Skip to main content
വാർത്തകൾ

ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസുമായി സിപിഐ എം സീറ്റ് ധാരണയായില്ല; ബിജെപിക്കെതിരെ ത്രികോണ മത്സരം

Jithendra choudari

ത്രിപുരയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് ധാരണയിലെത്താനായില്ലെന്ന് സിപിഐഎം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കാൻ ആത്മാർഥമായ ശ്രമങ്ങൾ നടത്തിയെങ്കിലും ചർച്ചകൾ പരാജയപ്പെട്ടതായി സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അറിയിച്ചു.

നവംബർ 27ന് അഗർത്തല മുനിസിപ്പൽ കോർപറേഷൻ ഉൾപ്പെടെ 21 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ, സിപിഐഎം, കോൺഗ്രസ് എന്നീ കക്ഷികൾ തമ്മിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളാണ് സിപിഐഎമ്മും കോൺഗ്രസും.

കോൺഗ്രസുമായി ധാരണയിലെത്താൻ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമുണ്ടായില്ലെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസിലെ ചില നേതാക്കളും ആത്മാർഥമായി ശ്രമിച്ചിരുന്നുവെന്നും എന്നാൽ പാർട്ടിക്കുള്ളിൽ ഏകകണ്ഠമായ തീരുമാനത്തിലെത്താൻ കഴിയാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിൽ മത്സരിക്കാനായിരുന്നു സിപിഐഎമ്മിന്റെ ആഗ്രഹം. എന്നാൽ അതിനുള്ള സാഹചര്യമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് അവസാനിച്ചു.

തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം തടയാൻ ഇടതുപക്ഷം പരമാവധി ശ്രമിക്കുമെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. സംസ്ഥാനത്തെയും രാജ്യത്തെയും തകർക്കുന്ന ബിജെപിക്കെതിരെ നേരിട്ട് പോരാടുന്ന ഏക പാർട്ടി സിപിഐഎമ്മാണെന്നും ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സീറ്റ് ധാരണ പരാജയപ്പെട്ടതിൽ ത്രിപുര കോൺഗ്രസ് നേതൃത്വം റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്തും പ്രതികരിച്ചിട്ടില്ല.