ചേറാനല്ലൂർ അപകടം: പോലീസിന് ഗുരുതര വീഴ്ചയെന്ന് പി. രാജീവ്; ഇരട്ടനീതിയെന്ന് വിമർശനം
ചേറാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് മുൻമന്ത്രി പി. രാജീവ്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാർക്ക് ഒരു നീതിയും പണവും സ്വാധീനവുമുള്ളവർക്ക് മറ്റൊരു നീതിയും എന്ന നിലയിലേക്ക് പോലീസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നെടുമ്പാശ്ശേരി അപകടത്തിലും സമാനമായ വീഴ്ചയാണ് ഉണ്ടായതെന്ന് പി. രാജീവ് ആരോപിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചതിൽ കുടുംബത്തിന് വലിയ ആശങ്കയുണ്ട്. ജാമ്യം തടയുന്നതിനായി പോലീസ് കോടതിയിൽ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, ഡിവൈഎഫ്ഐ ഭാരവാഹികൾ തുടങ്ങിയവരും കുടുംബത്തെ സന്ദർശിച്ചിരുന്നു.
പിണറായിക്കെതിരായ ഇ.ഡി അന്വേഷണം രാഷ്ട്രീയ വേട്ടയെന്ന് പി. രാജീവ്
മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം രാഷ്ട്രീയ വേട്ടയാണെന്നും ഇതിന്റെ ഭാഗമായി എടുത്ത ഇ.സി.ഐ.ആറിന് നിയമപരമായ നിലനിൽപ്പില്ലെന്നും പി. രാജീവ് ആരോപിച്ചു.
സിംഗിൾ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിൽ എഫ്.ഐ.ആറിന് നിയമപരമായ നിലനിൽപ്പില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എഫ്.ഐ.ആർ ഇല്ലാതെ ഇ.സി.ഐ.ആറിന് നിലനിൽക്കാനാകില്ലെന്നും ഇ.ഡിയുടെ നീക്കം ദുരുദ്ദേശപരമാണെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം തന്റെ വാദത്തിന് തെളിവാണെന്നും പി. രാജീവ് പറഞ്ഞു.