Skip to main content
വാർത്തകൾ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; ലോഡ്ഷെഡിങ് ഭീഷണി ഒഴിയുന്നില്ല

loadshedding

സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. അടുത്ത മാസം പീക്ക് അവറുകളിൽ 738 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നതിനിടെ, അധിക വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങളും അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.

യൂണിറ്റിന് 14.50 രൂപയാണ് ഹിമാചൽ പ്രദേശ് ആവശ്യപ്പെടുന്നത്. ഈ ഉയർന്ന നിരക്ക് അംഗീകരിക്കാൻ മടിക്കുന്ന കെഎസ്ഇബി, വില 12.50 രൂപയായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിൽ ചർച്ച നടത്തിയിട്ടും അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഇതോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വൈകുകയാണ്.

ടെൻഡറുകൾ വിളിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും അനുകൂലമായി പ്രതികരിക്കാൻ കരാറുകാർ തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മെയ് മാസം വരെ 864 മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, സർക്കാർ അനുമതി ലഭിക്കാത്തതിനാൽ തുടർനടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്.

സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ വൈദ്യുതി വാങ്ങുന്നതിനായി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകാൻ കെഎസ്ഇബിക്ക് കഴിയൂ. വൈദ്യുതിക്കമ്മി മുന്നിൽ നിൽക്കുകയും അധിക വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമാകാതിരിക്കുകയും ചെയ്യുന്നതോടെ, വരും മാസങ്ങളിൽ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കാനാകുമോ എന്ന ആശങ്ക ശക്തമാകുന്നു.