സൈബര്‍ പൊങ്കാലയുടെ മനശാസ്ത്രം
ഹരിശങ്കരനശോകന്‍
ഇനി, സൈബര്‍ പൊങ്കാല, ഞങ്ങള്‍ സൈബോര്‍ഗുകളുടെ ഒരു അനുഷ്ഠാനമാകുന്നു. അതിനു ജാതിമതകക്ഷിഭേദമില്ല. ഷറപ്പോവയെന്നൊ, പ്രീതി ജി നായരെന്നൊ, ഹരീഷ് വാസുദേവനെന്നൊ ഇല്ല. തെറിയാണ് ഔദ്യോഗികഭാഷ. അശ്ലീലവും അക്രമവുമാണ് ഭാവതലങ്ങള്‍. സൈബര്‍ പൊങ്കാലയെന്താന്നറിയാത്തവര്ക്ക് പോലും സൈബര്‍ പൊങ്കാല കണ്ടാല്‍, സൈബര്‍ പൊങ്കാല ഇടാന്‍ തോന്നും, അത്രയുണ്ട് അതിന്റെ മാസ്മരികത. പൊന്നച്ചോ സക്കര്‍ബര്‍ഗേ. |
പൊങ്കാല, ഞങ്ങള്‍ ഹൈന്ദവരുടെ ഒരു ആചാരമാകുന്നു. ആറ്റുകാലും ചക്കുളത്തും അത് സവിശേഷമാകുന്നു. അമ്പലപ്പറമ്പില്‍ നിന്നും ആരംഭിക്കുന്ന അടുപ്പുനിരകള് അടുത്ത ജില്ലകള്‍ വിട്ട് അന്യസംസ്ഥാനങ്ങളോളം എത്തിച്ചേരാവുന്ന വിധം സുശക്തമാണ് ഈ ഭഗവതിമാരുടെ ഊറ്റം. (തല്ക്കാലം, അത്രത്തോളം ഒന്നും വേണ്ടെന്ന് വെച്ചിട്ടാണ്.) പൊങ്കാലയെന്താണെന്നറിയത്തവര്ക്ക് പോലും പൊങ്കാല കണ്ടാല്‍, പൊങ്കാല ഇടാന്‍ തോന്നും, അത്രയുണ്ട് അതിന്റെ മാസ്മരികത. അമ്മേ നാരായണ.
ഇനി, സൈബര്‍ പൊങ്കാല, ഞങ്ങള്‍ സൈബോര്‍ഗുകളുടെ ഒരു അനുഷ്ഠാനമാകുന്നു. അതിനു ജാതിമതകക്ഷിഭേദമില്ല. ഷറപ്പോവയെന്നൊ, പ്രീതി ജി നായരെന്നൊ, ഹരീഷ് വാസുദേവനെന്നൊ ഇല്ല. തെറിയാണ് ഔദ്യോഗികഭാഷ. അശ്ലീലവും അക്രമവുമാണ് ഭാവതലങ്ങള്‍. സൈബര്‍ പൊങ്കാലയെന്താന്നറിയാത്തവര്ക്ക് പോലും സൈബര്‍ പൊങ്കാല കണ്ടാല്‍, സൈബര്‍ പൊങ്കാല ഇടാന്‍ തോന്നും, അത്രയുണ്ട് അതിന്റെ മാസ്മരികത. പൊന്നച്ചോ സക്കര്‍ബര്‍ഗേ.
ഒരു പ്രത്യേക വാചകത്തെ ഭാഷാപരവും സാംസ്കാരികവുമായ തനത് പശ്ചാത്തലത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള വൈകാരികസംവേദനങ്ങളാണ് പലപ്പോഴും പൊങ്കാലകള്‍ സൃഷ്ടിക്കുന്നത്. അന്നന്നത്തെ അന്നത്തിനായ് ചില മാധ്യമത്തൊഴിലാളികള്‍ നടത്തുന്ന അപകടകരങ്ങളായ എഡിറ്റിംഗ് വേലത്തരങ്ങള്‍ മുതല്‍ രാഷ്ട്രീയഗൂഢാലോചനക്കാരുടെ അദൃശ്യഇടപെടല് വരെ അനേകം സങ്കീര്‍ണ്ണതകള്‍ ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെറി വിളിക്കുന്നവരും അത് കണ്ട് മൂക്കത്ത് വിരല്‍ വെച്ച് നില്‍ക്കുന്നവരും ഒരു പോലെ അറിയാതെ പോകുന്ന അണിയറക്കഥകള്‍ ഒരിക്കല്‍ പുറത്ത് വരുമെന്ന പ്രതീക്ഷയുണ്ട്. ചില പൊയ്മുഖങ്ങള്‍ വീണ് പോയത് നാം കണ്ട് കഴിഞ്ഞു. എന്നാലെന്താണ്? മുഖ്യധാരയും അതിന്റെ അധോധാരകളും അധികാരമണ്ഡലങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന മായിക ലോകം അത്ര ശക്തിമത്താണ്. വിശാലമാണ്. അതിനെ പൊളിച്ചെഴുതാന്‍ ശേഷിയുള്ള പുതിയൊരു തരം ജനപക്ഷസര്ഗ്ഗാത്മകതയുണ്ടാവേണ്ടിയിരിക്കുന്നുവെന്നൊക്കെ പറയാം. പക്ഷേ ഞങ്ങള്‍ മധ്യവര്ഗ്ഗസൈബോര്ഗുകള്ക്കതിലൊന്നും വലിയ താല്പര്യമില്ലെന്ന് പറയാന്‍ പറഞ്ഞു. കാരണം, സൈബര്‍ പൊങ്കാല ഒരു വിനോദോപാധി കൂടിയാകുന്നു, ഒരു അനുഷ്ഠാനകലാരൂപം. അപ്പോള്‍ അങ്ങനെയുമൊരു ലോകമുണ്ടിപ്പോള്. അല്ലെങ്കിലതൊക്കെ തന്നെയാണ് ഇപ്പോള്‍ ലോകം. കേട്ടിട്ടില്ലേ? ഈലോകം.
മറുവശത്ത്, ആള്‍ക്കൂട്ടം അനുവദിക്കുന്ന ഹരം വിര്ച്ച്വലായ് അനുഭവിക്കുന്നതാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതിന്റെ രസം. നിങ്ങളിതു വരെ ഒരു പൊങ്കാലയിലും പങ്കെടുത്തിട്ടില്ലെങ്കില്‍, അഹോ കഷ്ടം, ഇതെ പറ്റി നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല, ആ രസം അനിര്‍വചനീയമാകുന്നു. ഒരോ പൊങ്കാല കഴിയുമ്പോഴും നമുക്ക് തന്നെ തോന്നും, നമ്മള് ഒരു സംഭവമാണെന്ന്. നമുക്കതൊക്കെ മതിയല്ലൊ.
ഇതിനിടയില്‍ റിയല്‍ പൊങ്കാല നടക്കുന്ന ഇടങ്ങളിലെന്ന പോലെ ഇവിടെയുമൊരു പുകമുറ ഉയരുന്നു. അത് വഴി പോകുന്നവര്‍ക്കെല്ലാം കണ്ണ് നിറയുകയും കാര്യമെന്താണെന്നറിയാതെ അപരിചിതര്‍ അന്തം വിടുകയും ചെയ്യുന്നു. ഇതിനിടയില്‍ പൊങ്കാലകച്ചോടം പൊടിപാറിയതിന്റെ ആനന്ദത്തില്‍ ലാഭവിഹിതം തിട്ടപ്പെടുത്തുകയാണ് മറ്റൊരു കൂട്ടര്. ഇതൊക്കെ പോട്ടെന്ന് വെക്കാം. എന്നാല്‍ കാര്യമാത്രപ്രസക്തമായ വല്ലതും ചെയ്യാന്‍ ഇറങ്ങിയവര്‍ക്ക് ഈ പ്രകടനപരതകളൊക്കെ കാണുമ്പോള്‍ ദൈവത്തിലും പ്രപഞ്ചത്തിലും നന്മയിലും വാക്കിലും ഒക്കെയുള്ള വിശ്വാസം നഷ്ടപ്പെട്ട് പോകുന്നുണ്ടാവണം. ചുരുക്കത്തില്‍ ഒരു ജനതയുടെ ഭാവനയില്‍ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തുകള്‍ തഴക്കുന്നു. അതാണ് ഇതിലെ സങ്കടകരമായ സംഗതിയെന്ന് വേണമെങ്കില്‍ പ്രതിബദ്ധപ്പെടാം. വേണമെങ്കില്‍ മാത്രം.
23-Sep-2015
ഷറഫുദ്ദീന് വി ഹൈദര്‍
ബി പി മുരളി
സ്വാതി റസ്സല്‍
ഷിഫാസ്
ജ്യോതി കെ ജി