Skip to main content
വാർത്തകൾ

വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ വൻകിട ഇടപാടിന് നീക്കം; മുഖ്യമന്ത്രിക്കെതിരെ പിണറായി, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു

pinarayi

സംസ്ഥാനത്ത് പവർക്കട്ട് ഭീതിയുയർത്തി വൻകിട വൈദ്യുതി ഇടപാടിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നീക്കം നടന്നെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ യഥാർഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും വൻ അഴിമതിക്ക് സാഹചര്യമൊരുക്കാൻ കൃത്രിമമായി പ്രതിസന്ധി സൃഷ്ടിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. വിഷയത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. ജി.എൻ.എ വഴി കെ.എസ്.ഇ.ബി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റെഗുലേറ്ററി കമ്മീഷന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് പിണറായിയുടെ ആരോപണം. പ്രതിപക്ഷം ഇടപെട്ടതോടെയാണ് കരാർ റദ്ദാക്കാനും മുൻ കെ.എസ്.ഇ.ബി ചെയർമാനെതിരെ അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ നിർബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു. കരാർ റദ്ദാക്കിയതും അന്വേഷണ തീരുമാനവും വകുപ്പ് മന്ത്രി സണ്ണി ജോസഫും മുന്നണി കൺവീനർ അടൂർ പ്രകാശും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കാൻ പുറത്തുള്ള ചിലരുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പിണറായി ആരോപിച്ചു. വകുപ്പ് മന്ത്രിയോ ചീഫ് സെക്രട്ടറിയോ പവർ സെക്രട്ടറിയോ അറിയാതെ സെക്രട്ടേറിയറ്റിന് പുറത്തുനിന്ന് ഫയലുകൾ നിയന്ത്രിക്കുന്ന അദൃശ്യസംഘം ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.ടി.പി.സിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകാനുള്ള സാഹചര്യം നിലനിൽക്കെ അത് മറച്ചുവെച്ചാണ് സർക്കാർ മുന്നോട്ടുപോയതെന്നും പിണറായി ആരോപിച്ചു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2,122 മെഗാവാട്ടിന്റെ 12 ദീർഘകാല വൈദ്യുതി കരാറുകൾ സുതാര്യമായി ഉറപ്പാക്കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ ഇടപാടുകളിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്നും പിണറായി വ്യക്തമാക്കി.