വിദ്യാഭ്യാസം വില്‍പ്പനക്ക് വെക്കുവാനുള്ളതല്ല
കോടിയേരി ബാലകൃഷ്ണന്
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പ്രഫസര്‍ പി എന്‍ ഠണ്ടന് സമിതി 2009ല്‍ നിലവിലുണ്ടായിരുന്ന 130 കല്‍പ്പിത സര്‍വ്വകലാശാലകളില്‍ 126നെ കുറിച്ചും നടത്തിയ വിലിയിരുത്തലില്‍ 38 എണ്ണം മാത്രമാണ് തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് കണ്ടെത്തിയത്. ഇവയില്‍ 21 എണ്ണവും സര്‍ക്കാര്‍ സ്ഥാപനങ്ങളായിരുന്നു. കേരള ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ കേരളത്തില സ്വാശ്രയ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ മഹാഭൂരിപക്ഷവും നിലവാരമില്ലാത്തതും അടച്ചുപൂട്ടേണ്ടതുമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കാണ് ഇവിടെ സ്വയംഭരണ അധികാരം നല്കാന് പോകുന്നത്. |
സ്വയംഭരണ കോളേജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രൂപത്തിലുള്ള അഭിപ്രായങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരള ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെ അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി കഴിഞ്ഞിരിക്കുകയാണ്. 2013 മെയ് 10 നാണ് സംസ്ഥാനത്തെ ഏതാനും കോളേജുകള്‍ക്ക് സ്വയംഭരണാനുവാദം നല്കാന് തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. 2013-14ലെ ബഡ്ജറ്റ് പ്രസംഗത്തിലൂടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ '2014ലെ സര്‍വ്വകലാശാലാ നിയമങ്ങള്‍ മൂന്നാം ഭേദഗതി ബില്‍' ജൂലായ് 17ന് നിയമസഭയില്‍ അവതരിപ്പിച്ചു. ഈ ബില്ലിലെ നിര്‍ദേശങ്ങള്‍ക്കെതിരെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നത്. ബില്‍ സബ്ജക്റ്റ് കമ്മറ്റിയുടെ പരിഗണനയ്ക്ക് അയച്ചപ്പോള്‍ കമ്മറ്റിയംഗങ്ങള്‍ തന്നെ പല ഭേദഗതികളും നിര്‍ദേശിച്ചു. എന്നാല്‍, ബില്ലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല.
ചില ഭേദഗതികളോടുകൂടി, സബ്ജക്റ്റ് കമ്മറ്റി ഭൂരിപക്ഷത്തോടെ അംഗീകരിച്ച ബില്‍ നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചപ്പോള്‍ എണ്ണൂറില്‍പ്പരം ഭേദഗതികളാണ് വീണ്ടും ഭരണ പ്രതിപക്ഷമെമ്പര്‍മാര്‍ സമര്‍പ്പിച്ചത്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായതുകൊണ്ട് സമയക്കുറവ് കാരണം ഇത്രയും ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല എന്നതുകൊണ്ട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്ല് പാസാക്കാന്‍ കഴിഞ്ഞില്ല. അടുത്ത നിയമസഭാ സമ്മേളനത്തിലാണ് ഈ ബില്‍ പരിഗണനയ്ക്ക് വരാന്‍ പോകുന്നത്. എന്നാല്‍, നിയമസഭാ സമ്മേളനം പിരിഞ്ഞതിന് ശേഷം കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എയ് യു തന്നെ സ്വയംഭരണ കോളേജുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും എ കെ പി സി ടി എ, എകെജിസിടി തുടങ്ങിയ കോളേജ് അധ്യാപക സംഘടനകളും ശക്തമായ പ്രതിഷേധങ്ങള്‍ നടത്തിവരികയും അക്കാദമിക് സമൂഹത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരിക്കുകയുമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കോളേജുകള്‍ക്ക് സ്വയംഭരണ അധികാരം നല്‍കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ചില കേന്ദ്രങ്ങള്‍ ചോദ്യം ഉന്നയിക്കുന്നു. അക്കാദമിക് സ്വയംഭരണാവകാശത്തിന് വേണ്ടി അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അക്കാദമിക് സ്വയംഭരണത്തിന്റെ മറവില്‍ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വാണിജ്യവത്കരണമാണ് എന്നത് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള വകുപ്പുകളില്‍ നിന്നും വ്യക്തമാകുന്നു.
കോളേജ് ഗവേണിംഗ് കൗണ്‍സിലിന് കോഴ്സുകള്‍ തീരുമാനിക്കാനും ഓരോ കോഴ്സിന്റെയും ഫീസെത്രയാണെന്ന് നിശ്ചയിക്കാനും പാഠ്യപദ്ധതി തയ്യാറാക്കാനും അധ്യയനം, മൂല്യനിര്‍ണയം എന്നിവയുടെ രീതികള്‍ ആസൂത്രണം ചെയ്യാനും ബിരുദം ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് പദവികള്‍, ബഹുമതികള്‍ തുടങ്ങിയവ നല്കുവാനും പരീക്ഷകള്‍ നടത്താനും ഫലം പ്രസിദ്ധീകരിക്കാനുമൊക്കെയുള്ള അവകാശങ്ങളാണ് ഈ നിയമം വഴി ലഭ്യമാകാന്‍ പോകുന്നത്. കേരളത്തില്‍ മഹാഭൂരിപക്ഷം കോളേജുകളും ജാതി-മത സംഘടനകളുടെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവിടുത്തെ അധ്യാപകന്മാര്ക്കും അനധ്യാപകന്മാര്ക്കും സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. എന്നാല്‍, ഇവരെ നിയമിക്കുന്നത് അതാത് മാനേജ്മെന്റുകളാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ല. അധ്യാപക നിയമനത്തില്‍ സംവരണ തത്വം പോലും നടപ്പിലാക്കുന്നില്ല. ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരം നല്കിയാല് ഉണ്ടാവാന്‍ പോവുന്ന അവസ്ഥ എന്തായിരിക്കുമെന്ന വിമര്‍ശനമാണ് നിയമസഭയില്‍ ബില്ലവതരിപ്പിച്ച സന്ദര്‍ഭത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചത്. ഇത്ര ധൃതിപിടിച്ച് ഈ ബില്‍ പാസാക്കേണ്ടതുണ്ടോ എന്ന് ഒരു ഘട്ടത്തില്‍ സ്പീക്കര്‍ക്ക് തന്നെ ചോദിക്കേണ്ടി വന്നു. സബ്ജക്റ്റ് കമ്മറ്റി പരിശോധനയ്ക്ക് ശേഷം നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിലെ 74 വകുപ്പുകളില്‍ ഒട്ടേറെ ഭേദഗതികള്‍ക്കായി ഭരണപക്ഷത്തുനിന്ന് തന്നെ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിലൂടെ ഭരണപക്ഷത്ത് ഈ പ്രശ്നത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാവട്ടെ ഈ ബില്‍ പാസാക്കണം എന്നതില്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിന് കൂട്ടുനില്‍ക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് 'ഈജിയന്‍ തൊഴുത്തായി മാറി'യെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം തന്നെ ആക്ഷേപം ഉന്നയിച്ച സന്ദര്‍ഭത്തിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു നിയമനിര്‍മാണത്തിന് വേണ്ടി വാശിപിടിക്കുന്നത്. ജാതിമത സംഘടനകള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണം കൊണ്ടുവരികയാണ് ഈ നിയമനിര്‍മാണം വഴി ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസമന്ത്രി ചെയര്‍മാനായി സംസ്ഥാന തലത്തില്‍ ഒരു സ്വയംഭരണ അംഗീകാര സമിതി രൂപീകരിക്കും ഈ സമിതിയാണ് ഏത് കോളേജിനാണ് സ്വയംഭരണ പദവി നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നത്. സ്വയംഭരണാധികാര സമിതിയുടെ അധികാരവും ചുമതലയും സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സര്‍വകലാശാലയെയോ അല്ലെങ്കില്‍ കേരള സംസ്ഥാന ഉന്നതവിദ്യഭ്യാസ കൗണ്‍സിലിനെയോ എല്പ്പിച്ച് കൊടുക്കാമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഫലത്തില്‍ നോമിനേറ്റ് സമിതിയായ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് സര്‍വ്വകലാശാലയുടെ അധികരാങ്ങള് കൈമാറാനുള്ള സൂത്രവിദ്യയാണ്. സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണ കോളേജുകളുടെ മേല്‍ യാതൊരിടപെടലും നടത്താന്‍ കഴിയാത്ത വിധത്തിലുള്ള നിയമ പരിരക്ഷയാണ് ഉറപ്പുവരുത്തുന്നത്. ഈ കോളേജുകളെയെല്ലാം ഭാവിയില്‍ കല്‍പ്പിത യൂണിവേഴ്സിറ്റികളാക്കി മാറ്റുകയാണ് ലക്ഷ്യം.
സ്വയംഭരണ കോളേജിന്റെ പഠനബോര്‍ഡില്‍ കോളേജിലെ അസോസിയേറ്റ് പ്രഫസറുടെ പദവിയില്‍ താഴെയല്ലാത്ത ഒരു വകുപ്പ് തലവന്‍ ചെയര്‍മാനായിരിക്കും ഫലത്തില്‍ സ്വകാര്യ കോളേജ് മാനേജ്മെന്റിന് താല്‍പ്പര്യമുള്ള ഒരാളായിരിക്കും ചെയര്‍മാനാവുന്നത്. ഇദ്ദേഹത്തെ കൂടാതെ പ്രിന്‍സിപ്പല്‍ നാമനിര്‍ദേശം ചെയ്യുന്ന പി എച്ച് ഡി ഉള്ള അധ്യാപകര്‍ ഉണ്ടാവും ഇവരും മാനേജ്മെന്റിന് താല്‍പ്പര്യമുള്ളവരായിരിക്കും അക്കാദമിക് കൗണ്‍സില്‍ നാമനിര്‍ദേശം ചെയ്യുന്ന കോളേജിന് പുറത്തുനിന്നുള്ള രണ്ട് വിദഗ്ധര്‍, പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്ന ആറ് വിദഗ്ധരുടെ പാനലില്‍ നിന്നും വി സി നാമനിര്‍ദേശം ചെയ്യുന്ന ഒരു വിദഗ്ധന്‍, വ്യവസായ കോര്‍പ്പറേറ്റ് മേഖലകളില്‍ നിന്ന് ഓരോ പ്രതിനിധി, പ്രിന്‍സിപ്പല്‍ നാമ നിര്ദേശംചെയ്യുന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ച ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി ഇങ്ങനെ പതിമൂന്ന് അംഗങ്ങളില്‍ പന്ത്രണ്ട് പേരെയും സ്വകാര്യ കോളേജ് മാനേജ്മെന്റിന് താല്‍പ്പര്യമുള്ളവരെ നാമനിര്‍ദേശം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഈ സംവിധാനം രൂപപ്പെടുത്തുന്നത്. ധനമൂലധന ശക്തികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖല ഏല്‍പ്പിച്ചുകൊടുക്കുകയാണ് ഈ പഠന ബോര്‍ഡ് വഴി ലക്ഷ്യമിടുന്നത്.
ഓരോ കോളേജിനുമായി ഓരോ ഗവേണിംഗ് കൗണ്‍സില്‍ രൂപീകരിക്കപ്പെടും ഈ ഗവേണിംഗ് കൗണ്‍സിലില്‍ സ്വകാര്യമാനേജ്മെന്റ് ഉദ്ദേശിക്കുന്നവര്‍ക്ക് ഭൂരിപക്ഷം ലഭിക്കും വിധമാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരീക്ഷ നടത്തുന്നതും ഫലം പ്രസിദ്ധീകരിക്കുന്നതും ബിരുദവും ഡിപ്ലോമയും നല്‍കുന്നതും മാര്ക്ക്ലിസ്റ്റ് നല്‍കുന്നതും വിദ്യാര്‍ത്ഥികളുടെ ഫീസും മറ്റ് ചെലവുകളും തീരുമാനിക്കുന്നതും ഈ കൗണ്‍സില്‍ ആയിരിക്കും ഗവണ്മെന്റ് കോളേജുകളിലും സ്വാശ്രയ കോഴ്സുകള്‍ നടത്താന്‍ ഇതുവഴി അവസരം ലഭിക്കും. എയ്ഡഡ് കോളേജുകളില്‍ അണ് എയ്ഡഡ് കോഴ്സുകള്‍ നടത്താനുള്ള അസുലഭ അവസരമാണ് മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഇതിലൂടെ ലഭ്യമാകുന്നത്. ക്രമേണ സര്‍ക്കാര്‍ സംവിധാനം ഇല്ലാതാവുകയും കോളേജ് നടത്തിപ്പിന് ആവശ്യമായ തുക, അധ്യാപക-അനധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നതുള്‍പ്പെടെയുള്ള ചിലവുകളെല്ലാം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാനുള്ള അധികാരമാണ് ഗവേണിംഗ് കൗണ്‍സിലിന് ലഭ്യമാവുന്നത്. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍ക്ക് മാത്രമല്ല, അണ് എയ്ഡഡ് കോളേജുകള്‍ക്കും സ്വയംഭരണാധികാര പദവി നല്കാന് കഴിയുമെന്നാണ് ബില്ലിലെ 69(2) വകുപ്പ് അനുശാസിക്കുന്നത്. സബ്ജക്റ്റ് കമ്മറ്റിയിലെ എതിര്‍പ്പ് കാരണം സ്വാശ്രയ സ്വകാര്യ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നത് ഒഴിവാക്കി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അതും ബില്ലിന്റെ ഭാഗമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. എയ്ഡഡ് കോളേജുകള്‍ക്ക് പരീക്ഷ നടത്താനും ബിരുദം നല്‍കാനുമുള്ള അധികാരം ലഭ്യമാകുന്നതിലൂടെ വിദ്യാഭ്യാസ കച്ചവടം എന്ന കാഴ്ചപ്പാട് പൂര്‍ണമായും സാക്ഷാത്കരിക്കപ്പെടും ആര്‍ക്കുവേണമെങ്കിലും പണമുണ്ടെങ്കില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഈ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകും സര്‍വകലാശാല സിന്‍ഡിക്കേറ്റ് വെറും പരിശോധനാ സമിതി മാത്രമായിരിക്കും. അണ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണ പദവി നല്‍കുമെന്ന് പ്രത്യേകം ചേര്‍ക്കേണ്ട ആവശ്യം ഫലത്തില്‍ വരാന്‍ പോവുന്നില്ല.
ബില്‍ ഇതേ രൂപത്തില്‍ പാസാക്കിയാല്‍ നിലവിലുള്ള എല്ലാ കോളേജുകളും അണ് എയ്ഡഡ് സ്ഥാപനങ്ങളാക്കി മാറ്റപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് സര്‍ക്കാര്‍ പിന്മാറുക എന്ന ആശയമാണ് നടപ്പാക്കപ്പെടുന്നത്. 1972ന് മുമ്പ് കേരളത്തിലെ സ്വകാര്യ കോളേജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം നൂറ് ശതമാനവും മാനേജ്മെന്റുകളാണ് നടത്തിയിരുന്നത്. അധ്യാപക വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്നാണ് 80 ശതമാനം സീറ്റില്‍ വിദ്യാര്‍ത്ഥി പ്രവേശനം മെറിറ്റടിസ്ഥാനത്തില്‍ നല്കുന്ന സ്ഥിതി മാനേജ്മെന്റ് കോളോജുകളിലുണ്ടായത്. മെറിറ്റടിസ്ഥാനത്തിലുള്ള വിദ്യാര്ത്ഥിപ്രവേശനമെന്നത് ഇല്ലാതാക്കാന്‍ ഈ പുതിയ സംവിധാനം വഴി സാധിക്കും.
സ്വയംഭരണാധികാരം നല്‍കാനുള്ള തീരുമാനത്തിന് അടിസ്ഥാനമായത് ഡോക്ടര്‍ മാധവമേനോന് കമ്മറ്റിയുടെ റിപ്പോര്‍ട്ടാണ്. അതില്‍ വ്യക്തമാക്കുന്നത് 'സ്വയംഭരണം നല്കുന്ന കോളേജുകളില്‍ സെല്‍ഫ് ഫൈനാന്‍സ് കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണം' എന്നാണ്. ഇത് ഗവണ്മെന്റ് കോളേജുകള്‍ക്കും ബാധകമാണ്. പൊതുമൂലധനം ഉപയോഗിച്ചുകൊണ്ട് സ്വകാര്യ മൂലധനത്തെ ശക്തിപ്പെടുത്തുന്ന ആസൂത്രിതമായ പദ്ധതിയാണിത്. സ്വകാര്യ ആസ്തിയും നിക്ഷേപവും അക്കാദമിക് സമൂഹത്തിന്റെ പൊതു ഉന്നതിക്ക് വേണ്ടി ലഭ്യമാകത്തക്കവിധത്തില്‍ സാമൂഹ്യ നിയന്ത്രണത്തിന് വിധേയമായി സ്വകാര്യമൂലധനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപയോഗിക്കുക എന്ന സമീപനമല്ല യു ഡി എഫ് സര്‍ക്കാരിനുള്ളത്. നിലവില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ആര്‍ജ്ജിച്ച നേട്ടങ്ങളെ സ്വകാര്യ മൂലധനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വിട്ടുകൊടുക്കുക എന്ന ആഗോളവത്കരണ നയമാണ് സര്‍വ്വകലാശാല മൂന്നാം ഭേദഗതി ബില്ലില്‍ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലാകെ 455 സ്വയംഭരണ കോളേജുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരെണ്ണംപോലും ലോക നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോള്‍ നിലവിലുള്ള സ്വയംഭരണ കോളേജുകളില്‍ 90 ശതമാനം കോളേജുകളും ഇന്ത്യന്‍ മാനദണ്ഡം അനുസരിച്ചുപോലും ഉന്നത നിലവാരം പുലര്‍ത്തുന്നില്ല എന്നാണ് 'റൂസ' യുടെ സമീപന രേഖയുടെ ആമുഖത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഡോക്ടര്‍ മാധവമേനോന് കമ്മറ്റി ആഴത്തിലുള്ള പഠനം നടത്തി സമര്‍പ്പിച്ചതെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ നിന്നും വിശദാംശങ്ങളൊന്നും ലഭ്യമല്ല. സമിതി പറയുന്നത് 'പത്തൊമ്പത് സംസ്ഥാനങ്ങളിലായി ആകെയുള്ള 420ലധികം ഓട്ടോണമസ് കോളേജുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് സമിതി മനസിലാക്കുന്നു' എന്നാണ്. എന്നാല്‍, ഒരു കോളേജിനെഅല്ലാതെ മറ്റൊരു കോളേജിനെ കുറിച്ചും സമിതി പഠനവിധേയമാക്കിയതായി പരാമര്‍ശിക്കുന്നില്ല. പഠനവിധേമാക്കിയ കോളേജിന്റെ പ്രതിനിധി ഈ സമിതിയില്‍ അംഗമായിരുന്നു എന്നതും കാണണം. ആ കോളേജിനെ പരിഗണിക്കാനുള്ള കാരണം അതാവും.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പ്രഫസര്‍ പി എന്‍ ഠണ്ടന് സമിതി 2009ല്‍ നിലവിലുണ്ടായിരുന്ന 130 കല്‍പ്പിത സര്‍വ്വകലാശാലകളില്‍ 126നെ കുറിച്ചും നടത്തിയ വിലിയിരുത്തലില്‍ 38 എണ്ണം മാത്രമാണ് തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് കണ്ടെത്തിയത്. ഇവയില്‍ 21 എണ്ണവും സര്‍ക്കാര്‍ സ്ഥാപനങ്ങളായിരുന്നു. കേരള ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ കേരളത്തില സ്വാശ്രയ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ മഹാഭൂരിപക്ഷവും നിലവാരമില്ലാത്തതും അടച്ചുപൂട്ടേണ്ടതുമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കാണ് ഇവിടെ സ്വയംഭരണ അധികാരം നല്കാന് പോകുന്നത്.
വെറ്റിനറി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ് കോളേജുകളില്‍ എന്‍ ആര് ഐ സീറ്റ് ഏര്‍പ്പെടുത്തിക്കൊണ്ട് നിശ്ചിത ശതമാനം സീറ്റുകള്‍ വില്‍പ്പനയ്ക്ക് വെക്കാനും യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. ഇത് ഒരു സൂചനയാണ്. ഗവണ്മെന്റ് കോളേജുകളില്‍ മെറിറ്റ് നോക്കാതെ വിദ്യാര്‍ത്ഥി പ്രവേശനം നടത്താനുള്ള നീക്കത്തിന്റെ തുടക്കമാണിത്. സര്‍ക്കാര്‍ കോളേജുകളെ സ്വയംഭരണ കോളേജാക്കി മാറ്റിയാല്‍ മെറിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കപ്പെടും ഉയര്‍ന്ന ഫീസ് നിലവില്‍ വരുന്നതോടെ സമൂഹത്തിന്റെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യും. നിലവിലുള്ള കോഴ്സുകള്‍ ഇല്ലാതാക്കുകയും കൂടുതല്‍ പണം കൊയ്യാന്‍ പറ്റുന്ന തരത്തില്‍ മൂല്യം കുറഞ്ഞ കോഴ്സുകള്‍ തുടങ്ങുകയും ചെയ്യും. വിദേശ സര്‍വ്വകലാശാലകളുടെ പരോക്ഷമായ കടന്നകയറ്റത്തിന് ഇത് വഴിവെക്കും. പി എസ് സി വഴിയുള്ള അധ്യാപക നിയമനത്തില്‍ പുലര്‍ത്തുന്ന സുതാര്യത നഷ്ട്ടപ്പെടും. ഓരോ കോളേജിനും ആവശ്യമായ ഫണ്ട് സ്വയം കണ്ടെത്തേണ്ടി വരും. കോളേജിന്റെ നിയന്ത്രണം സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന, ജനാധിപത്യ സ്വഭാവം ഇല്ലാത്ത ഗവേണിംഗ് കൗണ്‍സിലില്‍ നിക്ഷിപ്തമാവും ഇങ്ങനെ ദൂരവ്യപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടിയാണ് ഗവണ്മെന്റ് കോളേജുകള്‍ക്ക് സ്വയംഭരണപദവി ലഭിക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. ഇതിലൂടെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാവുന്ന പഠനസൗകര്യം നഷ്ടപ്പെടും എന്നത് സാമൂഹ്യനീതിക്കെതിരായ വെല്ലുവിളിയായി മാറും.
കോളേജുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിള്‍ക്കും അനധ്യാപകര്‍ക്കും സംഘടിക്കാനുള്ള അവകാശം ക്രമേണ ഇല്ലാതാവും. ഓട്ടോണമസ് പദവി അനുവദിച്ചിട്ടുള്ള ചില സ്വകാര്യ മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെയും അധാപക സംഘടനകള്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. ക്രമേണ അടിയന്തരാവസ്ഥ കാലത്തേതുപോലുള്ള ഒരവസ്ഥാ വിശേഷമായിരിക്കും ഇത്തരം കോളേജുകളില്‍ രൂപം കൊള്ളാന്‍ പോവുന്നത്. അക്കാദമിക് സ്വയം ഭരണത്തിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് നേടിയിട്ടുള്ള എല്ലാ മൂല്യങ്ങളും അട്ടിമറിക്കുന്ന ഒരു സംവിധാനമാണ് യു ഡി എഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയെടുക്കുന്നത്. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യ സംവിധാനത്തിന്റെ മരണമണിയാണ് മുഴക്കുന്നത്.
18-Aug-2014
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍