ഗ്യാനേഷ് കുമാറിന് അസാധാരണ സുരക്ഷയെന്ന് അഭിജിത് ദീപ്കെ; ഒക്ടോബർ 16ന് വീണ്ടും ദേശീയപതാകയുമായി പ്രതിഷേധം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള സുരക്ഷയാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്കെ. സിജെപി, എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിനായി മുൻ മുഖ്യമന്ത്രിമാരെപ്പോലും പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും ഇത്രയധികം സുരക്ഷ നൽകുന്നതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണോ ഈ സുരക്ഷയെന്ന് ചോദിച്ച ദീപ്കെ, ‘വൺ നേഷൻ, വൺ ഇലക്ഷൻ’ എന്നതിനപ്പുറം ‘വൺ നേഷൻ, വൺ പാർട്ടി’ എന്ന അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
വാർത്താസമ്മേളനത്തിനിടെ ഐസ നേതാവ് നേഹ ബോറ സംസാരിക്കുമ്പോൾ റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവർത്തകനുമായി വാക്കേറ്റമുണ്ടായി. സർക്കാരിനും പൊലീസിനുമെതിരായ വിമർശനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടതോടെ രംഗം ശാന്തമായി.
പ്രതിഷേധക്കാരെയും യുവതികളെയും മണിക്കൂറുകളോളം കസ്റ്റഡിയിൽവെക്കുകയും അവർക്കെതിരെ അതിക്രമങ്ങൾ നടത്തുകയും ചെയ്യുന്ന പൊലീസ് നടപടിയെ നേഹ ബോറ വിമർശിച്ചു. ദേശീയപതാക വീശിയതിനെ കുറ്റമായി കാണുന്ന നടപടിയെയും നേതാക്കൾ ചോദ്യം ചെയ്തു. ഇത് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് എഐഎസ്എഫ് പ്രസിഡന്റ് വിരാജ് അഭിപ്രായപ്പെട്ടു.
വോട്ടു ക്രമക്കേട് ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷും ആരോപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ നേതാക്കൾ, ജന്തർ മന്തറിലെ നിയന്ത്രണങ്ങൾ അവഗണിച്ച് ഒക്ടോബർ 16ന് ദേശീയപതാകയുമായി വീണ്ടും പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.