പലസ്തീൻ ജനതയ്ക്ക് പിന്തുണ ആവർത്തിച്ച് ഇടതുപക്ഷ പാർട്ടികൾ; അംബാസഡർ ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വയംനിർണയാവകാശത്തിനുമുള്ള പോരാട്ടത്തിന് പിന്തുണ ആവർത്തിച്ച് സിപിഎമ്മും സിപിഐ (എംഎൽ) ലിബറേഷനും. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബുഷാവേഷ് ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ഇരു പാർട്ടികളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
സിപിഎം ആസ്ഥാനമായ ഹർകിഷൻ സിങ് സുർജിത് ഭവനിലെത്തിയ അംബാസഡർ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗവും അന്താരാഷ്ട്ര വിഭാഗം മേധാവിയുമായ എ. അരുണ് കുമാർ എന്നിവരുമായി ചർച്ച നടത്തി. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യം, അന്തസ്സ്, രാഷ്ട്രപദവി എന്നിവയ്ക്കായുള്ള പോരാട്ടത്തിന് സിപിഎമ്മിന്റെ പിന്തുണ എം.എ. ബേബി ആവർത്തിച്ചു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇന്ത്യ-പലസ്തീൻ ഐക്യദാർഢ്യം ശക്തിപ്പെടുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പലസ്തീന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യയിലെ പുരോഗമന ജനവിഭാഗങ്ങളോട് അംബാസഡർ നന്ദി അറിയിച്ചു.
പിന്നീട് സിപിഐ (എംഎൽ) ലിബറേഷന്റെ പാർലമെന്ററി ഓഫീസിലെത്തിയ അംബാസഡർ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, എഐസിസിടിയു ജനറൽ സെക്രട്ടറി രാജീവ് ദിമ്രി, എഐഎസ്എ ജനറൽ സെക്രട്ടറി പ്രസ്ഞ്ജീത് കുമാർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. നീതിക്കും സ്വയംനിർണയാവകാശത്തിനും വേണ്ടിയുള്ള പലസ്തീൻ ജനതയുടെ പോരാട്ടത്തിന് പാർട്ടിയുടെ പിന്തുണ ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കി. ആഗോള ഇടതുപക്ഷ രാഷ്ട്രീയത്തിൽ പലസ്തീൻ ദേശീയ വിമോചന പോരാട്ടത്തിനുള്ള പ്രാധാന്യവും സയണിസവും ഹിന്ദുത്വവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ സമാനതകളും ചർച്ചയായി. പലസ്തീൻ ജനത പോരാട്ടത്തിൽനിന്ന് പിന്മാറില്ലെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.
ഒക്ടോബർ 22ന് സിപിഐ ആസ്ഥാനമായ അജോയ് ഭവനിലും അംബാസഡർ സന്ദർശനം നടത്തിയിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ദേശീയ സെക്രട്ടറി ഭാലചന്ദ്ര കാംഗോ, അന്താരാഷ്ട്ര വിഭാഗം മേധാവിയും ദേശീയ സെക്രട്ടറിയുമായ രാമകൃഷ്ണ പാണ്ഡ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പലസ്തീനിലെയും പശ്ചിമേഷ്യയിലെയും നിലവിലെ സാഹചര്യങ്ങളും ഇന്ത്യയിൽ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടികളും ചർച്ചയായി.
അതേസമയം, 2025 ഒക്ടോബറിലെ വെടിനിർത്തൽ കരാറിനുശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ 24 മണിക്കൂർ കണക്കനുസരിച്ച്, ഇസ്രയേൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിനുശേഷം കുറഞ്ഞത് 1,568 പേർ കൊല്ലപ്പെടുകയും 5,649 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. യുദ്ധം ആരംഭിച്ചതുമുതലുള്ള ആകെ മരണസംഖ്യ 74,564 ആയി ഉയർന്നതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.