Skip to main content
വാർത്തകൾ

ജിഎൻഎ കരാർ: മുഖ്യമന്ത്രി സതീശനെതിരെ പി. ജയരാജൻ; കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ചെന്ന് ആരോപണം

p jayarajan

ജിഎൻഎ കരാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. സംസ്ഥാനത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമായിരുന്നിട്ടും കൃത്രിമമായി ക്ഷാമം സൃഷ്ടിച്ചാണ് കരാറിലേക്ക് കടന്നതെന്ന് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ അദ്ദേഹം ആരോപിച്ചു.

ഭരണത്തിലെത്തി ആറു മാസത്തിനകം തന്നെ സതീശൻ സർക്കാർ കൂട്ടുത്തരവാദിത്തമില്ലാത്ത ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്ന് തെളിയിച്ചെന്നും ജയരാജൻ പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ അറിവില്ലാതെയാണ് മുഖ്യമന്ത്രി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്നും മുന്നണിഭരണത്തിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈദ്യുതി ബോർഡിലെ തീരുമാനങ്ങൾ താൻ അറിഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുത്തതെന്നും വൈദ്യുതി മന്ത്രി തുറന്നുപറഞ്ഞത് സർക്കാരിന്റെ ഏകോപനമില്ലായ്മ വ്യക്തമാക്കുന്നതാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ജിഎൻഎ വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ താൽക്കാലികമായി പിന്നോട്ടുപോയെങ്കിലും കരാറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും പങ്ക് പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.