലും ഭൂവുടമകളിൽ 14 ശതമാനം മാത്രമാണ് സ്ത്രീകളെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പുരുഷന്മാർ നഗരങ്ങളിലേക്കും കാർഷികേതര തൊഴിലുകളിലേക്കും കുടിയേറുന്നതോടെ കൃഷി വലിയ തോതിൽ സ്ത്രീകളുടെ അധ്വാനത്തെ ആശ്രയിക്കുന്നു. എന്നിട്ടും കർഷകരെന്ന നിലയിൽ അംഗീകാരം ലഭിക്കാതെ കർഷക കുടുംബങ്ങളിലെ സഹായികളായാണ് സ്ത്രീകൾ പരിഗണിക്കപ്പെടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശവും ഔദ്യോഗിക അംഗീകാരവും ഇല്ലാത്തത് ബാങ്ക് വായ്പ, മിനിമം താങ്ങുവില, വിള ഇൻഷുറൻസ്, സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സമാകുന്നുവെന്നും പ്രമേയം വ്യക്തമാക്കി.
അസമമായ വേതനം, തൊഴിൽ സുരക്ഷയില്ലായ്മ, പ്രതിഫലമില്ലാത്ത വീട്ടുജോലിയുടെയും പരിചരണത്തിന്റെയും അധികഭാരം എന്നിവയും സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളായി പ്രമേയം ചൂണ്ടിക്കാട്ടി. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കുകൾ പ്രകാരം ഇന്ത്യൻ സ്ത്രീകൾ പ്രതിദിനം ശരാശരി ആറു മണിക്കൂർ പ്രതിഫലമില്ലാത്ത വീട്ടുജോലികൾക്കും പരിചരണത്തിനുമായി ചെലവഴിക്കുന്നു. സ്ത്രീകളുടെ പ്രതിഫലമില്ലാത്ത അധ്വാനത്തിന്റെ വാർഷിക മൂല്യം ഏകദേശം 22 ലക്ഷം കോടി രൂപയാണെന്നും ഇത് രാജ്യത്തിന്റെ ജിഡിപിയുടെ ഏഴ് ശതമാനത്തോളം വരുമെന്നും റിസർവ് ബാങ്ക് കണക്കുകൾ ഉദ്ധരിച്ച് പ്രമേയം വ്യക്തമാക്കി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദാക്കി വിബി-ജി റാം ജി നിയമം കൊണ്ടുവന്ന നടപടിയെയും സമ്മേളനം വിമർശിച്ചു. ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രധാന വരുമാനമാർഗമായിരുന്ന തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തുന്നത് സ്ത്രീകളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ സമ്മേളനം കടുത്ത ആശങ്ക രേഖപ്പെടുത്തി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2024ലെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏകദേശം അഞ്ചു ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 30,000ത്തോളം ബലാത്സംഗക്കേസുകളും ഉൾപ്പെടുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമൂഹികവുമായ നിയന്ത്രണത്തിനുള്ള ആയുധമായി ഭരണകൂടം ഉപയോഗിക്കുകയാണെന്നും പ്രമേയം ആരോപിച്ചു. ഉന്നാവോ, ബിൽക്കീസ് ബാനോ കേസുകളും വനിതാ ഗുസ്തിതാരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികളും പരാമർശിച്ച സമ്മേളനം, രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ സംരക്ഷിക്കാനും അതിജീവിതരെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന നടപടികളെ അപലപിച്ചു.
ദേശീയ കുടുംബാരോഗ്യ സർവേയുടെ 2026ലെ കണക്കുകൾ പ്രകാരം അഞ്ചിൽ ഒരു സ്ത്രീ ഭർത്താവിൽനിന്ന് ശാരീരികമോ ലൈംഗികമോ ആയ അതിക്രമം നേരിട്ടിട്ടുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഗാർഹിക പീഡനം കുടുംബത്തിനുള്ളിലെ സ്വകാര്യ പ്രശ്നമല്ലെന്നും സ്ത്രീകളുടെ അവകാശലംഘനവും ക്രിമിനൽ കുറ്റവുമാണെന്നും സമ്മേളനം വ്യക്തമാക്കി.
നിലവിലെ ലോക്സഭയിൽ 75 വനിതാ അംഗങ്ങൾ മാത്രമാണുള്ളതെന്നും ഇത് ആകെ അംഗങ്ങളുടെ 14 ശതമാനത്തിൽ താഴെയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സംസ്ഥാന നിയമസഭകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ശരാശരി പത്ത് ശതമാനത്തിൽ താഴെയാണ്. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നത് സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും സമ്മേളനം വിമർശിച്ചു. ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ, 2026 പ്രതിപക്ഷത്തിന്റെ ഐക്യനിലപാടിനെ തുടർന്ന് പരാജയപ്പെട്ടതും പ്രമേയം പരാമർശിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള ആറ് ആവശ്യങ്ങൾ
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളെയും ഭൂവുടമസ്ഥത പരിഗണിക്കാതെ കർഷകരായി അംഗീകരിക്കുകയും ഭൂമി, താങ്ങുവില, വായ്പ, വിള ഇൻഷുറൻസ്, സബ്സിഡി തുടങ്ങിയവയിൽ തുല്യാവകാശം ഉറപ്പാക്കുകയും ചെയ്യുക; അവകാശാധിഷ്ഠിത തൊഴിലുറപ്പ് പദ്ധതികൾ പുനഃസ്ഥാപിച്ച് ശക്തിപ്പെടുത്തുക; പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുക; ശിശു-വൃദ്ധ പരിചരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതുസേവനങ്ങളിൽ നിക്ഷേപം വർധിപ്പിച്ച് സ്ത്രീകളുടെ പ്രതിഫലമില്ലാത്ത ജോലിഭാരം കുറയ്ക്കുക; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയും കുറ്റക്കാർക്കെതിരെ വേഗത്തിൽ നടപടിയെടുക്കുകയും ചെയ്യുക; 2008ൽ ഒന്നാം യുപിഎ സർക്കാർ അവതരിപ്പിച്ച ദേശീയ കാർഷിക വനിതാ നയത്തിന്റെ കരട് നടപ്പാക്കുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ആവശ്യങ്ങൾ.
സാമൂഹിക നീതി, സാമ്പത്തിക സമത്വം, ജനാധിപത്യ അവകാശങ്ങൾ എന്നിവയ്ക്കായുള്ള പോരാട്ടത്തിൽനിന്ന് സ്ത്രീകളുടെ സമത്വത്തിനും വിമോചനത്തിനുമായുള്ള പോരാട്ടത്തെ വേർതിരിക്കാനാകില്ലെന്നും പ്രമേയം വ്യക്തമാക്കി. എസ്.കെ. പ്രീജ അവതരിപ്പിച്ച പ്രമേയത്തെ ബാദൽ സരോജ് പിന്തുണച്ചു.