Skip to main content
വാർത്തകൾ

മുന്നണിയിൽ കൂടിയാലോചനയില്ലെന്ന് അടൂർ പ്രകാശ്; സർക്കാരിനെതിരെ വീണ്ടും പരസ്യ വിമർശനം

adoor prakash

സർക്കാരിന്റെ പ്രധാന തീരുമാനങ്ങൾ പോലും മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് നടപ്പാക്കുന്നതെന്ന അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വൈദ്യുതി വാങ്ങൽ വിവാദത്തിൽ വകുപ്പുമന്ത്രി സണ്ണി ജോസഫ് തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വെളിപ്പെടുത്തലിനെ പരിഹസിച്ച അദ്ദേഹം, ഇതാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമെന്ന് ചോദിച്ചു. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കേണ്ടത് മുന്നണി ചെയർമാനായ മുഖ്യമന്ത്രിയോടാണെന്നും അദ്ദേഹം പറഞ്ഞു.

എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് നടപ്പാക്കിയതെന്നും അടൂർ പ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാർട്ടി തലത്തിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും പരസ്യ വിമർശനമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.

ഹിമാചൽ പ്രദേശിൽനിന്നും സ്വകാര്യ കമ്പനിയായ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിൽനിന്നും വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനവും മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്ഇബി സിഎംഡി എൻ. പ്രശാന്തുമായി നടത്തിയ കൂടിക്കാഴ്ചയും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചതിനെത്തുടർന്ന് ഹിമാചലിൽനിന്നും ജിഎൻഎയിൽനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് സർക്കാർ ഒടുവിൽ തീരുമാനിച്ചത്. വൈദ്യുതി വാങ്ങൽ വിവാദത്തിനൊപ്പം മുന്നണിയിലെ ഏകോപനമില്ലായ്മയും യുഡിഎഫിൽ ചർച്ചയാകുകയാണ്.