Skip to main content
വാർത്തകൾ

മഹാരാഷ്ട്രയിൽ കർഷകരുടെ വാഹന ലോങ് മാർച്ച്; 12,000ത്തിലധികം പേർ മുംബൈയിലേക്ക്

farmwrs long march

മഹാരാഷ്ട്രയിലെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഗ്രാമീണ തൊഴിലാളികളുടെയും പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അഖിലേന്ത്യാ കിസാൻ സഭയുടെ (എഐകെഎസ്) നേതൃത്വത്തിൽ വാഹന ലോങ് മാർച്ച് ആരംഭിച്ചു. ഒക്ടോബർ 26 തിങ്കളാഴ്ച അഹില്യാനഗർ ജില്ലയിലെ അകോലെയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. 20ലധികം ജില്ലകളിൽ നിന്നായി 1,000ത്തിലധികം വാഹനങ്ങളിലായി 12,000ത്തിലധികം കർഷകരാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.

200 കിലോമീറ്ററിലധികം ദൂരം പിന്നിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവിലെത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം. വാഹനങ്ങളിൽ പാറുന്ന കിസാൻ സഭയുടെ ചുവപ്പുപതാകകളും ആവശ്യങ്ങൾ രേഖപ്പെടുത്തിയ ബാനറുകളും സമരത്തിന്റെ ഭാഗമായി. മാർച്ചിന് മുന്നോടിയായി അകോലെ നഗരത്തിൽ നൂറുകണക്കിന് ചുവപ്പുപതാകകളുമായി കാൽനട റാലിയും സംഘടിപ്പിച്ചു. എഐകെഎസ് ദേശീയ പ്രസിഡന്റ് ഡോ. അശോക് ധവാലെ, ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ, ദേശീയ ജോയിന്റ് സെക്രട്ടറി ഡോ. അജിത് നവാലെ, സിപിഐഎം എംഎൽഎ വിനോദ് നിക്കോളെ തുടങ്ങിയവർ നേതൃത്വം നൽകി. നാസിക് ജില്ലയിൽ നിന്നുള്ള വാഹനവ്യൂഹവും ഘോട്ടിയിൽ പ്രധാന മാർച്ചിനൊപ്പം ചേർന്നു.

വരൾച്ചാ ദുരിതത്തിന് മതിയായ നഷ്ടപരിഹാരം വേണം

മഹാരാഷ്ട്രയിലെ 358 താലൂക്കുകളിൽ 305 എണ്ണവും വരൾച്ചാബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കർഷക കുടുംബത്തിന് 5,000 രൂപ വീതം സഹായം നൽകുമെന്ന സർക്കാർ പ്രഖ്യാപനം അപര്യാപ്തമാണെന്ന് കിസാൻ സഭ ആരോപിച്ചു. വിളനാശത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, വിള ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക, അർഹരായ കർഷകർക്ക് സഹായം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

വായ്പകൾ കൃത്യമായി തിരിച്ചടച്ച കർഷകർക്കും രണ്ട് ലക്ഷം രൂപയുടെ വായ്പാ ഇളവ് അനുവദിക്കണമെന്നും നമോ ഷേത്കരി മഹാ സമ്മാൻ നിധിയുടെ കുടിശ്ശികയായ രണ്ട് ഗഡുക്കൾ ഉടൻ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വനഭൂമി, ക്ഷേത്ര ട്രസ്റ്റ് ഭൂമി, ഇൻആം ഭൂമി, മേച്ചിൽപ്പുറങ്ങൾ എന്നിവ കൃഷി ചെയ്യുന്നവർക്ക് അവയുടെ ഉടമസ്ഥാവകാശം നൽകണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.

പൊലീസ് നോട്ടീസുകൾ അവഗണിച്ച് സമരം

ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 21 മുതൽ 26 വരെ അകോലെയിൽ അനിശ്ചിതകാല സത്യഗ്രഹവും സംഘടിപ്പിച്ചിരുന്നു. എന്നാൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം സമരക്കാർക്ക് പൊലീസ് നോട്ടീസ് നൽകി മാർച്ച് തടയാനാണ് സർക്കാർ ശ്രമിച്ചതെന്ന് കിസാൻ സഭ ആരോപിച്ചു. ജനകീയ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ജനാധിപത്യ അവകാശമാണെന്നും നോട്ടീസുകളിലൂടെയോ സമ്മർദങ്ങളിലൂടെയോ ജനങ്ങളുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

മാർച്ച് ഇഗത്പുരിക്ക് സമീപമുള്ള ഘാടൻ ദേവിയിൽ തങ്ങുകയും തുടർന്ന് കാസറ ഘട്ട് വഴി മുംബൈയിലേക്ക് നീങ്ങുകയും ചെയ്യും. കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലാളികൾ, സ്ത്രീകൾ എന്നിവരുടെ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്തണമെന്നും ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനമെടുത്ത് രേഖാമൂലം ഉറപ്പുനൽകണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി.