Skip to main content
വാർത്തകൾ

അഭിജിത് ദീപ്കെയെ പാർട്ടിയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ; ബിജെപിയിലും എൻഡിഎയിലും അതൃപ്തി

ramdas

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. സിജെപിക്കെതിരെ ബിജെപിയും എൻഡിഎ സഖ്യവും ശക്തമായ പ്രചാരണം നടത്തുന്നതിനിടെ സഖ്യകക്ഷി നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം ബിജെപിയിലും എൻഡിഎയിലും അസ്വസ്ഥത സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അത്താവലെ അഭിജിത് ദീപ്കെയെ പാർട്ടിയിലേക്ക് ക്ഷണിച്ച കാര്യം വ്യക്തമാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരാൻ ദീപ്കെ സന്നദ്ധത അറിയിച്ചാൽ സ്വാഗതം ചെയ്യുമെന്നും എന്നാൽ ഇതുവരെ അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും അത്താവലെ പറഞ്ഞു.

അതേസമയം, അത്താവലെയുടെ ക്ഷണത്തിനെതിരെ രൂക്ഷവിമർശനവുമായി അഭിജിത് ദീപ്കെ രംഗത്തെത്തി. ഒരു മാസം മുമ്പുവരെ തന്നെ ‘ദേശദ്രോഹി’ എന്ന് മുദ്രകുത്തിയ വ്യക്തി ഇപ്പോൾ എങ്ങനെയാണ് തനിക്ക് പ്രിയപ്പെട്ടവനായതെന്ന് ദീപ്കെ ചോദിച്ചു.

ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താൻ യുവാക്കളുടെയും ജെൻ സീ തലമുറയുടെയും പങ്കാളിത്തം ആവശ്യമാണെന്നാണ് അത്താവലെയുടെ നിലപാട്. അംബേദ്കർ അനുകൂലിയും ഊർജസ്വലനായ ജനകീയ നേതാവുമാണ് ദീപ്കെയെന്നും അദ്ദേഹം പാർട്ടിയിൽ ചേരുന്നത് ആർപിഐക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

സിജെപിക്കെതിരെ ബിജെപിയും എൻഡിഎയും രാഷ്ട്രീയ പ്രചാരണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ അത്താവലെയുടെ ക്ഷണം ശ്രദ്ധേയമായിരിക്കുകയാണ്. സഖ്യകക്ഷി നേതാവിന്റെ നീക്കം ബിജെപിയുടെയും എൻഡിഎയുടെയും രാഷ്ട്രീയ നിലപാടുകളുമായി എങ്ങനെ ഒത്തുപോകുമെന്ന ചർച്ചയും ഇതോടെ സജീവമായി.