ഗസ്റ്റ്‌ ആര്‍ട്ടിസ്റ്റ്‌ പ്രയോഗം പരാജയ ഭീതിയില്‍ നിന്ന്

കോണ്‍ഗ്രസിന്റെ പാരമ്പര്യം മനസില്‍വെച്ചുകൊണ്ടാവും 'ഗസ്റ്റ്‌ ആര്‍ട്ടിസ്റ്റ്‌"എന്ന വിലയിരുത്തലിന് സുധീരന്‍ തയ്യാറായിട്ടുണ്ടാവുക. രാജ്യത്തെ പ്രധാനമന്ത്രിയായിരിക്കുന്ന മന്‍മോഹന്‍ സിംഗിനെയാവും സുധീരന്‍ സ്മരിച്ചത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍, അന്താരാഷ്ട്ര നാണയനിധി(ഐ എം എഫ്) അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മന്‍മോഹന്‍ സിംഗിനെ ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനവകുപ്പ് മന്ത്രിയാക്കിയതും തുടര്‍ന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചതും സുധീരന്റെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള, നേതൃത്വത്തില്‍ സജീവമായുള്ള പ്രണബ്കുമാര്‍ മുഖര്‍ജി, രാജേഷ് പൈലറ്റ്, മാധവ് റാവു സിന്ധ്യ തുടങ്ങിയ നേതാക്കളെ നോക്കുകുത്തിയായി ഇരുത്തിയല്ലേ മന്‍മോഹന്‍ സിംഗ് 'ഗസ്റ്റ് ആര്‍ട്ടിസ്റ്റാ'യി പ്രധാനമന്ത്രി പദത്തിലിരുന്നത്. കോണ്‍ഗ്രസിന്റെ ഈ പാരമ്പര്യത്തെ സുധീരന്‍ മറന്നുപോവാന്‍ വഴിയില്ല. അതിനാല്‍ വി എം സുധീരന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റെ'ന്ന് വിലയിരുത്തുമ്പോള്‍ അത് മലര്‍ന്ന് കിടന്നുള്ള തുപ്പലാണ്. സുധീരന്റെ ഈ വിറളിപിടിക്കലും പരിഭ്രമവും ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പ്രസക്തി മനസിലായതില്‍ നിന്ന് ഉണ്ടാവുന്നതാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റു'കള്‍ ആണെന്ന് പറഞ്ഞത് കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം മനസില്‍വെച്ചുകൊണ്ടാവും ഇത്തരത്തിലുള്ളൊരു വിലയിരുത്തലിന് അദ്ദേഹം തയ്യാറായിട്ടുണ്ടാവുക. രാജ്യത്തെ പ്രധാനമന്ത്രിയായിരിക്കുന്ന മന്‍മോഹന്‍ സിംഗിനെയാവും സുധീരന്‍ സ്മരിച്ചത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍, അന്താരാഷ്ട്ര നാണയനിധി(ഐ എം എഫ്) അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മന്‍മോഹന്‍ സിംഗിനെ ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനവകുപ്പ് മന്ത്രിയാക്കിയതും തുടര്‍ന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചതും സുധീരന്റെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള, നേതൃത്വത്തില്‍ സജീവമായുള്ള പ്രണബ്കുമാര്‍ മുഖര്‍ജി, രാജേഷ് പൈലറ്റ്, മാധവ് റാവു സിന്ധ്യ തുടങ്ങിയ നേതാക്കളെ നോക്കുകുത്തിയായി ഇരുത്തിയല്ലേ മന്‍മോഹന്‍ സിംഗ് 'ഗസ്റ്റ് ആര്‍ട്ടിസ്റ്റാ'യി പ്രധാനമന്ത്രി പദത്തിലിരുന്നത്. കോണ്‍ഗ്രസിന്റെ ഈ പാരമ്പര്യത്തെ സുധീരന്‍ മറന്നുപോവാന്‍ വഴിയില്ല. അതിനാല്‍ വി എം സുധീരന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റെ'ന്ന് വിലയിരുത്തുമ്പോള്‍ അത് മലര്‍ന്ന് കിടന്നുള്ള തുപ്പലാണ്. സുധീരന്റെ ഈ വിറളിപിടിക്കലും പരിഭ്രമവും ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പ്രസക്തി മനസിലായതില്‍ നിന്ന് ഉണ്ടാവുന്നതാണ്.
പതിനാറാമത് ലോകസഭാ ഇലക്ഷനെ അഭിമുഖീകരിക്കുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട, വിലയിരുത്തേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ട്. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, വര്‍ഗീയത തുടങ്ങിയവയൊന്നും കെ പി സി സി അധ്യക്ഷനും യു ഡി എഫ് മുന്നണിയും ചര്‍ച്ചയാക്കുന്നില്ല. ഇത്തരം വിഷയങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും തിരിച്ചുവിടാനാണ് 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' പോലുള്ള ഗിമ്മിക്ക് പ്രസ്താവനകള്‍ വഴി വിവാദമുണ്ടാക്കാന്‍ കെ പി സി സി അധ്യക്ഷന്‍ തന്നെ നേരിട്ടിറങ്ങുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും തീരദേശ സംരക്ഷണ നിയമവും മലയോര-തീരദേശ നിവാസികളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അവിടെയുള്ള ജനങ്ങള്‍ യു ഡി എഫിനെതിരെ വിധിയെഴുതാനായി കാത്തിരിക്കുകയാണ്. അപ്പോഴാണ് തീരദേശങ്ങളിലും മലയോരങ്ങളിലും മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ഇകഴ്ത്തി കാണിക്കാനുള്ള ഇത്തരം പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത്. ഈ സ്ഥാനാര്‍ത്ഥികളൊന്നും കോണ്‍ഗ്രസ് നോമിനിയായ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ പോലെ അവമതിപ്പുണ്ടാക്കിയ വ്യക്തികളല്ല. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായി സിനിമാ നടന്‍മാരും ഉദ്യോഗസ്ഥ പ്രമുഖരുമാണെന്ന് പറയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ സിനിമാ നടന്‍മാരും ശതകോടീശ്വരന്‍മാരും ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളുടെ പ്രതിനിധികളും കുത്തിനിറക്കപ്പെട്ടിരിക്കയാണ്. തങ്ങളുടെ പേയ്‌മെന്റ് സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും അത്തരം വസ്തുതകളില്‍ നിന്ന് ശ്രദ്ധതിരിക്കാനും വേണ്ടിയാണ് കേരളത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വി എം സുധീരനും കൂട്ടരും തിരിഞ്ഞിരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് വേണ്ടി മത്സരിക്കുന്ന 20 സ്ഥാനാര്‍ത്ഥികളില്‍ 5 പേരാണ് സ്വതന്ത്രര്‍. അതായത്, അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് എല്‍ ഡി എഫ് പിന്തുണ നല്‍കുന്നു. ഇവരില്‍ ഓരോരുത്തരും അതാത് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. ജനങ്ങളുടെ അംഗീകാരമുള്ളവര്‍.
പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഫിലിപ്പോസ് തോമസ് എഐസിസി അംഗവും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു. ആ സ്ഥാനങ്ങള്‍ രാജിവെച്ചാണ് അദ്ദേഹം ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അദ്ദേഹം നേരത്തെ പത്തനംതിട്ട ഡിസിസി പ്രസിഡന്റും കേരളയൂനിവേഴ്‌സിറ്റിയൂണിയന്‍ ഭാരവാഹിയും പിന്നീട് പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായിരുന്നു. സുധീരന്റെ ഏറ്റവുമടുത്ത അനുയായി ആയിട്ട് പോലും ഫിലിപ്പോസ് തോമസിന് കോണ്‍ഗ്രസിനെതിരെ മത്സരിക്കേണ്ടി വന്നു. അത് കോണ്‍ഗ്രസും അവരുടെ മുന്നണിയും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളോടുള്ള എതിര്‍പ്പ് മൂലമാണ്. ഫിലിപ്പോസ് തോമസിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ വി എം സുധീരന്‍ പ്രകോപിതനാവുകയില്ല വേണ്ടത്. തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ ആത്മസംയമനത്തോടെ, വിമര്‍ശനാത്മകമായി വിലിയിരുത്തുകയും തിരുത്തുകയുമാണ് വേണ്ടത്.
എറണാകുളം ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉന്നതമായ ഐ എ എസ് പദവികളില്‍ ഇരുന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഒരു ഐ എ എസുകാരന് എത്തിച്ചേരാന്‍ സാധിക്കുന്ന ഏറ്റവും ഉന്നതമായ മൂന്ന് സ്ഥാനങ്ങളിലൊന്നാണ് രാഷ്ട്രപതിയുടെ സെക്രട്ടറി സ്ഥാനം. ആ പദവിയില്‍ അഞ്ച് കൊല്ലം പ്രവര്‍ത്തിച്ച് യാതൊരുവിധ പേരുദോഷവും വരുത്താതെ സര്‍വ്വീസില്‍ നിന്നും വിരമിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസ്; കയര്‍ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര ടൂറിസം സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കിട്ടിയ അവസരങ്ങളിലെല്ലാം കേരളത്തെ സഹായിക്കുന്ന സമീപനം എടുത്തിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തിയ അത്തരമൊരാളെ ഇടതുപക്ഷത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു എന്നുള്ളത് ദേശീയ തലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ പോലുള്ള ആള്‍ക്കാരെല്ലാം ആകൃഷ്ടരാവുന്നുന്നത് ആം ആദ്മി പാര്‍ട്ടിയിലും ബി ജെ പിയിലും കോണ്‍ഗ്രസിലുമാണെന്ന പ്രചാരവേലക്കേറ്റ തിരിച്ചടിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വം.
ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സിനിമാനടന്‍ ഇന്നസെന്റ്, അറുനൂറില്‍പ്പരം സിനിമകളില്‍ അഭിനയിച്ച അതുല്യപ്രതിഭയാണ്. മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയൊരു നടന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നു എന്നുള്ളത് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. ജീവിതത്തിന്റെ അല്ലാ തലങ്ങളും അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള ഇന്നസെന്റ്, സ്വന്തം ജീവിതത്തില്‍ അത്തരം പന്ഥാവുകളിലൂടെ നടന്നുവന്നയാളുമാണ്. കുട്ടിക്കാലത്ത് ദാരിദ്ര്യത്തോട് മല്ലിട്ട് സോപ്പ്, ചീപ്പ്, കണ്ണാടി വിറ്റുനടന്ന ഇന്നസെന്റെന്ന ബാലന്‍ പിന്നീട് സിനിമാ രംഗത്തെ ഉജ്ജ്വലപ്രതിഭയായി വളര്‍ന്നു. കമ്യൂണിസ്റ്റുകാരനായി ജീവിച്ച് മരിച്ച തെക്കേത്തല വറീതിന്റെ കമ്യൂണിസ്റ്റ് ആദര്‍ശം ഇന്നസെന്റിനെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ളൊരു കലാകാരനാണ് ഇന്നസെന്റ്. നേരത്തെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൗണ്‍സിലറുമായിരുന്നു അദ്ദേഹം. ഇത്തരമൊരു വ്യക്തിയെ സിനിമാക്കാരനെന്ന് പറഞ്ഞ് ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്, രാജ്യത്താകെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒട്ടേറെപ്പേര്‍ സിനിമാതാരങ്ങള്‍ ആണ്. കലാകാരന്‍മാരെ ആക്ഷേപിക്കുന്ന പാരമ്പര്യം ഇടതുപക്ഷത്തിന് ഇല്ല.
പൊന്നാനി ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍റഹിമാന്‍ കെപിസിസി എക്‌സിക്യുട്ടീവ് അംഗത്വം രാജിവെച്ചാണ് മത്സരിക്കുന്നത്. പൊന്നാനി മണ്ഡലത്തില്‍ വിപുലമായ ബഹുജന പിന്തുണയുള്ള ഒരാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്നത് യു ഡി എഫ് നേതൃത്വത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി എന്നത് സത്യമാണ്.
ഇടുക്കി ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ്, ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കര്‍ഷകര്‍ക്ക് വേണ്ടി പോരാട്ടം നടത്തിയ പോരാളിയാണ്. വിദ്യാര്‍ത്ഥി ജീവിതകാലത്ത് കോളേജ് യൂണിയന്‍ ചെയര്‍മാനായും വിദ്യാര്‍ഥി സംഘടനാ നേതാവായും പ്രവര്‍ത്തിച്ച ജോയ്‌സ് ജോര്‍ജ്ജ് മലയോര കര്‍ഷകനാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മലയോരമേഖലയില്‍ ഉയര്‍ന്നുവന്ന, വരാനിരിക്കുന്ന കര്‍ഷകരോഷാഗ്നിയുടെ പ്രതീകമാണ് ജോയ്‌സ് ജോര്‍ജ്ജ്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്താങ്ങുക എന്നത് കേരളത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന ആദ്യത്തെ സമീപനമല്ല. 1957 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചുവരുന്ന നയത്തിന്റെ തുടര്‍ച്ചയാണ്. 1957ല്‍ സ്വതന്ത്രരായി മത്സരിച്ച അഞ്ച് പേരുടെ പിന്തുണയിലാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച ഡോ. എ ആര്‍ മേനോന്‍, തലശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള വി ആര്‍ കൃഷ്ണയ്യര്‍, ഹരിപ്പാട് നിന്ന് മത്സരിച്ച് ജയിച്ച വി രാമകൃഷ്ണപിള്ള, ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥിയായി ജയിച്ച പി കെ കോരു, കുഴല്‍മന്ദത്ത് നിന്നുള്ള കെ വി ജോണ്‍ എന്നിവരായിരുന്നു ആ സ്വതന്ത്രര്‍. ഇതില്‍ ഡോ. എ ആര്‍ മേനോന്‍ എ ഐ സി സി അംഗത്വം രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച്, തൃശൂരില്‍ കെ കരുണാകരനെ പരാജയപ്പെടുത്തുകയായിരുന്നു.
എറണാകുളം ലോകസഭാ മണ്ഡലത്തില്‍ 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച സേവ്യര്‍ അറയ്ക്കല്‍ 1996ല്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മലപ്പുറം ഡി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച ടി കെ ഹംസയാണ് നേരത്തെ മഞ്ചേരി ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയത്. കാസര്‍ഗോഡ് ഉദുമയിലെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എ ഐ സി സി മെമ്പര്‍ സ്ഥാനം രാജിവെച്ചാണ് സ്വതന്ത്രനായി മത്സരിച്ചത്. ഇങ്ങനെയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിട്ടുള്ള വന്‍ വിജയങ്ങളാണ് ഇപ്പോള്‍ കെ പി സി സി പ്രസിഡന്റിനെ പരിഭ്രാന്തനാക്കുന്നത്.
എല്‍ ഡി എഫ് ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങളാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പോവുന്നത്. കോണ്‍ഗ്രസ്-ബി ജെപി ഇതര കൂട്ടുകെട്ട് ദേശീയതലത്തില്‍ രൂപപ്പെടുമ്പോള്‍ ഈ നയങ്ങളെ മുന്‍നിര്‍ത്തിയാണ് മുന്നോട്ടുപോവുക. ആ നയങ്ങളുടെ വക്താക്കളാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍.

17-Mar-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More