വാർത്തകൾ
ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്. പരാമർശങ്ങൾ പിൻവലിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിനെതിരെ പോസ്റ്റിട്ടത്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന ആരോപണവും അദ്ദേഹം ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള പരാമർശങ്ങളും പോസ്റ്റിലുണ്ടായിരുന്നു.
ഇവയിലൂടെ വ്യക്തിഹത്യയും അപകീർത്തിയും നടത്തിയെന്നാണ് ഉദയഭാനുവിന്റെ നിലപാട്. സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം ലഭ്യമായിട്ടില്ല.