സഖാക്കളെ മുന്നോട്ട്

ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുമ്പോള്‍ സംസ്ഥാനത്തെ പാര്‍ടി അംഗങ്ങളുടെ എണ്ണം 3,70,818 ആയിരുന്നു. എന്നാല്‍, ഈ സമ്മേളനത്തിലെത്തുമ്പോള്‍ അത് 4,05,591 ആയി ഉയര്‍ന്നുകഴിഞ്ഞു. പാര്‍ടി ബ്രാഞ്ചുകളുടെ എണ്ണം കഴിഞ്ഞ സമ്മേളനകാലയളവില്‍ 28525 ആയിരുന്നുവെങ്കില്‍ ഈ സമ്മേളനത്തിലെത്തുമ്പോള്‍ അത് 29841 ആയി ഉയരുകയുണ്ടായി. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 1978ല്‍ നിന്ന് 2076 ആയി മാറി. ഏരിയകമ്മിറ്റി 202 ല്‍ നിന്ന് 206 എന്ന നിലയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ സമ്മേളനകാലയളവില്‍ വര്‍ഗബഹുജനസംഘടനകളിലും ക്ഷേമസംഘടനകളിലുമായി 1,80,44,389 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഈ സമ്മേളനത്തില്‍ എത്തുമ്പോഴേക്കും അത് 2,18,00,404 എന്ന നിലയിലും വര്‍ധിച്ചു.

സിപിഐ എം ഇരുപത്തിയൊന്നാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ആലപ്പുഴ പി കൃഷ്ണപിള്ള നഗറില്‍ ഫെബ്രുവരി 20 മുതല്‍ 23 വരെ നടക്കുകയുണ്ടായി. പുന്നപ്രവയലാര്‍ സമരപോരാളികളുടെ പിന്‍മുറക്കാര്‍ തികഞ്ഞ അച്ചടക്കത്തോടും അര്‍പ്പണബോധത്തോടെയുമാണ് സമ്മേളനം സംഘടിപ്പിച്ചത്. പാര്‍ടിയുടെ സമ്മേളന കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനപരമായും സ്വയംവിമര്‍ശനപരമായും പരിശോധിക്കുക എന്ന ഉത്തരവാദിത്തം നല്ലനിലയില്‍ നടത്തുന്നതിന് ഈ സമ്മേളനത്തിലൂടെ കഴിഞ്ഞു. പാര്‍ടിയുടെ സംഘടനാതത്വങ്ങള്‍ എല്ലാ പാര്‍ടി അംഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്ന കാര്യം സമ്മേളനം എടുത്തുപറഞ്ഞു. നേടിയ നേട്ടങ്ങള്‍ മുറുകെപ്പിടിക്കാനും കോട്ടങ്ങള്‍ തിരുത്തുന്നതിനും ഉതകുന്ന 54 ഇന ഭാവിപരിപാടികള്‍ തീരുമാനിച്ചാണ് സമ്മേളനം അവസാനിച്ചത്.

സംസ്ഥാന സമ്മേളനത്തില്‍ 558 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 574 സഖാക്കളാണ് പങ്കെടുത്തത്. സമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. സാര്‍വദേശീയരംഗത്തും ദേശീയരംഗത്തും ഈ സമ്മേളന കാലയളവില്‍ നടന്ന സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ടാണ് പ്രകാശ് കാരാട്ട് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രകാശ് കാരാട്ട് സംസാരിക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍, എം എ ബേബി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ സാമൂഹ്യരാഷ്ട്രീയസാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖരെ ക്ഷണിച്ചിരുന്നു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളംപേര്‍ ഉദ്ഘാടന സെഷനില്‍ അണിനിരന്നത് ഈ സെഷനെ ഏറെ മാറ്റുകൂട്ടി.

സമ്മേളന കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചത്. നാല് ഭാഗങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഒന്നാംഭാഗത്ത് സാര്‍വദേശീയദേശീയകേരള സ്ഥിതിഗതികളെ റിപ്പോര്‍ട്ട് വിലയിരുത്തി. കേരളത്തിലെ വര്‍ത്തമാനകാലഘട്ടത്തിലെ വര്‍ഗപരമായ ഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥിതിവിവരക്കണക്കുകളുമെല്ലാം ഈ ഭാഗത്ത് അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗം പാര്‍ടി സംഘടനയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതായിരുന്നു. മൂന്നാംഭാഗത്ത് വര്‍ഗബഹുജനസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി. നാലാംഭാഗം ഈ സമ്മേളന കാലയളവില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖകളും വിശകലനങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു.

റിപ്പോര്‍ട്ട് കാലയളവില്‍ നേരിട്ട മര്‍ദനങ്ങളെയും ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെയും അതിജീവിച്ചുകൊണ്ട് പാര്‍ടി മുന്നേറിയതിന്റെ ചിത്രം റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ സമ്മേളന കാലയളവില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെയുള്ള സഖാക്കളെ യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. പാര്‍ടിയുടെ ജില്ലാനിലവാരത്തിലടക്കമുള്ള നിരവധി സഖാക്കള്‍ക്ക് ഈ കാലയളവില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 17 സഖാക്കള്‍ ഈ സമ്മേളന കാലയളവില്‍ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായി. വലതുപക്ഷമാധ്യമങ്ങള്‍ പലതും അതിശക്തമായ പ്രചാരവേലയാണ് പാര്‍ടിക്കെതിരെ നടത്തിയത്. ഇടത് തീവ്രവാദനിലപാടുകള്‍ സ്വീകരിക്കുന്നവരും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ വലതുപക്ഷമാധ്യമങ്ങളുടെ പിന്തുണയോടെ ശക്തമായി എതിര്‍ക്കുന്ന സ്ഥിതിയുമുണ്ടായി. അതിശക്തമായ ഇത്തരം അടിച്ചമര്‍ത്തലുകളെ അതിജീവിച്ചുകൊണ്ട് പാര്‍ടി മുന്നേറുകയായിരുന്നു എന്ന കാര്യം റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുമ്പോള്‍ സംസ്ഥാനത്തെ പാര്‍ടി അംഗങ്ങളുടെ എണ്ണം 3,70,818 ആയിരുന്നു. എന്നാല്‍, ഈ സമ്മേളനത്തിലെത്തുമ്പോള്‍ അത് 4,05,591 ആയി ഉയര്‍ന്നുകഴിഞ്ഞു. പാര്‍ടി ബ്രാഞ്ചുകളുടെ എണ്ണം കഴിഞ്ഞ സമ്മേളനകാലയളവില്‍ 28525 ആയിരുന്നുവെങ്കില്‍ ഈ സമ്മേളനത്തിലെത്തുമ്പോള്‍ അത് 29841 ആയി ഉയരുകയുണ്ടായി. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 1978ല്‍ നിന്ന് 2076 ആയി മാറി. ഏരിയകമ്മിറ്റി 202 ല്‍ നിന്ന് 206 എന്ന നിലയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ സമ്മേളനകാലയളവില്‍ വര്‍ഗബഹുജനസംഘടനകളിലും ക്ഷേമസംഘടനകളിലുമായി 1,80,44,389 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഈ സമ്മേളനത്തില്‍ എത്തുമ്പോഴേക്കും അത് 2,18,00,404 എന്ന നിലയിലും വര്‍ധിച്ചു.

ഭൂപരിഷ്‌കരണം നടന്ന കേരളത്തില്‍ എല്ലാ വിഭാഗത്തില്‍ നിന്നും ഇടത്തരക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ വലിയ മാറ്റം ഇതിലൂടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ട് വര്‍ഗബഹുജനസംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പാര്‍ടി എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച് വ്യക്തമായ നയരേഖ തയ്യാറാക്കാനായതും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുകയുണ്ടായി. ട്രേഡ് യൂണിയന്‍ രേഖ, കര്‍ഷകരേഖ, കര്‍ഷകത്തൊഴിലാളി രേഖ, യുവജനരേഖ, മഹിളാരേഖ, വിദ്യാര്‍ഥിരേഖ തുടങ്ങിയവ ഇത്തരത്തില്‍പെട്ടവയാണ്. കേരളത്തിന്റെ പൊതുവായ വികസനത്തിന്റെ ഗുണഗണങ്ങള്‍ ഏറെ ലഭിക്കാത്ത വിഭാഗമാണ് പട്ടികജാതിക്കാര്‍. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പട്ടികജാതി ക്ഷേമസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും ഈ സമ്മേളനകാലയളവിലാണ്. കുറച്ചുകാലമായി മാത്രമേ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളൂ എങ്കിലും ഈ സംഘടനയില്‍ ഇപ്പോള്‍ത്തന്നെ 9,00,889 അംഗങ്ങളുണ്ട്. ആദിവാസിമേഖലയിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ആദിവാസി ക്ഷേമസമിതി ഇക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ പരിശോധനാവിഷയമായി. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നടത്തിയ ഇടപെടലുകളും വിവരിക്കുകയുണ്ടായി.

മുതലാളിത്തസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയെ സംബന്ധിച്ചിടത്തോളം അത്തരം മൂല്യങ്ങള്‍ പാര്‍ടിയിലേക്ക് കടന്നുവരുന്ന അവസ്ഥ സ്വാഭാവികമായും ഉണ്ടാകും. ഇത് കണ്ടെത്തി പ്രതിരോധിക്കുക എന്നത് പ്രധാനമാണ്. ഈ ലക്ഷ്യത്തോടെയുള്ള പാര്‍ടി പ്ലീനവും ഈ കാലയളവിലാണ് നടന്നത്. പാര്‍ടി പ്ലീനം എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കപ്പെട്ടു എന്നതുസംബന്ധിച്ച് വിശദമായ പരിശോധനയും റിപ്പോര്‍ട്ടില്‍ അടങ്ങിയിരുന്നു. മാത്രമല്ല, പ്ലീനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചുപോകേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പരിശോധന സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇടയാക്കിയതായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പാര്‍ടി നടത്തിയ അതിശക്തമായ പ്രക്ഷോഭസമരങ്ങളെയും റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. പ്രക്ഷോഭസമരങ്ങളിലുണ്ടായ നേട്ടങ്ങളും വന്നുപെട്ട പോരായ്മകളും സമ്മേളനം പരിശോധിച്ചു. പാചകവാതക സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറച്ചതിലും പാചകവാതകത്തിന്റെ വില വര്‍ധനയിലും പ്രതിഷേധിച്ചുകൊണ്ട് തിരുവനന്തപുരംമുതല്‍ കാസര്‍കോട് വരെ നടത്തിയ അടുപ്പുകൂട്ടിസമരം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. സോളാര്‍ അഴിമതി പ്രശ്‌നത്തില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന അനിശ്ചിതകാല സെക്രട്ടറിയറ്റ് ഉപരോധം ലക്ഷത്തോളംപേരെ അണിനിരത്തി നടത്തുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞു. സര്‍ക്കാരിനാകട്ടെ സെക്രട്ടറിയറ്റ് തന്നെ അടച്ചിടേണ്ട സ്ഥിതിവന്നു. അവസാനം ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു. മുഖ്യമന്ത്രിയെയും ഓഫീസിനെയും അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിയുകയുംചെയ്തു. അനിശ്ചിതകാല സെക്രട്ടറിയറ്റ് സമരത്തിന്റെ പരിണതഫലമായിട്ടാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ വരാനിടയായത് എന്നും റിപ്പോര്‍ട്ട് വിലയിരുത്തി.

ആദിവാസിമേഖലയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് അവസാനിച്ച കാര്യവും എടുത്തുപറയുകയുണ്ടായി. റിപ്പോര്‍ട്ട് കാലയളവില്‍ വര്‍ഗബഹുജനസംഘടനകള്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് വിശകലനം ചെയ്യുകയുണ്ടായി. കുടുംബശ്രീ സമരം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമരം, കശുവണ്ടിത്തൊഴിലാളി സമരം, ആശാ വര്‍ക്കേഴ്‌സ് സമരം, നിയമന നിരോധത്തിനെതിരെ യുവജനങ്ങള്‍ നടത്തിയ സമരം തുടങ്ങിയവ മുദ്രാവാക്യങ്ങള്‍ നേടിയെടുത്തുകൊണ്ടുതന്നെയാണ് അവസാനിച്ചത് എന്നും എടുത്തുപറയുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനങ്ങളും അതില്‍ പാര്‍ടി നടത്തുന്ന ഇടപെടലുകളും റിപ്പോര്‍ട്ടില്‍ വിശകലനംചെയ്തു. ഇതിന്റെ ഭാഗമായി ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുക എന്നത് വര്‍ത്തമാനകാലഘട്ടത്തിലെ സുപ്രധാന ഉത്തരവാദിത്തമാണെന്ന് വിലയിരുത്തുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയാടിത്തറ വര്‍ധിപ്പിക്കുന്നതിനുതകുന്ന നയസമീപനങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ജനകീയമായ ആവശ്യങ്ങള്‍ക്കുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ത്തന്നെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ട കാര്യവും വിലയിരുത്തുകയുണ്ടായി. ആ രംഗത്ത് നേടിയ നേട്ടങ്ങള്‍ അംഗീകരിക്കുമ്പോഴും ഇനിയും മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം നിരാലംബരായ നിരവധി രോഗികള്‍ക്ക് ആശ്വാസകരമായിത്തീര്‍ന്നിരിക്കുകയാണ്. ഇത്തരം ട്രസ്റ്റുകള്‍ സംസ്ഥാനത്ത് വിപുലമായി ആരംഭിച്ചതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ട് പരിശോധിക്കുകയുണ്ടായി. നഗരവികാസത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മാലിന്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് പാര്‍ടി നടത്തിയ ഇടപെടലുകളും വിലയിരുത്തുകയുണ്ടായി. കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് കാര്‍ഷികമേഖല വികസിച്ചിട്ടില്ല എന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് കേരളത്തില്‍ ലഭിക്കുന്ന പച്ചക്കറികള്‍ വിഷമയമാണ് എന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വിഷവിമുക്തമായ പച്ചക്കറികള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുമുള്ള വമ്പിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞ കാര്യവും അഭിമാനകരമായ ഒന്നായാണ് വിലയിരുത്തിയത്. പാരമ്പര്യരീതികളെയും ആധുനിക കൃഷിരീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. പാര്‍ടി വിദ്യാഭ്യാസരംഗത്തും കൈവരിച്ച നേട്ടവും പരിശോധനാവിഷയമായി. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍തൊട്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുവരെ പാര്‍ടി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞു. വര്‍ഗബഹുജനസംഘടനകളിലെ ആറായിരത്തോളം അംഗങ്ങള്‍ക്ക് ഇ എം എസ് അക്കാദമിയില്‍വച്ച് ക്ലാസുകള്‍ നല്‍കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു എന്നതും വലിയ നേട്ടമായി റിപ്പോര്‍ട്ട് വിലയിരുത്തി.

കേരളീയസമൂഹത്തെ പിന്നോട്ടുവലിക്കാന്‍ ശ്രമിക്കുന്ന ജാതിമതവര്‍ഗീയശക്തികള്‍ക്കെതിരായി ജാഗ്രവത്തായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു. വര്‍ഗീയവാദികള്‍ ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന പ്രശ്‌നവും കേരളത്തില്‍ സജീവമായിരിക്കുകയാണ്. ജാതീയമായി വിഭജിച്ച് വര്‍ഗീയമായി യോജിപ്പിച്ച് സംസ്ഥാനത്ത് കാലുറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാര്‍ അജന്‍ഡ. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം റിപ്പോര്‍ട്ടില്‍ ഏറെ പ്രധാന്യത്തോടെ എടുത്തുപറഞ്ഞിട്ടുണ്ട്. സാംസ്‌കാരികരംഗത്ത് സജീവമായ പ്രവര്‍ത്തനം നടത്തേണ്ടതിന്റെ പ്രാധാന്യവും പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച കേരളത്തിന്റെ മതേതര അടിത്തറയെ ദുര്‍ബലമാക്കുന്നതിന്റെ പ്രശ്‌നവും റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു.

കേരളത്തിന്റെ ജനജീവിതവുമായി ബന്ധപ്പെട്ടതും പാര്‍ടിയുടെ റിപ്പോര്‍ട്ട് കാലയളവിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനപരമായി വിലയിരുത്തുകയുംചെയ്യുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് പ്രതിനിധികളുടെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഗൗരവമായ ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു രണ്ടാംദിവസത്തെ സമ്മേളന നടപടികള്‍.

സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ സമയം മുഴുവന്‍ പൊതുചര്‍ച്ചയ്ക്കായി നീക്കിവച്ചിരുന്നു. മൂന്നാം ദിവസവും ചര്‍ച്ച തുടര്‍ന്നു. പൊതുചര്‍ച്ച 9 മണിക്കൂറും 20 മിനിറ്റും നീണ്ടു. വിവിധ ജില്ലകളെയും സ്‌പെഷ്യല്‍ യൂണിറ്റുകളെയും പ്രതിനിധാനംചെയ്ത് 55 സഖാക്കള്‍ സംസാരിച്ചു. റിപ്പോര്‍ട്ടിനെ പൊതുവില്‍ സ്വാഗതം ചെയ്യുന്നതായിരുന്നു ചര്‍ച്ച. ചില ഭാഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തേണ്ടതിന്റെയും ചില ഭാഗത്ത് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതിന്റെയും ആവശ്യകത സഖാക്കള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു.

മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് സംഘടനാ തത്വം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ പങ്കെടുത്ത സഖാക്കള്‍ ഊന്നിപ്പറയുകയുണ്ടായി. ഈ സംഘടനാ തത്വം പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. സഖാക്കള്‍ ഓരോ കാലത്തും നടത്തിയ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുമ്പോള്‍ തന്നെ പുതിയ കാലത്ത് പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം എല്ലാ സഖാക്കള്‍ക്കും ഉണ്ടെന്നും അഭിപ്രായമുയര്‍ന്നു. പാര്‍ടി എന്നത് ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ഒന്നല്ല. മാര്‍ക്‌സിസ്റ്റ് ആശയവും ലെനിനിസ്റ്റ് സംഘടനാ തത്വവുമാണ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശകമാകേണ്ടത്. അതില്‍നിന്നുള്ള വ്യതിയാനങ്ങള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യം പ്രതിനിധി സഖാക്കള്‍ എടുത്തുപറഞ്ഞു. ഒരു നേതാവും പാര്‍ടിക്ക് അതീതനല്ലെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചാണ് പ്രതിനിധി സഖാക്കള്‍ സംഘടനാ പ്രശ്‌നങ്ങളിലുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.

സാര്‍വദേശീയദേശീയ സംഭവവികാസങ്ങളെയും കേരളീയ സമൂഹത്തിന്റെ സവിശേഷതകളെ ഊന്നിക്കൊണ്ടുമുള്ള ചര്‍ച്ച സമ്മേളനത്തില്‍ സജീവമായിരുന്നു. സാര്‍വദേശീയരംഗത്തെ സംഭവവികാസങ്ങളില്‍ ചൈന സ്വീകരിക്കുന്ന നിലപാടുകളെ പ്രതിനിധി സഖാക്കള്‍ പരാമര്‍ശിച്ചു. സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈന സാര്‍വദേശീയ പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന പല സമീപനങ്ങളും വിമര്‍ശത്തിന് വിധേയമായി. കേന്ദ്രകമ്മിറ്റി ഇത്തരം പ്രശ്‌നങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ടെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരുന്ന പ്രദേശമാണ് ലാറ്റിനമേരിക്ക. അടുത്തകാലത്തായി ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വമ്പിച്ച മുന്നേറ്റത്തിനും ആ രാഷ്ട്രങ്ങള്‍ സാക്ഷ്യംവഹിക്കുന്നുണ്ട്. അവിടങ്ങളിലുണ്ടായിട്ടുള്ള അനുഭവങ്ങള്‍ വിശദമായി പരിശോധിക്കുകയും അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ സ്വീകരിക്കാന്‍ കഴിയണമെന്നും ഇക്കാര്യത്തില്‍ സൂക്ഷ്മമായ വിലയിരുത്തല്‍ കേന്ദ്രകമ്മിറ്റി നടത്തേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു.രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ ആകമാനം തകര്‍ക്കുന്ന നയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപിയുടെ നയസമീപനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വിപുലമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ആര്‍എസ്എസിന്റെ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സമഗ്രമായ പ്രസ്ഥാനം ദേശീയതലത്തില്‍ നാം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത്തരമൊരു പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ, പാര്‍ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാനാകണം. ദേശീയതലത്തില്‍ പാര്‍ടിക്കുണ്ടായ തിരിച്ചടി ശരിയായനിലയില്‍ പരിശോധിക്കാന്‍ കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കഴിയണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കേരളം നേടിയ നേട്ടങ്ങളെല്ലാം തകര്‍ക്കുന്നവിധമാണ് മുന്നോട്ടുപോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുന്നതിന് റിപ്പോര്‍ട്ട് കാലയളവില്‍ പാര്‍ടിക്ക് കഴിഞ്ഞതായി വിലയിരുത്തപ്പെട്ടു. വ്യത്യസ്തമായ നിരവധി സമരങ്ങള്‍ ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ ബലാബലത്തില്‍ വലിയ തോതില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ ദൗര്‍ബല്യം പരിഹരിക്കാനാകണം. ഈ യാഥാര്‍ഥ്യം കണക്കിലെടുത്ത് രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫിന്റെ ജനപിന്തുണ 50 ശതമാനത്തില്‍ കൂടുതലാക്കാന്‍ കഴിയേണ്ടതുണ്ട്. അത്തരം വളര്‍ച്ചയ്ക്ക് ഇടതുപക്ഷ ഐക്യം പ്രധാനമാണ്. മുന്നണിയിലെ ഓരോ ഘടകകക്ഷിയുടെയും പിന്തുണയും ശേഷിയും ഇനിയും വര്‍ധിക്കേണ്ടതുണ്ട്. പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സമരരീതികളില്‍ കാലോചിതമായ മാറ്റം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറയുകയുണ്ടായി. അടുപ്പുകൂട്ടി സമരം പോലുള്ള പ്രക്ഷോഭങ്ങള്‍ വലിയ ജനപിന്തുണ നേടിയതിന്റെ ഉദാഹരണവും അവതരിപ്പിക്കപ്പെട്ടു.റിപ്പോര്‍ട്ട് കാലയളവില്‍ പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രക്ഷോഭസമയത്ത് സര്‍ക്കാരുണ്ടാക്കിയ ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കുന്നതില്‍ ജനാധിപത്യവിരുദ്ധമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിനിധികള്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തരം വിഷയങ്ങളില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കപ്പെട്ടു.

കേരളത്തെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രദേശമാക്കി മാറ്റിയെടുക്കുന്നതില്‍ നമ്മുടെ പാര്‍ടി വഹിച്ച പങ്ക് ഏറെ വലുതാണ്. വികസനത്തിനായി ജനങ്ങളെ ആകമാനം കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം സംസ്ഥാന രൂപീകരണത്തിനു മുമ്പുതന്നെ പാര്‍ടി വ്യക്തമാക്കിയിരുന്നു. ഈ കാഴ്ചപ്പാട് കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാകണം. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെയാകമാനം കൂട്ടിയോജിപ്പിച്ച് കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് പാര്‍ടിക്ക് കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ശരിയായ ദിശാബോധം ഉണ്ടാകുക എന്നതും പ്രധാനമാണ്. അതിനായി അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ച് ഒരു ബദല്‍ വികസന പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കാനും കഴിയണം. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്തുകയെന്ന ദൗത്യം പാര്‍ടി ഏറ്റെടുക്കണമെന്ന അഭിപ്രായവുമുയര്‍ന്നു.

വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും സംഘടിപ്പിക്കണം. വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് താഴേതലത്തില്‍ തന്നെ, ചര്‍ച്ചകള്‍ നടത്തി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കണം. അതിന് അനുയോജ്യമായ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കണം.കേരളത്തില്‍ മാധ്യമങ്ങള്‍ ഇന്ന് വലിയ സ്വാധീനം ചെലുത്തുകയാണ്. കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ ശക്തമായി ഇടപെടുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കുകയാണ്. ഇത്തരം വാര്‍ത്തകളാകട്ടെ ഭൂരിഭാഗവും പാര്‍ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും എതിരായിത്തീരുന്ന സ്ഥിതി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍, മാധ്യമരംഗത്തെ നമ്മുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. അതിനായി, സിപിഐ എമ്മുമായി ബന്ധപ്പെട്ട മാധ്യമശൃംഖലയില്‍ കാലോചിതമായ പരിഷ്‌കാരം ഉണ്ടാകണമെന്നും അവയുടെ ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

വലതുപക്ഷ മാധ്യമങ്ങള്‍ വന്‍ മൂലധനത്തിന്റെ പിന്‍ബലത്തോടെ നമുക്കെതിരെ പ്രചാരണം നടത്തുമ്പോള്‍ അത്രയേറെ പണച്ചെലവില്ലാതെ തന്നെ, നമുക്ക് ഇടപെടാന്‍ കഴിയുന്ന മേഖലയാണ് നവമാധ്യമങ്ങളുടേത്. ഈ സാഹചര്യത്തില്‍ നവമാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ചര്‍ച്ച വിരല്‍ചൂണ്ടി. ഈ രംഗത്ത് താഴെതട്ടില്‍ വരെ പ്രതിരോധ ശൃംഖല രൂപപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കാന്‍ പാര്‍ടിക്ക് കഴിയേണ്ടതുണ്ട്. ഈക്കാര്യത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടാകണമെന്നും നിര്‍ദേശം ഉയര്‍ന്നുവന്നു.കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസികള്‍. കേന്ദ്ര സഹായത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് പ്രവാസികളില്‍ നിന്നായി കേരളത്തിനു ലഭിക്കുന്നത്.

കേരളത്തിലെ 100 വീട് എടുത്താല്‍ 28 വീടിന് പ്രവാസികളുമായി ബന്ധമുണ്ട്. ഈ മേഖലയിലെ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സജീവമായി ഏറ്റെടുക്കേണ്ടതുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ രംഗത്തുകാണിക്കുന്ന നിഷേധാത്മകമായ സമീപനത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനും കഴിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വന്നിട്ടുള്ള പോരായ്മ തിരുത്തേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ പദ്ധതികള്‍ നടക്കുകയാണ്. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച് വര്‍ഗീയമായി യോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്നത്. അതോടൊപ്പം തന്നെ, ന്യൂനപക്ഷ വര്‍ഗീയവാദികളും അവരുടെ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ രണ്ടു ശക്തികളും പരസ്പരം ചൂണ്ടിക്കാണിച്ച് വളരാന്‍ ശ്രമിക്കുകയാണ്. ഈ ഇടപെടല്‍ കേരളത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിക്കുന്നു.

ജാതിമതവര്‍ഗീയശക്തികള്‍ക്കെതിരായി ശക്തമായ ഇടപെടല്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും പ്രതിനിധികള്‍ എടുത്തുപറഞ്ഞു.നമ്മുടെ നാട്ടില്‍ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തോടെ ഇല്ലാതായ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരികയാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരായി മുമ്പ് പൊരുതിയ പല പ്രസ്ഥാനവും ഇന്നതിന്റെ പ്രചാരകരായി തീരുന്നു. ഇത് മനസ്സിലാക്കി ഇടപെടാന്‍ കഴിയേണ്ടതുണ്ട്. സാംസ്‌കാരികരംഗത്ത് വലതുപക്ഷശക്തികള്‍ അവരുടെ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ സാംസ്‌കാരിക അവബോധം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയണം. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നതും കേരളത്തിന്റെ ഗുണപരമായ പാരമ്പര്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. കേരളീയ സമൂഹത്തിന്റെ സവിശേഷതകളെ വിലയിരുത്തിക്കൊണ്ടും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ എടുത്തുപറയുകയുണ്ടായി.

പ്രതിനിധി സഖാക്കളുടെ ചര്‍ച്ചകള്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ച വിമര്‍ശസ്വയം വിമര്‍ശത്തിന്റെ സമീപനം ഉള്‍ക്കൊള്ളുന്ന വിധമായിരുന്നു. പ്രതിനിധി സഖാക്കളുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട് ആവശ്യമായ ഭേദഗതികള്‍ റിപ്പോര്‍ട്ടില്‍ വരുത്തുമെന്നുള്ള കാര്യവും മറുപടി പ്രസംഗത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രകമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്മേളന പ്രതിനിധികള്‍ റിപ്പോര്‍ട്ട് ഐകകണ്‌ഠ്യേന അംഗീകരിച്ചു. പാര്‍ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു പ്രതിനിധി സഖാക്കളുടെ ചര്‍ച്ചയും മറുപടിയുമെല്ലാം. പാര്‍ടിയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന്റെ സവിശേഷത കൂടി ആലപ്പുഴ സമ്മേളനം വിളംബരം ചെയ്തു.

സംസ്ഥാന കമ്മിറ്റിയെയും പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കുക എന്ന ഉത്തരവാദിത്തം ഫെബ്രുവരി 23ന് സമ്മേളനം നിറവേറ്റി. 88 അംഗ സംസ്ഥാന കമ്മിറ്റി എന്ന അംഗസംഖ്യ സമ്മേളനം അംഗീകരിച്ചു. അതില്‍ 87 സഖാക്കളെ സമ്മേളനത്തില്‍വച്ച് തെരഞ്ഞെടുത്തു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും കണ്‍ട്രോള്‍ കമീഷന്‍ അംഗങ്ങളായി അഞ്ചുപേരെയും തെരഞ്ഞെടുത്തു. സമ്മേളനഗരിയില്‍ ചേര്‍ന്ന പ്രഥമ സംസ്ഥാന കമ്മിറ്റി ഈ ലേഖകനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എല്ലാ തെരഞ്ഞെടുപ്പുകളും ഐകകണ്‌ഠ്യേനയായിരുന്നു എന്നത് പാര്‍ടി സംഘടനാപരമായി ആര്‍ജിച്ച കെട്ടുറപ്പ് തെളിയിക്കുന്നതുകൂടിയായിരുന്നു.

പാര്‍ടിയെ ശക്തിപ്പെടുത്താനും കേരളസമൂഹത്തെ മുന്നോട്ടുനയിക്കാനുമുള്ള 54 കര്‍മപദ്ധതികളും സമ്മേളനം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും അടുത്ത മൂന്നുവര്‍ഷം പാര്‍ടി നേതൃത്വം നല്‍കുക. ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നതിനുള്ള പ്രവര്‍ത്തനപദ്ധതികള്‍ ഈ സമ്മേളനം ആവിഷ്‌കരിച്ചു. അതിനായി പാര്‍ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളെടുത്തു. പാര്‍ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളെ ശക്തിപ്പെടുത്തുക എന്നതും ജനങ്ങളുമായുള്ള അവയുടെ ദൈനംദിന ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലും ഈ പരിപാടിയിലെ പ്രധാനപ്പെട്ട ഒന്നാണ്. സംസ്ഥാനതലത്തിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത് ജില്ലാകമ്മിറ്റികളെയും തുടര്‍ന്ന് കീഴ്ഘടകങ്ങളെയും കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികള്‍ തയ്യാറാക്കി. വര്‍ത്തമാനകാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

ആഗോളവല്‍ക്കരണനയം വമ്പിച്ച ദുരന്തമാണ് ജനജീവിതത്തില്‍ ഉണ്ടാക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം നയങ്ങള്‍ക്കെതിരായി അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി രൂപം നല്‍കും. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതത് മേഖലയിലെ വര്‍ഗബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കി കേരളത്തെ ഭ്രാന്താലയമാക്കുന്ന ജാതിമത ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ക്യാമ്പയിന് പാര്‍ടി നേതൃത്വം നല്‍കും. കേരളീയസമൂഹത്തിലെ പുതിയ പ്രവണതകളെ വിലയിരുത്തി പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള തീരുമാനങ്ങളുമെടുത്തു.

മേല്‍പ്പറഞ്ഞ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി തുടക്കമിട്ട പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ക്യാമ്പയിന്‍ മുന്നോട്ടുകൊണ്ടുപോകും. വിഷവിമുക്ത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ഇടപെടല്‍ ജനകീയപിന്തുണയോടെ കൂടുതല്‍ ശക്തമാക്കും. ജൈവകൃഷി വ്യാപകമായി പ്രചരിപ്പിക്കാന്‍ പാര്‍ടി നേതൃത്വം നല്‍കും. ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് വന്‍തോതില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സംഘടിപ്പിക്കും. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നത് പ്രധാന അജന്‍ഡയായി മുന്നോട്ടുവച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളെ അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സര്‍ക്കാര്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനും പശ്ചാത്തലസൗകര്യത്തിനും വേണ്ടിയുള്ള ശക്തമായ ഇടപെടല്‍ പാര്‍ടിയുടെ ഭാഗത്തുനിന്നുണ്ടാകും. സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലും പാര്‍ടി സ്വീകരിക്കും.വര്‍ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നതിന് യുവാക്കളെ ഉപയോഗപ്പെടുത്തുന്ന സ്ഥിതി വ്യാപകമാവുകയാണ്. ഇതിനെതിരായി നാട്ടിലാകമാനം വിപുലമായ ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കും. ബോധവല്‍ക്കരണത്തിനു പുറമെ, പ്രാദേശികമായി വര്‍ഗീയതയ്‌ക്കെതിരെ കൂട്ടായ്മ വളര്‍ത്താനുള്ള പരിപാടികള്‍ക്കും നേതൃത്വം നല്‍കും. ഇതിന് ആവശ്യമായ കര്‍മപദ്ധതികള്‍ക്ക് പാര്‍ടി സംസ്ഥാന കമ്മിറ്റി രൂപം നല്‍കും.

കോര്‍പറേറ്റ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കന്നട മേഖലയില്‍ കന്നടഭാഷയില്‍ ഒരു പ്രസിദ്ധീകരണം 2015ല്‍ തന്നെ ആരംഭിക്കും. തമിഴ്ഭാഷ സംസാരിക്കുന്ന മേഖലയില്‍ 'തീക്കതിര്‍' സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. വര്‍ത്തമാനകാലത്ത് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് നവമാധ്യമരംഗം. വലിയ ചെലവില്ലാതെതന്നെ ആശയപ്രചാരണത്തിന് സഹായിക്കുന്ന സംവിധാനം എന്ന നിലയില്‍ പാര്‍ടി പ്രചാരണത്തിന് താഴെതലംവരെ ഇത്തരം സംവിധാനങ്ങളെ ഉപയോഗിക്കും. സാംസ്‌കാരികരംഗത്തെ ഇടപെടലിന്റെ ഭാഗമായി ക്ലബ്ബുകളും കലസാംസ്‌കാരിക സംഘടനകളും വായനശാലകളും ഗ്രന്ഥാലയങ്ങളും മുന്‍കൈയെടുത്ത് വിവിധ കലകായിക മത്സരങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കും.

യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാട്ടിലാകെ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കും. കൃത്യമായ ഇടവേളകളില്‍ ഇവയുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.കേരളത്തില്‍ ഇന്ന് വലിയ വിഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ മാറിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഈ വസ്തുത കണക്കിലെടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള ഇടപെടല്‍ പാര്‍ടി സ്വീകരിക്കും. അസംഘടിതമേഖലയില്‍ കൊടിയ ചൂഷണമാണ് നടക്കുന്നത്. ഈ സങ്കടകരമായ അവസ്ഥ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടാകും. മദ്യാസക്തിക്കെതിരെ വര്‍ഗബഹുജനസംഘടനകള്‍ നടത്തിയ ക്യാമ്പയിന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.

കേരളവികസനം യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഈ സാഹചര്യം സൃഷ്ടിക്കുന്നതിന് ഇടയാക്കിയത് ആഗോളവല്‍ക്കരണനയങ്ങളാണ്. കേരളത്തിന്റെ മൊത്തം വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കും. കേരളത്തിന്റെ വികസനത്തിന് സംഭാവനചെയ്യാന്‍ കഴിയുന്ന എല്ലാ ആളുകളെയും കക്ഷിരാഷ്ട്രീയഭേദമന്യേ പങ്കെടുപ്പിച്ച് ഒരു വികസന അജന്‍ഡ തയ്യാറാക്കും. ഈ അജന്‍ഡ നടപ്പാക്കുന്നതിനുള്ള പോരാട്ടങ്ങളും ഇടപെടലുകളും പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കും.

പുതിയ കാലഘട്ടത്തില്‍ ആശയവ്യക്തത ഉണ്ടാവുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ പാര്‍ടിവിദ്യാഭ്യാസം തുടര്‍ച്ചയായി നല്‍കുന്നതിനുള്ള കര്‍മപദ്ധതിക്ക് സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. ഇ എം എസ് അക്കാദമിയെ അനൗപചാരിക സര്‍വകലാശാലയായി ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി ഐതിഹാസികമായി നടത്തിയ നിരവധി പോരാട്ടങ്ങളുടെ ഫലമായാണ് പാര്‍ടി ഇന്നത്തെ സാഹചര്യത്തില്‍ എത്തിയതും കേരളം വികസിച്ചതും. പാര്‍ടിയെ സംബന്ധിച്ച വിശദമായ ചരിത്രം യഥാര്‍ഥത്തില്‍ തയ്യാറാക്കപ്പെട്ടിട്ടില്ല. ഈ വസ്തുത കണക്കിലെടുത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം രൂപീകരിക്കുക എന്ന ഉത്തരവാദിത്തവും പാര്‍ടി ഏറ്റെടുത്തിരിക്കുകയാണ്.

ഇത്തരത്തില്‍ കേരളം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച കര്‍മപരിപാടികള്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ടി സമ്മേളനം പുതിയ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍കൂടി ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. പാര്‍ടി സമ്മേളനത്തിന് വന്‍തോതിലുള്ളതും എന്നാല്‍, ലളിതവുമായ തയ്യാറെടുപ്പാണ് സ്വാഗതസംഘം സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍ ഏരിയകളില്‍ സംഘടിപ്പിച്ചു. ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഉള്‍പ്പെടെ വിശദീകരിക്കുന്ന ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. നിരവധി കലകായിക മത്സരങ്ങളും നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി ആയതോടെ ജനങ്ങള്‍ ആലപ്പുഴയിലേക്ക് പ്രവഹിക്കുന്ന സാഹചര്യമാണുണ്ടായത്.

ഫെബ്രുവരി 23നാണ് പൊതുസമ്മേളനം നടന്നത്. എന്നാല്‍, അതിനും എത്രയോ മുമ്പുതന്നെ, വിവിധഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് സഖാക്കള്‍ ആലപ്പുഴയില്‍ എത്തി. 23 ആയതോടെ ആലപ്പുഴ അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി. സര്‍ സി പിയുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരെ പടനയിച്ചവരുടെ പിന്മുറക്കാര്‍ ഈ സമ്മേളനത്തെ ഹൃദയത്തില്‍ ഏറ്റുവാങ്ങി എന്നതിന്റെ തെളിവായിരുന്നു പൊതുസമ്മേളനത്തിലെ ജനപങ്കാളിത്തം. പാര്‍ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ ലേഖകന്‍ അധ്യക്ഷനായി. എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, പിണറായി വിജയന്‍, വൃന്ദാ കാരാട്ട്, എം എ ബേബി, എ കെ പത്മനാഭന്‍, ടി എം തോമസ് ഐസക്, ജി സുധാകരന്‍, സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം മഹാസംഭവമാക്കി മാറ്റാന്‍ പാര്‍ടി ആലപ്പുഴ ജില്ലാകമ്മിറ്റിയും സ്വാഗതസംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

ആലപ്പുഴയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അജയ്യതയും കരുത്തും സമരവീര്യവും എല്ലാം പ്രകടിപ്പിച്ചുള്ള മഹാപ്രവാഹമായി സമ്മേളനം മാറി. കമ്യൂണിസ്റ്റ് വിപ്ലവബോധത്തിന്റെ കരുത്തുമായി മുന്നേറിയ ജനലക്ഷങ്ങള്‍, അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രതീക്ഷ സിപിഐ എം തന്നെയാണെന്ന് വ്യക്തമാക്കി. കേരളത്തിലെ പാര്‍ടി സമ്മേളനങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം നേടിയാണ് ആലപ്പുഴ സമ്മേളനം സമാപിച്ചത്. പാര്‍ടിയെ സംഘടനാപരമായും രാഷ്ട്രീയമായും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കേരളത്തെ മുന്നോട്ടുനയിക്കാനുമുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കി പുന്നപ്രവയലാര്‍ രക്തസാക്ഷികളുടെ മണ്ണില്‍ അവസാനിച്ച ആലപ്പുഴ സംസ്ഥാന സമ്മേളനം പാര്‍ടിക്കാകെ പുതു ആവേശമാണ് പകര്‍ന്നത്. പാര്‍ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഉറപ്പുനല്‍കുന്നതിനു കൂടി ഈ അവസരം ഉപയോഗപ്പെടുത്തട്ടെ. അത്തരം പ്രവര്‍ത്തനത്തിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. 

03-Mar-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More