Skip to main content
വാർത്തകൾ

ഡൽഹിയിലെ ഇന്റർനെറ്റ് നിയന്ത്രണം: സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്രം

sc

ഡൽഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ച നടപടിയിൽ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് കോടതിയിൽ ക്ഷമാപണം സമർപ്പിച്ചത്. സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

പ്രമുഖ അഭിഭാഷക മനേക ഗുരുസ്വാമി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിരുന്നു.

എന്നാൽ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. ഈ ഉത്തരവ് മറികടന്ന് വീണ്ടും ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമായത്.

അതേസമയം, ആവശ്യമായ സാഹചര്യങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അനുമതി നൽകണമെന്നും ഒക്ടോബറിലെ മുൻ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.