ഗ്യാനേഷ് കുമാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പിണറായി വിജയൻ
രാജ്യത്തിന്റെ ജനാധിപത്യം തകർക്കാനുള്ള നീക്കങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുകയാണെന്ന് ആരോപിച്ച് സിപിഐഎം നേതാവ് പിണറായി വിജയൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനമുന്നയിച്ച അദ്ദേഹം, ഗ്യാനേഷ് കുമാർ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുകയാണെന്നും പിണറായി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്നുമാണ് പിണറായിയുടെ ആരോപണം.
ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് ഇടതുപക്ഷം കരുത്തുപകർന്നുവെന്നും നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷം വഹിച്ച പങ്ക് രാജ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങൾക്ക് ആവേശം പകർന്നത് വിദ്യാർഥി-യുവജന സംഘടനകളാണെന്നും പിണറായി കൂട്ടിച്ചേർത്തു. സമരത്തിനിടെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മർദനമേൽക്കേണ്ടിവന്നതായും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് പ്രതിഷേധങ്ങൾ നടക്കുന്നതെന്നും അതിനായി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും പിണറായി പറഞ്ഞു.
അതേസമയം, കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടികളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി മുന്നോട്ടുപോകും. ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തെ പൂർണമായി തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു.