കെ.സി.എച്ച്.ആർ ചെയർപേഴ്സൺ നിയമനം: യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ; കാവിവൽക്കരണ അജണ്ടയെന്ന് ആരോപണം
കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ (കെ.സി.എച്ച്.ആർ) ചെയർമാൻ നിയമനത്തിൽ യുഡിഎഫ് സർക്കാർ നടത്തിയ ഇടപെടൽ അപലപനീയമാണെന്ന് സിപിഐഎം നേതാവ് പിണറായി വിജയൻ. 2015ൽ എൻഡിഎ സർക്കാർ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ഐ.സി.എച്ച്.ആർ) തലപ്പത്ത് ആർഎസ്എസ് ബന്ധമുള്ളവരെ നിയമിച്ചതിന് സമാനമായ നീക്കമാണ് കേരളത്തിലും നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.
പ്രഗത്ഭരായ ചരിത്രകാരന്മാരായ പ്രൊഫ. കെ.എൻ. പണിക്കർ, പ്രൊഫ. മൈക്കിള് തരകൻ, പ്രൊഫ. കെ.എൻ. ഗണേഷ് എന്നിവർ നേതൃത്വം നൽകിയ മതനിരപേക്ഷ ചരിത്രരചനയുടെ പാരമ്പര്യമുള്ള സ്ഥാപനത്തിൽ യോഗ്യതയില്ലാത്ത വ്യക്തിയെയാണ് ചെയർമാനായി നിയമിച്ചതെന്ന് പിണറായി പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം പ്രൊഫസറായ വിനോദ്കുമാർ കല്ലോലിക്കലിനെയാണ് കെ.സി.എച്ച്.ആർ ചെയർമാനായി നിയമിച്ചിരിക്കുന്നത്.
സെർച്ച് കമ്മിറ്റി നിർദേശിച്ച പേരുകൾ ഏകപക്ഷീയമായി ഒഴിവാക്കി, കമ്മിറ്റി പരിഗണിക്കാത്ത അധ്യാപകനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഇടപെട്ട് നിയമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ നിയോഗിച്ച സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയുള്ള ഈ നടപടി കൗൺസിലിനെ കാവിവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നും പിണറായി വിമർശിച്ചു.
നിയമനത്തിൽ പ്രതിഷേധിച്ച് സെർച്ച് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. സനൽ മോഹനും ഡോ. വി.ജെ. വർഗീസും സർക്കാരിന് വിയോജനക്കുറിപ്പ് നൽകിയിട്ടുണ്ട്. പ്രമുഖ ചരിത്രകാരികളായ പ്രൊഫ. ജാനകി നായർ, പ്രൊഫ. ലക്ഷ്മി സുബ്രഹ്മണ്യൻ, പ്രൊഫ. മനു വി. ദേവദേവൻ എന്നിവർ കെ.സി.എച്ച്.ആർ നിർവാഹക സമിതിയിൽനിന്ന് രാജിവെച്ചതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോഴെല്ലാം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിനെ കാവിവൽക്കരിക്കാൻ ആർഎസ്എസ് ശ്രമിച്ചിട്ടുണ്ടെന്നും സമാനമായ അജണ്ടയാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും പിണറായി ആരോപിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാരിനെതിരെ പ്രവർത്തിച്ച അതേ ഉദ്യോഗസ്ഥനാണ് ഇപ്പോൾ കെ.സി.എച്ച്.ആറിലും ഇടപെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വ്യക്തിപരമായ താൽപ്പര്യങ്ങളാണ് നിയമനത്തിന് പിന്നിലെന്ന തരത്തിലുള്ള വാർത്തകളും ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.
യോഗ്യതയില്ലാത്ത വ്യക്തിയെ ചരിത്ര ഗവേഷണ കൗൺസിലിന്റെ തലപ്പത്ത് നിയമിച്ച തീരുമാനം സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗ്യതയില്ലാത്തവരെ വൈസ് ചാൻസലർമാരായും സ്ഥാപന മേധാവികളായും നിയമിക്കുന്നവർ കേരള പി.എസ്.സിയെ അധിക്ഷേപിക്കാൻ രംഗത്തിറങ്ങുന്നത് ഇരട്ടത്താപ്പാണെന്നും വിമർശിച്ചു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെയും ചരിത്രഗവേഷണ സ്ഥാപനങ്ങളെയും മതനിരപേക്ഷ വിരുദ്ധ ശക്തികൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും പിണറായി വിജയൻ കുറിപ്പിൽ ആവശ്യപ്പെട്ടു.