ഈ നാടിന്റെ മനസാക്ഷി മരവിച്ചിട്ടില്ല

ആരാണിവര്‍? മഹാശക്തന്മാര്‍? ഒരു യുദ്ധം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടമട്ടില്‍ ഒരു അതിവേഗ വിമാനത്താവളം പണിയാനൊരുങ്ങുന്നവര്‍? എല്ലാ വ്യവസ്ഥകളെയും മര്യാദകളെയും ലംഘിക്കാന്‍ ധൈര്യപ്പെടുന്നവര്‍? സാക്ഷാല്‍ ഇന്ത്യന്‍ പ്രസിഡന്റിനെക്കൊണ്ടുപോലും നിയമവിരുദ്ധമായൊരു വസ്തുത പാര്‍ലമെന്റില്‍ വിളിച്ചുപറയിക്കാന്‍ തക്ക സ്വാധീനമുള്ളവര്‍? ആരെതിര്‍ത്താലും ഇത് നടപ്പിലാക്കും എന്ന് നാടിന്റെ മുഖ്യമന്ത്രിയെക്കൊണ്ട് നൂറുവട്ടം പറയിക്കാന്‍ കെല്‍പുള്ളവര്‍? ഉള്ളില്‍ കഠിനമായ എതിര്‍പ്പുള്ള കോണ്‍ഗ്രസ്, സഖ്യകക്ഷി നേതാക്കളെപ്പോലും നിശ്ശബ്ദരാക്കിയിരിക്കുന്നവര്‍? കേന്ദ്ര, കേരള സര്‍ക്കാറുകളെ വരച്ചവരയില്‍ നിര്‍ത്തി അനീതി പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മുഖമില്ലാത്ത മഹാശക്തികള്‍? ആരാണിവര്‍?ആരുമാകട്ടെ, ഈ നാടിന്റെ മനസ്സാക്ഷി മരിച്ചിട്ടില്ല, മരിക്കുകയുമില്ല എന്ന് അവരും നാടുവാഴുന്നവരും അറിയുന്നത് നന്ന്.

കഥയുടെ തുടക്കം ഇങ്ങനെ: കൈയില്‍ പണമുള്ള ഒരു വ്യക്തി വന്ന് ആറന്മുളയെന്ന നാട്ടിന്‍പുറത്ത് കുറേ നിലങ്ങള്‍ വാങ്ങുന്നു. മീന്‍വളര്‍ത്തലിന് വേണ്ടിയെന്നാണ് ആദ്യമറിഞ്ഞത്. പിന്നീട് ഒരു വിദ്യാഭ്യാസ സ്ഥാപനം, ഏറോനോട്ടിക് എന്‍ജിനീയറിങ് കോളേജ് തുടങ്ങുകയെന്നായി ലക്ഷ്യം. കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു ചെറിയ എയര്‍ സ്ട്രിപ്പ് വേണം. യാതൊരു കൂസലുമില്ലാതെ അദ്ദേഹം കുറേ വയല്‍ നികത്തി. അടുത്തുള്ള ചില കുന്നുകള്‍ ഇടിച്ച് മണ്ണ് കൊണ്ടുവന്ന് മറിച്ച് പാടശേഖരത്തിന് നടുവിലെ ഒരേക്കറോളം വരുന്ന തണ്ണീര്‍ത്തടമായ കരിമാരംതോട് നികത്തുന്നു! തോട് തിരിഞ്ഞൊഴുകി പാടമെല്ലാം ചെളികെട്ടുന്നു. നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. ഫലമില്ല. പിന്നീട് നാട്ടുകാര്‍ കളക്ടര്‍ക്കും കോടതിയിലും പരാതികള്‍ നല്‍കുന്നു. പാടില്ല എന്നും മണ്ണുമാറ്റി തോടിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നും കളക്ടര്‍ ഓര്‍ഡറിടുന്നു. അതുതന്നെ പിന്നീട് കോടതിയും പറയുന്നു. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല. അതിനിടയില്‍ ആ ഭൂമി മുഴുവന്‍ ഒരു സ്വകാര്യ കമ്പനി വാങ്ങിക്കഴിഞ്ഞു. ഇതാ ആറന്മുളയിലൊരു ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് വരുന്നു! അനുബന്ധസ്ഥാപനങ്ങള്‍ പിറകെ!

അത്യത്ഭുതത്തോടെയാണ് കേരളം ഈ വിസ്മയക്കാഴ്ച ഇപ്പോഴും കണ്ടുനില്‍ക്കുന്നത്. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി രാഷ്ട്രത്തിന്റെ നിയമങ്ങള്‍ തകിടംമറിയുന്ന കാഴ്ച! യാതൊരു ആവശ്യവുമില്ലാത്ത ഒരു വിമാനത്താവളത്തിനുവേണ്ടി ഒരു നദീതീര പൈതൃകഗ്രാമത്തിന്റെ മുഖച്ഛായ പാടേ മാറ്റാന്‍ സര്‍ക്കാര്‍ നിയമസംഹിതകള്‍ അടിമുടി ഉടച്ചുവാര്‍ക്കുന്ന വിചിത്രദൃശ്യം!

പമ്പാതീരത്തെ ഒരു പുരാതന പൈതൃകഗ്രാമത്തില്‍ അങ്ങനെയൊരു സ്വകാര്യ വിമാനത്താവളം ആവശ്യമുണ്ടോ എന്നുപോലും സമഗ്രപരിശോധന നടത്താതെ, അന്ന് ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കുന്നു! പോരാ, ആ പ്രദേശം മുഴുവനും വ്യവസായമേഖലയായി പ്രഖ്യാപിക്കുന്നു. അതും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ്, തലേന്നും പിറ്റേന്നുമായി!! ശ്വാസംമുട്ടിക്കുന്ന വേഗത്തിലാണ് ഇതുസംബന്ധിക്കുന്ന ഫയലുകള്‍ നീങ്ങിയതും കുറിപ്പുകള്‍ എഴുതിയതും ഒപ്പുകള്‍ സമ്പാദിച്ചതുമെന്ന് ശ്രദ്ധിക്കുക. തിരുവനന്തപുരത്ത് മാത്രമല്ല, അങ്ങ് ഡല്‍ഹിയിലും ചരടുവലികള്‍ അതിദ്രുതം നടന്നുവെന്നതും ശ്രദ്ധിക്കുക.

പക്ഷേ, പിന്നീട് വി.എസ്. പറഞ്ഞു “എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടുവേണം എന്നാണ് ഞാന്‍ പറഞ്ഞത്''. പിണറായിയും അന്ന് മന്ത്രിസഭാംഗങ്ങളായിരുന്ന എം.എ. ബേബിയും തോമസ് ഐസക്കും മുല്ലക്കരയും കെ.പി. രാജേന്ദ്രനും ബിനോയ് വിശ്വവും പറഞ്ഞു “അത് തെറ്റായിപ്പോയി. തിരുത്തേണ്ടതാണ്. തിരുത്തണം.''

എന്നാല്‍, തിരഞ്ഞെടുപ്പ് വന്ന് ഇടതുപക്ഷം മാറി വലതുപക്ഷം അധികാരമേറ്റപ്പോള്‍ അത്ഭുതം! കൂടുതല്‍ തീവ്രവേഗത്തോടെയും വിധേയത്വത്തോടെയും ഫയലുകള്‍ പറന്നുനീങ്ങിത്തുടങ്ങി! പുതുതായി ഭരണമേറ്റ മുഖ്യമന്ത്രി പ്രഖ്യാപിച്ചു “തീര്‍ച്ചയായും ആറന്മുള വിമാനത്താവളം നടപ്പിലാക്കുന്നതാണ്''.

ആറന്മുളയില്‍ പ്രതിഷേധം ഉയരുകയായി. അപ്പോള്‍ മുഖ്യമന്ത്രി പറയുന്നു “ഇത് ഞങ്ങളുടേതല്ല. കഴിഞ്ഞ സര്‍ക്കാറിന്റെ തീരുമാനമാണ്''.

കഴിഞ്ഞസര്‍ക്കാറിന്റെ തെറ്റ് തുടരാനാണോ നിങ്ങളെ വോട്ടുചെയ്ത് കയറ്റിയതെന്ന് ചോദിക്കരുത്. മറുപടിയില്ല. മുഖ്യമന്ത്രി അന്നും ഇന്നും അതേ വാചകം ആവര്‍ത്തിക്കുന്നു. “ഇത് എല്‍.ഡി.എഫിന്റേതാണ്. ഞങ്ങളുടേതല്ല.''കമ്പനിക്കാരുടെ വകയായി ഒരു മോഹനദൃശ്യം ആറന്മുളക്കാരുടെ മുന്നില്‍ വരച്ചുകാട്ടപ്പെട്ടു. അന്തര്‍ദേശീയ വിമാനത്താവളം, ടൂറിസ്റ്റുകളുടെ പ്രവാഹം! ഇന്റര്‍നാഷണല്‍ ഹോട്ടല്‍, ഷോപ്പിങ് മാളുകള്‍! ഗ്രാമം ആകെ മാറുന്നു. വലിയ റോഡുകള്‍! വന്‍ കച്ചവടം! സമ്പന്നരായ അയ്യപ്പന്മാരിനി കല്ലും മുള്ളും ചവിട്ടി കഷ്ടപ്പെടേണ്ടാ! ആയിരക്കണക്കിന് തൊഴില്‍സാധ്യതകള്‍! പക്ഷേ, പാവപ്പെട്ടവര്‍ ചോദിച്ചു: “അപ്പോള്‍ ഞങ്ങളുടെ അന്നമോ? കുടിവെള്ളമോ? കിടപ്പാടമോ?''

ചോദ്യങ്ങള്‍ ആരുത്. കേരളത്തിലിനി ഒരുപിടി വയലുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും വയലെന്നാല്‍ അന്നം മാത്രമല്ല ജലസംഭരണികൂടിയാണെന്നും കേരളത്തിന്റെ ഭൂഗര്‍ഭജലവിതാനം അത്യപകടകരമായി താണുകഴിഞ്ഞുവെന്നും ആരും ഇനി മിണ്ടരുത്. വികസനമാണിത്.

കമ്പനി സമര്‍പ്പിച്ച പാരിസ്ഥിതിക റിപ്പോര്‍ട്ട്, മധുര ആസ്ഥാനമാക്കിയ ഒരു സ്ഥാപനം തയ്യാറാക്കി നല്‍കിയതിന്റെ അടിസ്ഥാനതത്ത്വം നോക്കുക: “നിര്‍ദിഷ്ടമായ സ്ഥലത്ത് ഒരു തണ്ണീര്‍ത്തടവുമില്ല, വെറും ഭൂമിയാണ്''. തോടുകള്‍ നിറഞ്ഞൊഴുകുന്നതും വെള്ളം പലയിടത്തും കുളംപോലെ കെട്ടിക്കിടക്കുന്നതും ചതുപ്പുകള്‍ നിറഞ്ഞതും വിശാലമായ വയലുകള്‍  അവ പലതും പുല്ലുപിടിച്ചുകിടക്കുകയാണ്  നിരന്നുകാണുന്നതുമായ ഒരു ഹരിതഭൂമിയെപ്പറ്റി എഴുതിയിരിക്കുന്ന അസത്യം, ഒരു തമിഴ്‌നാട് കമ്പനിയുടെ പരിശോധനാ റിപ്പോര്‍ട്ട്, കേരള, കേന്ദ്ര സര്‍ക്കാറുകള്‍ ചോദ്യംചെയ്യാതെ അംഗീകരിക്കുന്നു! അതേസമയം, ഡോ. വി.എസ്. വിജയന്റെ നേതൃത്വത്തിലുള്ള സലിം ആലി ഫൗണ്ടേഷന്റെ വിശദപരിശോധനാ റിപ്പോര്‍ട്ട് പാടേ അവഗണിക്കപ്പെടുന്നു!

ആറന്മുള മല്ലപ്പുഴശ്ശേരിയിലെ ഗ്രാമസഭകള്‍ കൂടി തീരുമാനമെടുക്കേണ്ടതാണെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. ആറന്മുളയില്‍ പ്രതിഷേധമിരമ്പുന്നു. സ്ഥലവാസികളായ 1,864 പേര്‍, വീട്ടുവിലാസവും സര്‍വേ നമ്പറും ഉള്‍പ്പെടെ പ്രത്യേക ഷീറ്റുകളില്‍ ഒപ്പിട്ട് നല്‍കിയ കൂറ്റന്‍ നിവേദനക്കെട്ട് ഞങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സമര്‍പ്പിക്കുന്നു. അദ്ദേഹം പറഞ്ഞു, “ഇനിയൊരുപിടി മണ്ണുപോലും അവിടെ ഇടുകയില്ല''. പിന്നെ വിമാനത്താവളമെങ്ങനെ നിര്‍മിക്കും? ഞങ്ങള്‍ക്ക് മനസ്സിലായില്ല. വീണ്ടുമൊരിക്കല്‍ ഞങ്ങള്‍ തണ്ണീര്‍ത്തടത്തിന്റെ ഫോട്ടോകളും സ്ഥലത്തിന്റെ സാറ്റലൈറ്റ് ഭൂപടവും വിശദവിവരങ്ങളുമായി മുഖ്യമന്ത്രിയെക്കണ്ട് സമര്‍പ്പിക്കുന്നു. അരുത് എന്ന് അപേക്ഷിക്കുന്നു. അദ്ദേഹം ആവര്‍ത്തിക്കുന്നു “ഇത് കഴിഞ്ഞ സര്‍ക്കാറിന്റേതാണ്. നടത്താതെ നിവൃത്തിയില്ല.''

അവിടെ നടന്ന വിവിധ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തി പത്തനംതിട്ട കളക്ടര്‍ വിമാനത്താവളത്തിന് അനുമതിനിഷേധിക്കുന്നു. കളക്ടറും ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡിസ്ട്രിക്ട് ഓഫീസറും അടക്കമുള്ള ഒട്ടേറെ ഉദ്യോഗസ്ഥര്‍ രായ്ക്കുരാമാനം പിറകേപ്പിറകേ നാടുകടത്തപ്പെടുന്നു! പത്തോളം വിവിധ കേസുകള്‍ കോടതികളിലെത്തുന്നു. പദ്ധതിയുടെ അപ്രായോഗികതയെപ്പറ്റി എയര്‍പ്പോര്‍ട്ട് അതോറിറ്റി വിശദമായി എഴുതുന്നു, വേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ല. ഒരു വിമാനത്താവളത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള 150 കി.മീ. ആകാശദൂരം ഇവിടെ 90 ആക്കി ചുരുക്കേണ്ടിവന്നിരിക്കുന്നു. കൊച്ചിയിലെ നേവല്‍ എയര്‍പ്പോര്‍ട്ടില്‍നിന്ന് 65 കി.മീ. ആകാശദൂരം മാത്രമേ ആറന്മുളയ്ക്കുള്ളൂ. അവരുടെ ലോക്കല്‍ ഫഌിങ് ഏരിയ (Local Flying Area) യില്‍ പെടുന്നതാണ് ആറന്മുള. സുഗമമായ പ്രവര്‍ത്തനത്തെ ഇത് ഗൗരവമായി ബാധിക്കും. കൂടാതെ തണ്ണീര്‍ത്തടങ്ങളും തോടുകളും നികത്തണം, മലകള്‍ ഇടിക്കണം. ആറന്മുള ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കണം. ഇതൊന്നും ആരും അറിയുന്നില്ല: ഫയല്‍ പൂഴ്ത്തിവെക്കപ്പെടുന്നു.

പാടില്ല എന്ന് നേവി എഴുതുന്നു. “ഐ.എന്‍.എസ്. ഗരുഡയുടെ വിമാനങ്ങളുടെ പറക്കല്‍പരിധിക്ക് ഇത് ഗുരുതരമായ വിഘാതമാകും. വിമാനത്താവളം നിര്‍മിക്കാന്‍വേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കാറ്റൊഴുക്കിന്റെ ഗതിപരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.” നേവിക്കാര്‍ നാലുവട്ടം വൈഷമ്യങ്ങള്‍ ചൂണ്ടിക്കാട്ടി എഴുത്തുകുത്തുകള്‍ നടത്തി. ഫലമുണ്ടായില്ല. അവര്‍ നിശ്ശബ്ദരായി. ഇതേ കാരണങ്ങളാല്‍ അരുത് എന്ന് നേവി ഡിഫന്‍സിനെ അറിയിച്ചു. ഡിഫന്‍സ് രണ്ടുവട്ടം അനുമതിനിഷേധിച്ചു. അതും കാറ്റില്‍പ്പറത്തപ്പെട്ടു.

ഇങ്ങനെയൊരു വിമാനത്താവളം ആവശ്യമില്ല എന്ന് കസ്റ്റംസ് തടസ്സമുന്നയിച്ചു. മറ്റ് വിമാനത്താവളങ്ങളുടെ ഉപയോഗം പരിമിതപ്പെടും. ഫലമുണ്ടായില്ല. അരുത് എന്ന് സീതാറാം യെച്ചൂരി, സി.പി.എം. നേതാവ്, നയിക്കുന്ന കേന്ദ്ര പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശിച്ചു, ആരും കേട്ടില്ല. ഒരിക്കലും പാടില്ല എന്ന് സി.പി. മുഹമ്മദ് (കോണ്‍ഗ്രസ്) നയിക്കുന്ന കേരള നിയമസഭാ പരിസ്ഥിതി കമ്മിറ്റി നിഷേധിച്ചു. നിയമസഭയുടെ മേശപ്പുറത്തുവെക്കപ്പെട്ട ആ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ എറിയപ്പെട്ടു.

ആറന്മുള വിമാനത്താവളം പാടില്ല എന്ന് ഒപ്പിട്ടുതന്ന 72+2 എം.എല്‍.എ.മാരും അരുത് എന്ന് പലവട്ടം പറഞ്ഞ കെ. മുരളീധരന്‍, പി.സി. ജോര്‍ജ് ഉള്‍പ്പെടെ 76 പേരും ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ കണ്ടില്ല, കേട്ടില്ല! മിച്ചഭൂമി നിയമലംഘനമെന്ന കുറ്റം സാധൂകരിച്ചുകൊടുക്കാന്‍വേണ്ടി സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതിയില്‍ 10 ശതമാനം ഓഹരിയെടുക്കുന്നു. അനീതിക്ക് കൂട്ടുപങ്കാളിത്തം! പാടില്ല എന്ന് വി.ആര്‍. കൃഷ്ണയ്യരെപ്പോലുള്ള ജസ്റ്റിസുമാരും കര്‍ദിനാള്‍, ബിഷപ്പുമാര്‍, ഹിന്ദു മഠാധിപതികള്‍, മുസ്‌ലിം പുരോഹിതന്മാര്‍, ഗാന്ധിസ്മാരക സമിതിയിലെ മുതിര്‍ന്ന നേതാക്കന്മാര്‍ തുടങ്ങിയവര്‍ കൈചൂണ്ടി ആജ്ഞാപിക്കുന്നു. സര്‍ക്കാര്‍ അനങ്ങുന്നില്ല.

പദ്മഭൂഷണ്‍, ജ്ഞാനപീഠ ജേതാക്കളും സാഹിത്യകാരന്മാരും മുന്‍ അംബാസഡറും വിവിധ സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും പാടില്ല എന്ന് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ അവഗണിക്കുന്നു. ആരെതിര്‍ത്താലും വിമാനം പറത്തും. വി.എസ്സും പിണറായിയും വി.എം. സുധീരനും പന്ന്യന്‍ രവീന്ദ്രനും ഒ. രാജഗോപാലും പ്രേമചന്ദ്രനും മാത്യു ടി. തോമസ്സും വി. മുരളീധരനും ഒരേസ്വരത്തില്‍ ഇത് പാടില്ല എന്ന് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ കേട്ടമട്ട് നടിക്കുന്നില്ല.

ഇത് ആ പ്രദേശത്ത് കഠിനമായ പാരിസ്ഥിതികാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അനുവദിക്കരുത് എന്നും ജൈവവൈവിധ്യബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കുന്നു  ആരുകേള്‍ക്കാനാണ്!

നിയമലംഘനങ്ങളും നിവേദനങ്ങളും പ്രമുഖരുടെയും എം.എല്‍.എ.മാരുടെയും ഒപ്പുകളും രേഖകളുമെല്ലാം ക്രോഡീകരിച്ച് ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും ജയന്തി നടരാജനും എ.കെ. ആന്റണിക്കുമെല്ലാം സമര്‍പ്പിക്കപ്പെടുന്നു. നിഷ്ഫലം!

കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി, ജനതാദള്‍, ആര്‍.എസ്.പി. തുടങ്ങിയ വലുതും ചെറുതുമായ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പത്തനംതിട്ട മഹാസമ്മേളനത്തില്‍ കൈകോര്‍ത്തുനിന്ന് ഈ വിമാനത്താവളം അനുവദിക്കുകയില്ല എന്ന് സത്യപ്രതിജ്ഞയെടുക്കുന്നു. സര്‍ക്കാര്‍ അതറിഞ്ഞതേയില്ല.

എഴുപത്തിയഞ്ചിലധികം സന്ന്യാസിമാര്‍, ശ്രീരാമകൃഷ്ണമിഷന്‍ തിരുവല്ലാ ആശ്രമാധിപതി ശ്രീഗോലോകാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ തിരുവാറന്മുള ക്ഷേത്രത്തില്‍ ഒരുദിവസത്തെ ഉപവാസപ്രാര്‍ഥന നടത്തുന്നു. ആറന്മുളയുടെ പുത്രിമാര്‍ പൊങ്കാലയിട്ട് പ്രതിഷേധിക്കുന്നു. 52 പള്ളിയോട സംഘക്കാര്‍ വള്ളപ്പാട്ടുപാടി വിളക്കുകൊളുത്തി ഈ കടന്നുകയറലിനെ നിഷേധിക്കുന്നു. എല്ലാ പാര്‍ട്ടികളുടെയും പ്രതിഷേധജാഥകളും യോഗങ്ങളും പ്രസ്താവനകളും ഇപ്പോഴും നടക്കുന്നുവെങ്കിലും ഇവയെല്ലാം അപ്രധാനമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.

ഞങ്ങള്‍ പരിസ്ഥിതിക്കാര്‍, ഗതികിട്ടാത്തവര്‍, എം.കെ. പ്രസാദും, വി.എസ്. വിജയനും ആര്‍.വി.ജി.യും ശാസ്ത്രസാഹിത്യപരിഷത്തും അങ്ങനെ നൂറുനൂറു പേര്‍ ആദിമുതല്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു, അരുത്! സര്‍ക്കാര്‍ ബധിരമാണ്.

ഇത് വായിക്കുന്നവര്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക. റവന്യൂ പറഞ്ഞു, ഇത് നിയമലംഘനമാണ്. എയര്‍പ്പോര്‍ട്ട് അതോറിറ്റി പറഞ്ഞു, ഇത് ശരിയല്ല. കസ്റ്റംസ് പറഞ്ഞു, ഇത് അനാവശ്യമാണ്. അക്കൗണ്ട്‌സ് ഓഫീസ് പറഞ്ഞു, തെറ്റായ കാര്യങ്ങള്‍ നടന്നിരിക്കുന്നു. കിറ്റ്‌കോ പറഞ്ഞു, ഇത് ഞങ്ങളറിഞ്ഞതല്ല. ജൈവവൈവിധ്യ ബോര്‍ഡ് പറഞ്ഞു, ഇത് അരുതാത്തതാണ്. കര്‍ഷകര്‍ പറയുന്നു, ഇത് അന്നത്തോട് ചെയ്യുന്ന ദ്രോഹമാണ്. നാട്ടുകാര്‍ പറയുന്നു, ഇത് ഞങ്ങളുടെ കുടിവെള്ളം മുട്ടിക്കും. പൈതൃകഗ്രാമക്കാര്‍ പറയുന്നു, ഇത് തിരുവാറന്മുളയപ്പനോടും പമ്പയാറിനോടും കാട്ടുന്ന കടുത്ത നിന്ദയാണ്.

കുറേനാള്‍ പിടിച്ചുനിന്ന പരിസ്ഥിതിവകുപ്പ് ഇതാ അനുവദിക്കുന്നു! തടസ്സങ്ങള്‍ ഉന്നയിച്ച റവന്യൂ വകുപ്പും ഡിഫന്‍സും നേവിയും എയര്‍പ്പോര്‍ട്ട് അതോറിറ്റിയും എല്ലാവരും തലകുനിക്കുന്നു. നിയമവകുപ്പ് നിശ്ശബ്ദത പാലിക്കുന്നു. കോടതികളോ? ഞങ്ങള്‍ നീതികിട്ടാന്‍ കാത്തുനില്‍ക്കുകയാണ്.

ഈശ്വരാ, അപ്പോള്‍ ആരാണിവര്‍? മഹാശക്തന്മാര്‍? ഒരു യുദ്ധം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടമട്ടില്‍ ഒരു അതിവേഗ വിമാനത്താവളം പണിയാനൊരുങ്ങുന്നവര്‍? എല്ലാ വ്യവസ്ഥകളെയും മര്യാദകളെയും ലംഘിക്കാന്‍ ധൈര്യപ്പെടുന്നവര്‍? സാക്ഷാല്‍ ഇന്ത്യന്‍ പ്രസിഡന്റിനെക്കൊണ്ടുപോലും നിയമവിരുദ്ധമായൊരു വസ്തുത പാര്‍ലമെന്റില്‍ വിളിച്ചുപറയിക്കാന്‍ തക്ക സ്വാധീനമുള്ളവര്‍? ആരെതിര്‍ത്താലും ഇത് നടപ്പിലാക്കും എന്ന് നാടിന്റെ മുഖ്യമന്ത്രിയെക്കൊണ്ട് നൂറുവട്ടം പറയിക്കാന്‍ കെല്‍പുള്ളവര്‍? ഉള്ളില്‍ കഠിനമായ എതിര്‍പ്പുള്ള കോണ്‍ഗ്രസ്, സഖ്യകക്ഷി നേതാക്കളെപ്പോലും നിശ്ശബ്ദരാക്കിയിരിക്കുന്നവര്‍? കേന്ദ്ര, കേരള സര്‍ക്കാറുകളെ വരച്ചവരയില്‍ നിര്‍ത്തി അനീതി പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മുഖമില്ലാത്ത മഹാശക്തികള്‍? ആരാണിവര്‍?

ആരുമാകട്ടെ, ഈ നാടിന്റെ മനസ്സാക്ഷി മരിച്ചിട്ടില്ല, മരിക്കുകയുമില്ല എന്ന് അവരും നാടുവാഴുന്നവരും അറിയുന്നത് നന്ന്.

 

16-Dec-2013

മണ്ണും മനുഷ്യനും മുന്‍ലക്കങ്ങളില്‍

More