പാലായനം

ഉള്ളിലാരോ നിശബ്ദമായി നിലവിളിക്കുന്നു
ഹൃദയം കീറിമുറിക്കുന്ന
തേങ്ങലുകളായി അത് വളരുന്നു
ഒരു വാക്കുപോലും കൂട്ടിനില്ലാത്ത
എകാന്തതകളിലേക്ക് അതെന്നെ നാടുകടത്തുന്നു
ഏകാന്തത ഒരു ശ്മശാനമാകുന്നു
ഞാനൊറ്റക്കൊരു ശ്മശാനമായി പടരുന്നു
ഓര്‍മ്മയിലെ ഏറ്റവും തണുപ്പുള്ളതും
അവളുടെ ഉച്ഛ്വാസത്തിന്റെ സുഗന്ധമുള്ളതുമായ
ഒരു ശരത്ക്കാലമെടുത്തു പുതക്കുന്നു
ആരോടെയൊക്കെയോ ഉടലുകള്‍ നൃത്തം വെക്കുന്നു
കാടിന്റെ മുഖച്ഛായയുള്ള ഒരു മരം
എനിക്കൊപ്പം ചുവടു വെക്കുന്നു
കടലിന്റെ അതേ രുചിയില്‍
കണ്ണില്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുന്നു
മലയുടെ ഗന്ധമുള്ള ഒരു പിടി മണ്ണ്
എനിക്ക് ചുറ്റും പൊടിക്കാറ്റായി വീശുന്നു
പര്‍വതങ്ങളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന
ഒരു കല്ല് എനിക്ക് നേരെ എറിയപ്പെടുന്നു
വിപ്ലവകാരിയുടെ തൊണ്ടയില്‍ നിന്നടര്‍ന്നുചാടിയ
ഒരു മുദ്രാവാക്യം എനിക്ക് നേരെ മുഷ്ഠിചുരുട്ടുന്നു
ഇപ്പോള്‍ മൂകത ഒരുത്സവമാകുന്നു
ഓര്‍മ്മകള്‍ മര്യാദയില്ലാത്ത
അതിഥിയെപ്പോലെ പെരുമാറുന്നു
യോനിയുടെ ആകൃതിയുള്ള ഒരു പൂവ്
എനിക്കരികില്‍ വിടരുന്നു
ഞാനതില്‍ മൃദുവായി ഉമ്മവെക്കുന്നു
ഉടലില്‍ നിന്ന് ലിംഗം
ഊര്‍ന്നിറങ്ങി അപ്രത്യക്ഷമാവുന്നു
വീണ്ടും ഹൃദയം കീറി മുറിക്കുന്ന
നിലവിളികള്‍ കേട്ട് തുടങ്ങുന്നു
മുറിയില്‍ നിഴലുകള്‍ ഓരിയിടുന്നു
ഞാനെന്റെ കവിതയെ
കഴുത്ത് ഞെരിച്ചു കൊല്ലുന്നു.
പുതിയൊരു ഏകാന്തതയിലേക്ക്
പാലായനം ചെയ്യുന്നു.

 

31-Aug-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More