Skip to main content
വാർത്തകൾ

കിഫ്ബി റിപ്പോർട്ടിനെതിരെ പിണറായി വിജയൻ; ‘കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖ’

pinarayi assembly

കിഫ്ബിയെ തകർക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആരോപിച്ച് നിയമസഭയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണെന്നും കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന് സമാനമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയെ സാങ്കേതികമായി ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിച്ച സ്ഥാപനമാണ് കിഫ്ബി. അതിനെ തകർക്കുന്നതിലൂടെ ജനകീയ വികസന മാതൃക ഇല്ലാതാക്കാനും കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വഴങ്ങാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയെ ലാഭം മാത്രം ലക്ഷ്യമിടുന്ന വാണിജ്യ വായ്പാ സ്ഥാപനമായി കണ്ടാണ് സുധാ പിള്ള കമ്മിറ്റി വിലയിരുത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. സമൂഹത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപങ്ങളെ ലാഭത്തിന്റെ കണ്ണിലൂടെ കാണാനാകില്ല. വായ്പയെടുത്ത് നാടിന് ആവശ്യമായ ആസ്തികൾ സൃഷ്ടിക്കുന്നത് എങ്ങനെയാണ് ബാധ്യതയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാരിന്റെ നയങ്ങളെ റിപ്പോർട്ട് വിമർശിച്ചിട്ടില്ലെന്നും അവയ്ക്ക് കീഴടങ്ങുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ പൊതുവായ്പയിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ ആരംഭിച്ച പദ്ധതിയാണെന്ന കാരണത്താൽ അതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽനിന്ന് പിന്മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിമർശനങ്ങളെയും പിണറായി വിജയൻ ചോദ്യം ചെയ്തു. ഭൂമി ഏറ്റെടുക്കുന്നത് റവന്യൂ വകുപ്പാണെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയെ കമ്പോളവിലയുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വസ്തുതാപരമല്ലെന്നും അവിടെ കല്ലുവെട്ട് നടക്കുന്ന സ്ഥലങ്ങൾ ക്വാറികളാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ വിമാനത്താവളത്തിനടുത്ത് കൂടുതൽ ഭൂമി ലഭ്യമാണെന്നത് വിമാനത്താവളത്തിന്റെ പ്രത്യേകതയാണെന്ന് പിണറായി വിജയൻ പറഞ്ഞു. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾക്ക് സമീപം ഭൂമി ലഭ്യമാക്കുന്നതിൽ പരിമിതികളുണ്ടെന്നും അതിനാലാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 2001 മുതൽ 2006 വരെ യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് കണ്ണൂർ വിമാനത്താവളത്തിനായി കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കിഫ്ബി വഴി ഏറ്റെടുത്ത ഭൂമി ഇനിയും ഉപയോഗിക്കാൻ കഴിയുമെന്നും പദ്ധതികൾ എല്ലാ ജില്ലകളിലും മണ്ഡലങ്ങളിലും നടപ്പാക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കിഫ്ബിക്ക് വരുമാനം ലഭിക്കുന്ന പദ്ധതികളില്ലെന്ന പ്രചാരണം തെറ്റാണെന്നും 23 വരുമാനദായക പദ്ധതികളിൽനിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 4,153 കോടി രൂപ വരുമാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളെ ലാഭം മാത്രം അടിസ്ഥാനമാക്കി വിലയിരുത്താനാകില്ലെന്നും കൂട്ടിച്ചേർത്തു.

കിഫ്ബി വിഷയത്തിൽ ചർച്ച അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ജനകീയ വികസന മാതൃക സംരക്ഷിക്കപ്പെടണമെന്നും സ്വകാര്യവൽക്കരണ നയങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.