വേശ്യാലയസംസ്‌കാരം നമുക്ക് വേണ്ട

സ്ത്രീ പ്രശ്‌നങ്ങളോട്, വേശ്യാലയ സംസ്‌കാരവുമായി നില്‍ക്കുന്ന ഭരണകൂടത്തിന് എങ്ങിനെയാണ് അനുഭാവപൂര്‍വ്വം സമീപിക്കാന്‍ സാധിക്കുക? സ്ത്രീകള്‍ സ്വാതന്ത്ര്യവും തുല്യതയുമുള്ള രാജ്യത്തെ പൗരര്‍ ആണ്. അവരെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, വികസനധാരകളില്‍ കൈപിടിച്ചുയര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ മന്ത്രിമാര്‍ സ്ത്രീകളെ നോക്കി കാണുന്നത് വെറും ശരീരങ്ങള്‍ മാത്രമായാണ്. ഉപയോഗിക്കാനും കൈമാറാനുമുള്ള ചരക്കാണ് അവര്‍ക്ക് സ്ത്രീത്വം. ഇക്കൂട്ടര്‍ക്ക് എങ്ങിനെയാണ് സ്ത്രീകളുടെ പ്രശ്‌നങ്ങളെ ആത്മാര്‍ത്ഥമായി അഭിമുഖീകരിക്കാന്‍ കഴിയുക? ഈ ദുഷിച്ച രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍, ഈ വിഷയത്തെ ഗൗരവത്തോടെ അഭിമുഖീകരിക്കാന്‍ തയ്യാറാവണം. ലിംഗപരമായുള്ള അടിച്ചമര്‍ത്തലിനെതിരെ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട്, സമൂഹ്യപരിഷ്‌കരണത്തിനുവേണ്ടി ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുന്ന വിശാലമായ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തുകൊണ്ട് ഒരു മുന്നേറ്റം ഇന്ന് ആവശ്യമാണ്. അപ്പോള്‍ തൂത്തെറിയപ്പെടാനുള്ളതാണ് കേരളത്തിലെ മന്ത്രിമാരടക്കം വെച്ചുപുലര്‍ത്തുന്ന വലതുപക്ഷത്തിന്റെ ഈ വേശ്യാലയ സംസ്‌കാരം.

കേരളത്തെ ഉമ്മന്‍ചാണ്ടിയും സംഘവും എങ്ങോട്ടാണ് നയിക്കുന്നത്? വെറും മുന്നണി രാഷ്ട്രീയത്തിന്റെ അധപതനമായി മാത്രമല്ല ഈ അവസ്ഥയെ വിലയിരുത്തേണ്ടത്. ഈ രാഷ്ട്രീയസംസ്‌കാരം കേരളത്തെ പലപ്പോഴും നവോത്ഥാനപൂര്‍വ സാമൂഹ്യപരിസരത്തിലേക്കാണ് തള്ളിയിടുന്നത്. ഈയടുത്ത ദിവസങ്ങളില്‍ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പക്ഷെ, അത് അര്‍ഹിക്കുന്ന രീതിയില്‍ നമ്മുടെ സമൂഹം വിലയിരുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. ഇതൊരു ഗൗരവമുള്ള വിഷയമല്ല എന്നുള്ള രീതിയിലാണ് മിക്ക മാധ്യമങ്ങളും നിലപാട് സ്വീകരിച്ചത്. ചില കുത്തക പത്രങ്ങള്‍ ആ വെളിപ്പെടുത്തലിനെ തമസ്‌കരിക്കുക തന്നെ ചെയ്തു.

മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസുമായുള്ള സംഭാഷണത്തിലാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളെ കുറിച്ച് സരിത എസ് നായര്‍ തുറന്നുപറഞ്ഞത്. “തന്റെ കെണിയില്‍പ്പെട്ട സ്ത്രീയെ ഉപയോഗിക്കുന്ന മന്ത്രി അവര്‍ വില്ലിങ്ങാണെങ്കില്‍ അടുത്ത ആളിന് നല്‍കും. ഈ മന്ത്രിക്ക് ബോധിച്ചാല്‍ അവരെ അടുത്തയാള്‍ കാണഉം. ഒരു ചങ്ങലയായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം അണ്ടര്‍ഗ്രൗണ്ട് വര്‍ക്കാ. ഇരയാകുന്ന സ്ത്രീക്ക് ഇത് മനസിലാവുന്നില്ല.” എന്തൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണിത്! മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയാതെ മന്ത്രിമാര്‍ക്ക് ഇത്തരത്തിലുള്ള ലൈംഗിക അരാജകത്വത്തില്‍ ഏര്‍പ്പെടാനാകുമോ? ഇത് കേരളം തന്നെയല്ലേ? ഇവിടെ സ്ത്രീകളെ കെണിയിലാക്കാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ഒരു ലോബിയായാണ് പ്രവര്‍ത്തിക്കുന്നത്. വലയില്‍പ്പെട്ട സ്ത്രീയെ ആദ്യം ഒരാള്‍ ഉപയോഗിക്കും. തുടര്‍ന്ന് മറ്റൊരാള്‍ക്ക് കൈമാറും എന്ന് പറയുമ്പോള്‍ വേശ്യാലയ നടത്തിപ്പുകാരുടെ മനോനിലയിലാണ് സംസ്ഥാനത്തെ മന്ത്രിമാരുള്ളത് എന്ന് ചുരുക്കാം.
മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരുടെ പേര് സുനിത പരാമര്‍ശിച്ചപ്പോള്‍ അവര്‍ മാത്രമല്ല ഇനിയുമേറെയുണ്ട് എന്നാണ് സരിത എസ് നായര്‍ മറുപടി പറയുന്നത്. ടീം സോളാര്‍ കമ്പനിക്ക് കരാറുകള്‍ നല്‍കാമെന്നും മറ്റും പറഞ്ഞാണ് പലരും തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തിയതെന്നും സരിത പറയുന്നുണ്ട്. ആരോപണ വിധേയരാവരില്‍ ഒരു മന്ത്രി പരിചയപ്പെട്ട ദിവസം തന്നെ ഫോണ്‍വിളി ആരംഭിച്ചു. ഇതിനായി അദ്ദേഹം ഒരു സിംകാര്‍ഡ് തന്നെയെടുത്തു. ഒറ്റരാത്രി 65 തവണ തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട് എന്നും സരിത പറയുമ്പോള്‍, കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയമെന്താണെന്നും എത്രമാത്രം തരംതാണ അവസ്ഥയിലാണ് അവര്‍ എത്തി നില്‍ക്കുന്നതെന്നും മനസിലാവും.

കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫ് ആണ് കേരളത്തിലെ ഭരണമുന്നണി. കോണ്‍ഗ്രസ് പിന്‍പറ്റുന്ന നവലിബറല്‍ ആഗോളവത്കരണ നയങ്ങളുടെ ബഹിര്‍സ്ഫുരണമായി തന്നെയാണ് ഈ സംസ്‌കാരത്തെ കാണേണ്ടത്. ആഗോളവത്കരണം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരം സ്ത്രീകളുടെ നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, രതിവൈകൃതങ്ങള്‍, ലൈംഗികമായി ആളുകളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളെ വര്‍ധിപ്പിച്ചിട്ടുണ്ട്. നവലിബറല്‍ നയങ്ങളിലൂടെ സര്‍വ്വതല സ്പര്‍ശിയായ ഉപഭോഗപരത പ്രോത്സാഹിപ്പിക്കപ്പെടുന്നതിലൂടെ മാധ്യമങ്ങളില്‍ വരെ സ്ത്രീകളെ ചരക്കുവത്കരിക്കുന്ന പ്രവണത ഏറിവരികയാണ്. സ്ത്രീകളെ മോശമായും താഴ്ത്തിക്കെട്ടിയും അവതരിപ്പിക്കുന്ന സീരിയലുകളുടെയും സിനിമകളുടെയും കുത്തൊഴുക്കുതന്നെ ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ദാരിദ്ര്യത്തിന്റെ സമ്മര്‍ദ്ദം മൂലം കൂടുതല്‍ സ്ത്രീകള്‍ വ്യഭിചാരത്തിന് നിര്‍ബന്ധിതരാവുന്ന അവസ്ഥയുമുണ്ട്.

കമ്പോളമൂല്യങ്ങള്‍ ഇളക്കിവിട്ട അന്ധമായ ഉപഭോഗപരത സ്ത്രീധനം വാങ്ങിക്കുന്നതും നല്‍കുന്നതും സര്‍വ്വസാധാരണമാക്കുന്നതിന് സഹായകമാവുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും വഴിപിഴപ്പിക്കുന്നതിന് ഇതേ അവസരത്തില്‍ വേദിയൊരുങ്ങുകയും ചെയ്യുന്നുണ്ട്. സ്ത്രീ ഭ്രൂണഹത്യയും സംഭ്രമജനകമായ രീതിയില്‍ വര്‍ധിച്ചുവന്നിരിക്കുന്നു. പല സമൂഹങ്ങളിലും സ്ത്രീകളുടെ ആചാരങ്ങള്‍ വരെ കീഴ്‌മേല്‍മറിക്കപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. സ്ത്രീധനാചാരമേ ഇല്ലാതിരുന്ന, പല വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും മാതൃദായ ക്രമത്തില്‍ മാറ്റം വന്ന് സ്വത്തിന്റെ മേല്‍ സ്ത്രീക്ക് നിയന്ത്രണം ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളെ കീഴ്‌പ്പെടുത്തുന്നതിനുള്ള പഴയതും പുതിയതുമായ രീതികളില്‍ ഒന്നായി മാറുകയാണ് കേരളത്തിലെ മന്ത്രിമാരുടെ വേശ്യാലയ സംസ്‌കാരം.

സ്വാതന്ത്ര്യസമരത്തില്‍ ഏറെക്കുറെ തുല്യപങ്കാളികളായിരുന്ന ഇന്ത്യയിലെ സ്ത്രീകള്‍ രാജ്യം സ്വതന്ത്രമായതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിംഗപരമായ അടിച്ചമര്‍ത്തലിന്റെ ചങ്ങലക്കെട്ടില്‍ നിന്ന് മോചനം ലഭിക്കുമെന്ന് ആശിച്ചിരുന്നു. പക്ഷെ, ഇന്ന് മന്ത്രിമാര്‍വരെ കാമവെറിയന്‍മാരായി സ്ത്രീകളെ നോക്കി കാണുന്നു. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുഖത്ത് പതിച്ച കറുപ്പാണ് കേരളത്തിലെ മന്ത്രിമാരുടെ ഈ സംസ്‌കാരം. ഉദാരവത്കരണ പ്രക്രിയ സാമ്പത്തികവും സാമൂഹ്യവുമായ മണ്ഡലങ്ങളില്‍ ലിംഗപരമായ ചൂഷണത്തിന്റെ പുതിയ രൂപങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്-യു ഡി എഫ് നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നത് അതിനുള്ള ഉദാഹരണമായി മാറുന്നു.

29-Jun-2015