കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു: എം.വി. ഗോവിന്ദൻ
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. പിണറായി വിജയനെ വേട്ടയാടുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കള്ളക്കേസ് എടുത്തെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ നേരിട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഇ.ഡി. കേസെടുത്തത് തെളിവുകളില്ലാതെയാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ ഏജൻസി നടപടികളിലേക്ക് കടന്നതെന്നും പിണറായി വിജയന്റെ വീട് ഉൾപ്പെടെ റെയ്ഡ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഒരു തെളിവുമില്ലാത്ത കേസാണിതെന്നും കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗത്തെ വർഗീയതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ചാതുർവർണ്യത്തെയും സനാതന ധർമത്തെയും മനുസ്മൃതിയെയും അനുകൂലിക്കുന്ന ബിജെപിക്കൊപ്പം ബിഡിജെഎസ് പ്രവർത്തിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരു ഒരിക്കലും ചാതുർവർണ്യത്തെ അംഗീകരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ മാസ്റ്റർ, എസ്എൻഡിപിയെ ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കി.