Skip to main content
വാർത്തകൾ

'നോ ക്യാപ്' വിധി സർക്കാരിന്റെ അപ്രഖ്യാപിത സെൻസർഷിപ്പിനേറ്റ തിരിച്ചടി; വി.ഡി. സതീശനെതിരെ പിണറായി വിജയൻ

pinarayi vijayan

വിമർശനങ്ങളെയും ജനകീയ സമരങ്ങളെയും അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്നത് യു.ഡി.എഫ് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘നോ ക്യാപ്’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അനുകൂലമായി ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി സർക്കാരിന്റെ അപ്രഖ്യാപിത സെൻസർഷിപ്പിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പിണറായി ആരോപിച്ചു.

തനിക്കെതിരായ വിമർശനങ്ങൾ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യിക്കാൻ താനത്ര വലിയ ആളാണോ എന്ന് ചോദിച്ച് പരിഹസിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിലെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും പിണറായി വിമർശിച്ചു. മാധ്യമപ്രവർത്തകർക്ക് വേണ്ടി മെറ്റയ്ക്ക് കത്തെഴുതാമെന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി, മറുഭാഗത്ത് പൊലീസിനെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് സർക്കാരിനെ വിമർശിക്കുന്ന പേജുകൾ പൂട്ടിക്കാൻ രഹസ്യ നിർദേശം നൽകിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) എന്ന കർഷക കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് പൂർണമായി ബ്ലോക്ക് ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടത് സർക്കാരാണെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായതായും പിണറായി പറഞ്ഞു. ഭരണപരാജയങ്ങൾ മറച്ചുവെക്കാൻ വിമർശകരുടെ ശബ്ദം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.