Skip to main content
വാർത്തകൾ

ജന്തർ മന്തറിലെ മാധ്യമപ്രവർത്തകരുടെ കസ്റ്റഡി: ഡൽഹി പൊലീസിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്

Jantar mantar

ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. ഒക്ടോബർ 10, 11 തീയതികളിലെ സംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (ഡിയുജെ) സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നടപടിയെ ഡിയുജെ സ്വാഗതം ചെയ്തു.

പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജന്തർ മന്തറിലും പരിസരപ്രദേശങ്ങളിലുമായി 40-ലധികം മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഡിയുജെയുടെ ആരോപണം. പ്രസ് കാർഡുകൾ കാണിക്കുകയും ഔദ്യോഗിക ജോലിയുടെ ഭാഗമായാണ് എത്തിയതെന്ന് അറിയിക്കുകയും ചെയ്തിട്ടും നടപടിയുണ്ടായതായി സംഘടന പ്രസ്താവനയിൽ പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കുർത്തയും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും ക്യാമറകളും മറ്റ് റിപ്പോർട്ടിങ് ഉപകരണങ്ങളും പിടിച്ചെടുത്തതായും ചിലരുടെ ദൃശ്യങ്ങൾ നീക്കം ചെയ്തതായും പരാതിയുണ്ട്. ഇതുമൂലം വാർത്തകൾ തയ്യാറാക്കാനും കുടുംബാംഗങ്ങളുമായും ഓഫീസുകളുമായും ബന്ധപ്പെടാനും ബുദ്ധിമുട്ടുണ്ടായെന്നും ഡിയുജെ വ്യക്തമാക്കി.

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് ആരോപണം

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഡിയുജെക്കായി മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങ് ഹാജരായി. ജോലിയുടെ ഭാഗമായി എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് മർദിക്കുകയും ബലംപ്രയോഗിച്ച് ബസുകളിലേക്ക് കയറ്റുകയും നിയമപരമായ അധികാരമില്ലാതെ അവരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം കോടതിയെ അറിയിച്ചു.

മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ അവരുടെ ഉപജീവനമാർഗത്തിന്റെ ഭാഗമാണെന്നും അവ ഉടൻ തിരിച്ചുനൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പരിശോധിക്കുന്നതും പിടിച്ചെടുക്കുന്നതും സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ലംഘനമാണ് നടപടിയെന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം വാദിച്ചു.

അനധികൃതമായി ഉപകരണങ്ങൾ പിടിച്ചെടുക്കാൻ പാടില്ലെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. തുടർന്ന് കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു.

ഉപകരണങ്ങൾ തിരിച്ചുനൽകണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യം

പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും ഉടൻ തിരിച്ചുനൽകുക, നിയമാനുസൃതമായ റിപ്പോർട്ടിങ്ങിന് സംരക്ഷണം ഉറപ്പാക്കുക, മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തുക എന്നിവയാണ് ഡിയുജെയുടെ പ്രധാന ആവശ്യങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സംരക്ഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പരിക്കേറ്റ മാധ്യമപ്രവർത്തകർക്കും തൊഴിൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകണമെന്നും പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക്, പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകർക്ക്, മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടിങ് നടത്തുന്നതിൽ തടസ്സം സൃഷ്ടിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) പേര് ദുരുപയോഗം ചെയ്യരുതെന്നും ഡിയുജെ ആവശ്യപ്പെട്ടു. വിഷയം സുപ്രീംകോടതിയിൽ എത്തിക്കുന്നതിന് സഹായിച്ച അഭിഭാഷകൻ ചന്ദർ ഉദയ് സിങ്, അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ശശാങ്ക് സിങ് എന്നിവർക്കും നിയമസംഘത്തിനും സംഘടന നന്ദി അറിയിച്ചു.