Skip to main content
വാർത്തകൾ

വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രി നിലപാട് മാറ്റി; പി. രാജീവിന്റെ രൂക്ഷ വിമർശനം

p rjeev

വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നുണകൾ വിശ്വസനീയമായി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി, കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലെ സ്വന്തം നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമെടുത്തെന്നും അതിന് അംഗീകാരം നൽകിയെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കെ.എസ്.ഇ.ബി അത്തരമൊരു കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് ഇപ്പോൾ പറയുന്നത് നിലപാട് മാറ്റമാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മുകളിലാണോ കെ.എസ്.ഇ.ബി ബോർഡെന്നും അദ്ദേഹം ചോദിച്ചു.

സാധാരണയായി ടെൻഡർ നടപടികളിലൂടെയാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നതെന്നും ഇത്തരം ഇടപാടുകൾക്ക് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ആവശ്യമാണെന്നും രാജീവ് പറഞ്ഞു. എന്നാൽ വിവാദമായ വൈദ്യുതി വാങ്ങൽ ഫയൽ നിയമ, ധനകാര്യ വകുപ്പുകളുടെ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും മന്ത്രിസഭയുടെ അംഗീകാരം നേടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ചട്ടങ്ങൾ മറികടന്ന് അസാധാരണ തിടുക്കത്തിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണെന്നും രാജീവ് പറഞ്ഞു.

വൈദ്യുതി വാങ്ങാൻ 'ഞങ്ങൾ' തീരുമാനമെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ആരെല്ലാമാണ് ഉൾപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. വൈദ്യുതി മന്ത്രി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും കെ.എസ്.ഇ.ബി ബോർഡിനും അറിവില്ലെന്നും വ്യക്തമാക്കിയ സാഹചര്യത്തിൽ, ആരാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാറുകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളും വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. 2122 മെഗാവാട്ടിന്റെ 12 ദീർഘകാല കരാറുകൾ നിലവിലുണ്ടെന്നും ഇതിൽ 11 എണ്ണം 25 വർഷത്തേക്കും ഒരെണ്ണം അഞ്ച് വർഷത്തേക്കുമാണെന്നും രാജീവ് വ്യക്തമാക്കി. പുരപ്പുറ സൗരോർജ പദ്ധതികളെയും ദീർഘകാല വൈദ്യുതി കരാറുകളെയും കൂട്ടിക്കുഴച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ 2400 മെഗാവാട്ടിലധികം പുരപ്പുറ സൗരോർജ വൈദ്യുതി ഉൽപ്പാദിപ്പിച്ചതിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതികളും 2122 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറുകളും വ്യത്യസ്തമാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി.

റെഗുലേഷൻ 78(3) പ്രകാരം ഷോർട്ട് ടേം ടെൻഡർ, ബാങ്കിംഗ്, പവർ എക്സ്ചേഞ്ച് തുടങ്ങിയ മാർഗങ്ങളിലൂടെ വൈദ്യുതി കണ്ടെത്താൻ കെ.എസ്.ഇ.ബിക്ക് അധികാരമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. പവർ എക്സ്ചേഞ്ചുകളിൽ വലിയ അളവിൽ വൈദ്യുതി ലഭ്യമായിരിക്കെ കൃത്രിമ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് ക്രമക്കേട് നടത്താനാണ് സർക്കാർ ശ്രമിച്ചതെന്നും രാജീവ് ആരോപിച്ചു.

വൈദ്യുതി ഇടപാടിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ശക്തമായിട്ടും ആവശ്യമായ രേഖകൾ പുറത്തുവിടാനോ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും പി. രാജീവ് വിമർശിച്ചു.