ചിറകുകളില്‍ ഹൃദയമുള്ള കുഞ്ഞുങ്ങള്‍

പൂക്കളെ നുള്ളരുത്,
അതിലിരിക്കും
പൂമ്പാറ്റയുടെ കാലൊടിക്കരുത്,
പറക്കാനുള്ള സ്വപ്നത്തിനുമേല്‍
നിങ്ങളുടെ ജനനേന്ദ്രിയം 
കുതിയിറക്കരുത്.
 
പൂമ്പാറ്റയുടെ ചിറകുകളെ 
മറന്നു കളയരുത്,
എന്റെയും നിങ്ങളുടേയും
കുഞ്ഞുങ്ങളെപ്പോലെ
രണ്ടു ചിറകുകളിലും
പൂക്കളുടെ നിറമുള്ള
രണ്ടു ഹൃദയങ്ങളെ 
തുന്നിച്ചേര്‍ത്താണ് 
അവര്‍ പറക്കനൊരുങ്ങുന്നത്.
 
ചിറകുകളില്‍ 
ഹൃദയമുള്ളവര്‍ 
പൂമ്പാറ്റകളും കുഞ്ഞുങ്ങളും മാത്രമാണ്.
 
പറന്നുതുടങ്ങിയില്ല,
ചിറകുകള്‍ ഇതളുകളെ പോലെ 
വിടര്‍ന്നു വരുന്നതേയുള്ളൂ.
പൂമ്പാറ്റയ്ക്ക് യോനീനാളങ്ങളില്ല,
മുലഞ്ഞെട്ടുകളില്ല,
തീരെ,
തീരെ വയ്യാതാവുമ്പോള്‍
കാലുകളിലെയ്ക്ക് ഒഴിച്ചുകളയുന്ന
മൂത്രച്ചുഴികളെയുള്ളൂ.
 
പൂമ്പാറ്റകള്‍ 
പൂമ്പാറ്റകള്‍ മാത്രമാണ്,
കെണിവച്ചു വീഴ്ത്തരുത്,
ആകാശത്തെ ഒറ്റുകൊടുക്കരുത്.

കവിതകൾ മുന്‍ലക്കങ്ങളില്‍

More