വര്‍ഗീയതയെ പ്രതിരോധിക്കുക

കേരളം മതനിരപേക്ഷതക്ക് ചരിത്രപരമായി പേരുകേട്ട പ്രദേശമാണ്. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും നടമാടിയപ്പോള്‍ കേരളം ശാന്തമായിരുന്നു. മതപരമായ തിരിച്ചറിവ് മലയാളിയുടെ പുതുജീവിതത്തെ കലുഷമാക്കിയില്ല. പക്ഷേ ഇന്ന് ആ അവസ്ഥക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ ജനങ്ങള്‍ മതാധിഷ്ഠിതമായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഈ വിഭജനത്തെ ഏറ്റവുമധികം ഉപയോഗപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. വര്‍ഗീയത വളര്‍ത്താന്‍ ഏറെ സാധ്യതയുള്ളതാണ് വര്‍ഗീയ കലാപങ്ങള്‍. കുറച്ചു കൊല്ലങ്ങളായി വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നു. കലാപങ്ങള്‍ വര്‍ഗീയതയുടെ അവസാനമല്ല, ആരംഭമാണ്.

വര്‍ഗീയതക്ക് വളരെ വലിയ വേലിയേറ്റം ഉണ്ടായ വര്‍ഷമാണ് 2014. വര്‍ഗീയത അതിന്റെ അന്തിമ ലക്ഷ്യമായ അധികാരം കയ്യാളുക എന്ന പ്രക്രിയയില്‍ വിജയം വരിച്ചിരിക്കുന്നു. ഇതിനു മുമ്പ് വര്‍ഗീയ ശക്തികള്‍ക്ക് സ്വന്തം നിലയില്‍ ഭഭരണം കയ്യാളാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥിതി ആകെ മാറി. കോണ്‍ഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണം ജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഇതില്‍ നിന്ന് മുതലെടുക്കാന്‍ സാധിച്ചു എന്നതാണ് ബിജെപിയുടെ വിജയത്തിന് ഒരു പ്രധാന കാരണം. പക്ഷേ അത് മാത്രമല്ല, കഴിഞ്ഞ കുറെ കൊല്ലങ്ങളായി സംഘപരിവാര്‍ ഏറ്റെടുത്ത സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആര്‍എസ് എസിന്റെ സ്വാധീനം വര്‍ധിപ്പിച്ചു. വാസ്തവത്തില്‍ ഈ കാലഘട്ടത്തില്‍ സംഘപരിവാര സംഘടനകള്‍ ഏകദേശം എല്ലാ ഗ്രാമങ്ങളിലും അവരുടെ ശാഖകള്‍ സ്ഥാപിച്ചു. സംഘപരിവാര്‍ സംഘടനകളുടെ ഈ പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ ഈ വിജയത്തിന്റെ അടിത്തറ.

മോഡി സര്‍ക്കാര്‍ ബിജെപിയുടെ സര്‍ക്കാരല്ല, ആര്‍എസ്എസിന്റെ സര്‍ക്കാരാണ്. സംഘപരിവാറിന്റെ പ്രവര്‍ത്തനവും ഭരണത്തില്‍ വന്ന സ്ഥിതിവിശേഷവും ഇന്ത്യയുടെ അടിസ്ഥാനപരമായ സ്വഭാവത്തെ പ്രതികൂലമായി സ്വാധീനിക്കാന്‍ ഇടയുണ്ട്. ബിജെപി വിശ്വസിക്കുന്നത് ഹിന്ദുരാഷ്ട്രത്തിലാണ്; മതനിരപേക്ഷ രാഷ്ട്രത്തിലല്ല. വിവിധ ജാതി മതങ്ങളുള്ള ഇന്ത്യന്‍ സമൂഹത്തില്‍ ഇത് വലിയ കലാപങ്ങള്‍ക്ക് കാരണമാകാനിടയുണ്ട്. ആര്‍എസ് എസിന്റെ ആദര്‍ശങ്ങളാണല്ലോ ബിജെപി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ ഒരു ആദര്‍ശം ഹൈന്ദവ ഭാരതം സൃഷ്ടിക്കുക എന്നതാണ്. സംഘപരിവാരത്തിന്റെ പ്രധാന നേതാക്കളായ വി ഡി സവര്‍ക്കര്‍, എം എസ് ഗോള്‍വാള്‍കര്‍ തുടങ്ങിയ നേതാക്കള്‍ ഈ കാര്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം. അതിന് അവര്‍ ഹിന്ദുക്കളായി പരിഗണിക്കുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇത് നിഷ്‌കളങ്കമായ ഒരു പ്രവര്‍ത്തനമല്ല. യഥാര്‍ഥ ലക്ഷ്യം മതാധിഷ്ഠിതമല്ല, രാഷ്ട്രീയാധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ഘര്‍വാപസി വിപുലമായ അസ്വാരസ്യങ്ങള്‍ക്ക് വഴിവച്ചേക്കും.

ആര്‍എസ്എസിന്റെ പുതിയ ശക്തി എന്ന് പറയുമ്പോള്‍ അതിന്റെ രണ്ടുഭാഗങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമതായി ഇരുപത് കൊല്ലത്തില്‍ ഏറെയായി അവര്‍ കെട്ടിപ്പടുത്ത സാമൂഹികസാംസ്‌കാരികസംഘടനാ ശക്തി. ഈ സംഘടനകള്‍ വര്‍ഗീയതയില്‍നിന്ന് ദേശീയതയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ ഹിന്ദു ദേശീയതയെ ഇന്ത്യന്‍ ദേശീയതയായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിന് ഒരതിര്‍ത്തി വരെ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അനുമതിയും അനുഗ്രഹവുമുണ്ട്. സാംസ്‌കാരികമായ വേരുകള്‍ തേടുന്ന മധ്യവര്‍ഗം സംഘപരിവാരത്തിന്റെ പ്രചാരണത്തില്‍ വഴങ്ങിപ്പോകുന്നു. ഈ പ്രക്രിയ ബിജെപി അധികാരത്തില്‍ വന്ന സന്ദര്‍ഭത്തില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്ട്. അതായത്, ഹിന്ദുത്വത്തിന് വ്യാപകമായ സ്വീകാര്യത സിദ്ധിക്കുക എന്നര്‍ഥം. രണ്ടാമതായി സംഘപരിവാറിന് ഒരു പുതിയ മാന്യത ലഭിച്ചിട്ടുള്ളതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി ആര്‍ജിച്ച വിജയം തികച്ചും അപ്രതീക്ഷിതം ആയിരുന്നെങ്കില്‍കൂടി രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും കോര്‍പറേറ്റ് ശക്തികളുടെയും സഹായം സിദ്ധിക്കാന്‍ അതിടവരുത്തും. കൂടാതെ ഉദ്യോഗസ്ഥവൃന്ദത്തെ സ്വാധീനിക്കാനും അവസരമുണ്ടാക്കും. ബിജെപി ഭരണം ഇന്ത്യന്‍ സൈന്യത്തെയും പോലീസിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അത്ഭുതമില്ല. വാസ്തവത്തില്‍, കഴിഞ്ഞ ബിജെപി ഭരണകാലത്ത് അത്തരമൊരു ശ്രമം നടത്തിയിരുന്നു. വര്‍ഗീയതക്ക് ലഭിച്ച ശക്തി അറുപതിലേറെ കൊല്ലമായി ഇന്ത്യയില്‍ നിലനിന്ന ലിബറല്‍ കാലാവസ്ഥക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കും.

കേരളം മതനിരപേക്ഷതക്ക് ചരിത്രപരമായി പേരുകേട്ട പ്രദേശമാണ്. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും നടമാടിയപ്പോള്‍ കേരളം ശാന്തമായിരുന്നു. മതപരമായ തിരിച്ചറിവ് മലയാളിയുടെ പുതുജീവിതത്തെ കലുഷമാക്കിയില്ല. പക്ഷേ ഇന്ന് ആ അവസ്ഥക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ ജനങ്ങള്‍ മതാധിഷ്ഠിതമായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഈ വിഭജനത്തെ ഏറ്റവുമധികം ഉപയോഗപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. വര്‍ഗീയത വളര്‍ത്താന്‍ ഏറെ സാധ്യതയുള്ളതാണ് വര്‍ഗീയ കലാപങ്ങള്‍. കുറച്ചു കൊല്ലങ്ങളായി വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നു. കലാപങ്ങള്‍ വര്‍ഗീയതയുടെ അവസാനമല്ല, ആരംഭമാണ്. അവരുടെ വളര്‍ച്ചയില്‍ ജാതിമത സംഘടനകളും വലിയ പങ്കു വഹിക്കുന്നു. അതുകൊണ്ട് വര്‍ഗീയതയെ ചെറുക്കണമെങ്കില്‍ ജാതിമത സംഘടനകളെ ചെറുത്തേ തീരൂ.

 

05-Jan-2015

സമകാലികം മുന്‍ലക്കങ്ങളില്‍

More