ബിസ്മില്ലാ ഖാന്റെ ചരിത്രവസതിയുടെ ഭാഗം പൊളിച്ചു; വാരണാസിയിൽ രാഷ്ട്രീയ വിവാദം
ഭാരതരത്‌ന ജേതാവും വിഖ്യാത സനായ് വിദ്വാനുമായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ചരിത്രപരമായ വസതിയുടെ ഒരു ഭാഗം പൊളിച്ചുനീക്കിയതിനെച്ചൊല്ലി വാരണാസിയിൽ രാഷ്ട്രീയ വിവാദം. നവംബർ ഏഴിനാണ് വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയ വിവരം പുറത്തുവന്നത്. സംഭവത്തിൽ ബിജെപിയെയും സഖ്യകക്ഷികളെയും വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. രാജ്യത്തിന്റെ കൂട്ടായ സാംസ്കാരിക പൈതൃകത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഭാരതരത്‌ന ജേതാവിന്റെ സ്മരണകളെ അപമാനിക്കുന്ന നടപടിയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
എന്നാൽ അഖിലേഷ് യാദവിന്റെ ആരോപണങ്ങൾ ബിസ്മില്ലാ ഖാന്റെ കുടുംബവും വാരണാസി മുനിസിപ്പൽ കോർപ്പറേഷനും തള്ളി. വീട് പൊളിച്ചതിൽ സർക്കാരിനോ മുനിസിപ്പാലിറ്റിക്കോ പങ്കില്ലെന്നും രാഷ്ട്രീയ ഇടപെടലുകളൊന്നുമില്ലെന്നും കുടുംബം വ്യക്തമാക്കി. വീടിന്റെ ഒരു ഭാഗം ജീർണിച്ച് അപകടാവസ്ഥയിലായതിനാൽ നേരത്തെ നോട്ടീസ് നൽകിയിരുന്നുവെന്നാണ് പോലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും വിശദീകരണം. സ്വത്തിനെച്ചൊല്ലിയുള്ള കുടുംബതർക്കം പരിഹരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾ തന്നെയാണ് പഴയ കെട്ടിടത്തിന്റെ ഭാഗം പൊളിച്ച് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
ബിസ്മില്ലാ ഖാന്റെ സ്മരണയ്ക്കായി വീട്ടിൽ മ്യൂസിയം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ചകൾ നടന്നിരുന്നെങ്കിലും കുടുംബത്തിന്റെ സമ്മതമില്ലാത്തതിനാൽ പദ്ധതി മുന്നോട്ടുപോയിരുന്നില്ലെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. അതേസമയം, ജീർണിച്ച ഭാഗം കുടുംബത്തിന്റെ പൂർണ സമ്മതത്തോടെയാണ് പൊളിച്ചതെന്ന് ബിസ്മില്ലാ ഖാന്റെ ചെറുമകൻ മുഹമ്മദ് സിബ്തൻ പറഞ്ഞു. ഭരണകൂടത്തിന്റെ സഹകരണം ലഭിക്കുന്നുണ്ടെന്നും വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായാൽ ഒന്നാം നിലയിൽ ഉസ്താദ് ബിസ്മില്ലാ ഖാന്റെ സ്മരണയ്ക്കായി മ്യൂസിയം ഒരുക്കുമെന്നും കുടുംബം അറിയിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട സ്മാരകവസ്തുക്കളും മറ്റ് ഓർമച്ചെപ്പുകളും ഇവിടെ സംരക്ഷിക്കാനാണ് തീരുമാനം.