ഇന്നലെയും ഇന്നും

ഇന്നലെ,

നീയെനിക്ക് ഒരു പൊതി കപ്പലണ്ടി കൊണ്ടുവന്നു,

അതും കൊറിച്ച് ഞാന്‍ നിനക്കുള്ള അത്താഴമുണ്ടാക്കി,

നിന്റെ ഒച്ചപ്പാടുകള്‍ക്ക്  തറുതലപറഞ്ഞു,

കര്‍ണ്ണശല്യമെന്ന് നീ കേള്‍ക്കെ പിറുപിറുത്തു,

ചീറ്റ പുലികളായി ആഴത്തിലും വലുപ്പത്തിലും മുറിവുകളുണ്ടാക്കി,

എന്റേതാണ്,

നിന്റേതാണ്,

വലിയ മുറിവെന്ന് ഉറക്കെയമറി,

മത്സരിച്ചു മടുത്തപ്പോള്‍ ഒന്നിച്ച് അത്താഴം കഴിച്ചു,

ഉറങ്ങാന്‍ കിടന്നപ്പോള്‍ നീയെന്റെ മുറിവില്‍ ഉമിനീരുപുരട്ടി,

ഞാന്‍ നിന്റെ മുറിവില്‍ വിയര്‍പ്പുതടവി,

കമ്പിളിയ്ക്കുള്ളില്‍ പുലിചീറ്റലുകള്‍ അമര്‍ത്തിയ മുരള്‍ച്ചകള്‍ മാത്രമായി...

 

നമ്മള്‍ ഉറങ്ങി.

 

ഇന്ന്,

ഇന്നലെ കൊണ്ടുവന്ന കപ്പലണ്ടിയുടെ  തോലുകള്‍

കാറ്റ് കൊണ്ടുപോകുന്നതും നോക്കി ഞാനൊറ്റയ്ക്ക് കിടന്നു,

അത്താഴം ഉണ്ടാക്കിയതേയില്ല.

നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതല പറയാനെന്റെ നാവ് തരിച്ചുനിന്നു,

എന്റെ ചീറലുകള്‍ തേങ്ങലുകളെപ്പോല്‍ നനുത്ത് നിന്നു,

മുറിവുകളില്‍ നി പുരട്ടിയ ഉമിനീര് ഉണങ്ങാതെ പോകണേയെന്ന്

ഞാന്‍ കുരിശ്ശ് വരച്ചു.

 

ഞാന്‍ കരഞ്ഞു,

കരഞ്ഞു,

പിന്നെയും കരഞ്ഞു.

 

പള്ളിപ്പറമ്പില്‍ നീ മണ്ണ് പുതച്ചു കിടക്കുന്നുവെന്ന ഓര്‍മ്മയില്‍

നമ്മള്‍ ഒന്നിച്ചു പുതച്ചിരുന്ന കമ്പിളി ഞാന്‍ കാല് നീട്ടി തട്ടിയെറിഞ്ഞു.

 

https://www.facebook.com/reema.ajoy

10-Dec-2013

കവിതകൾ മുന്‍ലക്കങ്ങളില്‍

More