Skip to main content
വാർത്തകൾ

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞതിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം

bhadra

ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ നടപടിയിൽ പ്രതിഷേധവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കേസിൽ നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെയും കുടുംബം എതിർത്തു.

കേസിൽനിന്ന് രക്ഷപ്പെടാൻ ജഡ്ജി ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് വിഷയം ഹൈക്കോടതിയിലെത്തിയതെന്നും കുടുംബം ആരോപിച്ചു. ഗസറ്റഡ് റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനായതിനാലാണ് ജഡ്ജി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽനിന്ന് ഊരിപ്പോരാൻ ജഡ്ജി എല്ലാ തന്ത്രങ്ങളും പയറ്റുകയാണെന്നും തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും ജയബാലകൃഷ്ണന്റെ ബന്ധു ആരോപിച്ചു.

അതേസമയം, ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും കോടതി അന്വേഷണസംഘത്തോട് ആരാഞ്ഞു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികളും അന്വേഷണത്തിന്റെ പുരോഗതിയും കേസിൽ നിർണായകമാകും.