വെയില്‍കാറ്റ്

കുഴലൂത്തുകാരനൊപ്പമാണ്
ഇത്തവണ വേനലെത്തിയത്
കുഴല്‍ വിളിയില്‍ ഞെട്ടിയെണീറ്റ്
പുഴ വെള്ളാരംകല്ലുകളില്‍ മുഖം നോക്കി
അമ്പലമുറ്റത്തെ ആല്‍മരത്തില്‍
കിളിക്കൂടുകള്‍ തെളിഞ്ഞു
കാറ്റ്പിടിക്കാനായി ചെമ്പകം കാത്തു
ആഞ്ഞിലിയും മാവും കൂട്ടുനിന്നു
കുന്നിന്‍പുറ പച്ച മഞ്ഞച്ചുനിന്ന്
കടുംവെയിലിനു കുടപിടിച്ചു
വയലിറമ്പിലെ നീരോട്ടങ്ങളില്‍
പരല്‍മീനുകള്‍ വിരുന്നുപോയി
അതിര്‍ പച്ചയിലെ ചെമ്പരത്തിപൂവുകള്‍
വിളറിവെളുത്തു വിവശയായി
പൂവാലിയും കുട്ടികളും
ആലയിലെ ഇട്ടാവട്ടത്തിലൊതുങ്ങി
ചൂടുതിന്നു വീര്‍ത്ത മച്ചോടുകള്‍
അകമുറിയില്‍ പുഴുക്കമായി നിറഞ്ഞു
അപ്പോഴും അടുക്കള മുറ്റത്തെ
വടക്കേകോണില്‍ ഒരു ചെറു കുനിപ്പ്,
ഇളംമുള പൊടിച്ചു നാണിച്ചു നിന്നു.

05-Jan-2018

കവിതകൾ മുന്‍ലക്കങ്ങളില്‍

More