ആന്റണിയും സുധീരനും നിലപാട് വ്യക്തമാക്കണം

യു ഡി എഫിന്റെ മദ്യനയത്തെ പറ്റി വാചോടാപം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് മലയാള മനോരമ പത്രത്തില്‍ 2015 മെയ് 17ന് അച്ചടിച്ചുവന്ന ആന്‍റണിയുടെ വാക്കുകള്‍ : “സംസ്ഥാനത്ത് 30 ശതമാനം കുടുംബങ്ങള്‍ ബാറുകളായി മാറി കൊണ്ടിരിക്കുകയാണെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ബാറുകള്‍ പൂട്ടിയതു കൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. വര്‍ധിച്ചു വരുന്ന മദ്യാസക്തി കുറയ്ക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. ഇതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കര്‍മ പദ്ധതി നടപ്പാക്കണം.” യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മദ്യനയം എഴുതി ചേര്‍ക്കുമ്പോള്‍ ആന്റണിയുടെ വാക്കുകള്‍ മുഖവിലക്കെടുത്തിട്ടില്ല എന്ന് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. എ കെ ആന്റണി ഒരു പഠന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ആ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ആ വസ്തുകതളെ പരിഗണിക്കാന്‍ യു ഡി എഫ് തയ്യാറായില്ല. എന്നാല്‍, എല്‍ ഡി എഫ് സാക്ഷരതാ പ്രസ്ഥാനം പോലെ ജനങ്ങളെ ഉണര്‍ത്തുന്ന, മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്ന കര്‍മ പദ്ധതിയാണ് നടപ്പിലാക്കുന്നത്. അതില്‍ ആന്റണി പറഞ്ഞതുപോലെ ജനങ്ങളുടെ പങ്കാളിത്തവുമുണ്ട്.

കഴിഞ്ഞ വര്‍ഷം മെയ് 16ന് കേരളം ചര്‍ച്ച ചെയ്ത വിഷയത്തിന്റെ വിധിയെഴുത്താണ് ഈ വര്‍ഷം മെയ് 16ന് കേരളത്തിലുണ്ടാവുക. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കുറിച്ചുള്ള ചില നഗ്നസത്യങ്ങള്‍ വിളിച്ചുപറഞ്ഞത് 2015 മെയ് 16നായിരുന്നു. കേരളത്തില്‍ അഴിമതി വാഴ്ചയെന്ന് അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അന്ന് എല്ലാ വാര്‍ത്താചാനലുകളിലെയും ചര്‍ച്ച, യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചായിരുന്നു. മെയ് 17ന് പുറത്തിറങ്ങിയ എല്ലാ പത്രമാധ്യമങ്ങളിലെയും ഒന്നാം പേജില്‍ എ കെ ആന്റണിയുടെ തുറന്നുപറച്ചില്‍ വാര്‍ത്തയായി മാറി.

“തിന്‍മ ചെയ്യുന്നവരാല്‍ ലോകം നശിക്കില്ല. അതുകണ്ടിട്ടും ഒന്നും ചെയ്യാതിരിക്കുന്നവരാലാകും അതുസംഭവിക്കുക.” എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ വാചകത്തിന് കീഴിലായി മാതൃഭൂമി ദിനപത്രം മെയ് 17ന് മുഖപ്രസംഗം എഴുതി. 'ആന്റണിയുടെ തുറന്നുപറച്ചില്‍' എന്ന തലക്കെട്ടിലെഴുതിയ ആ മുഖപ്രസംഗത്തില്‍ മാതൃഭൂമി ഇങ്ങനെ വ്യക്തമാക്കി : “സത്യത്തെ സ്വര്‍ണപാത്രംകൊണ്ടു മൂടിവെക്കാന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ അതു തുറന്നുകാട്ടാന്‍ ധൈര്യംകാണിക്കുന്നതാണ് എ. കെ. ആന്റണിയുടെ വാക്കുകള്‍. കേരളത്തില്‍ എല്ലാ മേഖലകളിലും അഴിമതി നിറഞ്ഞുനില്‍ക്കുകയാണെന്നും പണം കൊടുക്കാതെ ഒരു കാര്യവും സാധിക്കാന്‍ കഴിയില്ലെന്നും മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളിലൊരാളുമായ അദ്ദേഹം തുറന്നടിച്ചു... ആന്റണി പറഞ്ഞതുകൊണ്ടുതന്നെ ആ വാക്കുകള്‍ മുഖവിലക്കെടുക്കാം.” സംസ്ഥാനത്തിന്റെ ദുരവസ്ഥയെ കുറിച്ച് എ കെ ആന്റണി പറഞ്ഞത് മാതൃഭൂമി പത്രം മുഖവിലക്കെടുത്തതുപോലെ കേരളത്തിലെ ജനങ്ങളും മുഖവിലക്കെടുത്തിട്ടുണ്ട്. വരുന്ന മെയ് 16ന് വോട്ട് ചെയ്യുമ്പോള്‍ അവര്‍ ഈ സര്‍ക്കാരിനെതിരെ വിധിയെഴുതും.

“കൈക്കൂലികൊണ്ട് ഏതുനിയമവും മറികടക്കാന്‍ കഴിയുമെന്നതിന്റെ പുതിയ ഉദാഹരണമാണ് പെരുകിവരുന്ന ഭൂമാഫിയയും വട്ടിപ്പലിശക്കാരും. അവരുടെ അഴിമതിപ്പണത്തിന്റെ ശക്തി ആയിരക്കണക്കിന് പാവപ്പെട്ടവരെയാണ് നിരാധാരരാക്കിയിട്ടുള്ളത്. ശ്മശാനത്തില്‍പ്പോലും കൈമടക്കുകൊടുക്കേണ്ടിവരുന്ന മലയാളിയുടെ വര്‍ത്തമാനസ്ഥിതിക്കുനേരെ പിടിച്ച കണ്ണാടിയാണ് എ. കെ. ആന്റണിയുടെ പശ്ചാത്താപംനിറഞ്ഞ വാക്കുകള്‍” എന്ന് മാതൃഭൂമി തുറന്നടിക്കുമ്പോള്‍, ആന്റണിയും കോണ്‍ഗ്രസ് പാര്‍ട്ടിയും അവര്‍ നയിക്കുന്ന യു ഡി എഫ് ഭരണകൂടവും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമില്ല എന്നതാണ് വസ്തുത.

2015 മെയ് 16ന് എ കെ ആന്റണി കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മറ്റൊരു കാര്യവും പറഞ്ഞു. യു ഡി എഫിന്റെ മദ്യനയത്തെ പറ്റി വാചോടാപം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് മലയാള മനോരമ പത്രത്തില്‍ 2015 മെയ് 17ന് അച്ചടിച്ചുവന്ന ആന്‍റണിയുടെ വാക്കുകള്‍ : “സംസ്ഥാനത്ത് 30 ശതമാനം കുടുംബങ്ങള്‍ ബാറുകളായി മാറി കൊണ്ടിരിക്കുകയാണെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ബാറുകള്‍ പൂട്ടിയതു കൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. വര്‍ധിച്ചു വരുന്ന മദ്യാസക്തി കുറയ്ക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. ഇതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കര്‍മ പദ്ധതി നടപ്പാക്കണം.” യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മദ്യനയം എഴുതി ചേര്‍ക്കുമ്പോള്‍ ആന്റണിയുടെ വാക്കുകള്‍ മുഖവിലക്കെടുത്തിട്ടില്ല എന്ന് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. എ കെ ആന്റണി ഒരു പഠന റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ആ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ആ വസ്തുകതളെ പരിഗണിക്കാന്‍ യു ഡി എഫ് തയ്യാറായില്ല. എന്നാല്‍, എല്‍ ഡി എഫ് സാക്ഷരതാ പ്രസ്ഥാനം പോലെ ജനങ്ങളെ ഉണര്‍ത്തുന്ന, മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്ന കര്‍മ പദ്ധതിയാണ് നടപ്പിലാക്കുന്നത്. അതില്‍ ആന്റണി പറഞ്ഞതുപോലെ ജനങ്ങളുടെ പങ്കാളിത്തവുമുണ്ട്. യു ഡി എഫിന്റെ മദ്യ നയം ആവിഷ്‌കരിക്കുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ കെ ആന്റണിയുടെ വാക്കുകളെ എന്തുകൊണ്ടാണ് തള്ളിക്കളഞ്ഞത് എന്ന് വ്യക്തമാക്കണം. ആന്റണിയുടെ വാക്കുകളെ മുഖവിലക്കെടുക്കേണ്ടതില്ല എന്നതാണോ ഉമ്മന്‍ചാണ്ടിയുടെയും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെയും അഭിപ്രായം?

മെയ് 16ന്റെ പ്രസംഗത്തില്‍ എ കെ ആന്റണി പറഞ്ഞ ചില കാര്യങ്ങള്‍ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. “കാശുകൊടുക്കാതെ കാര്യം നടക്കില്ലെന്നാണ് ജനത്തിന്റെ അനുഭവം. വാടചകമടികൊണ്ടു മാത്രം കാര്യമില്ല. കൂട്ടായി ശ്രമിച്ചാല്‍ നാടിനെ കുറെയെങ്കിലും രക്ഷിക്കാം. സംശുദ്ധസേവനം, ഭരണസാക്ഷാത്കാരം എന്ന മുദ്രാവാക്യമൊക്കെ കൊള്ളാമെങ്കിലും നടപ്പാക്കാന്‍ എളുപ്പമല്ല. സംശുദ്ധസേവനമെന്നൊക്കെ പറയാമെങ്കിലും നാട്ടുകാരുടെ അനുഭവം മറിച്ചാണ്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനുഷ്യത്വത്തോടെ കണ്ണുതുറന്നു കാണുകയും കാതുതുറന്നു കേള്‍ക്കുകയും വേണം” മെയ് 17ന് എല്ലാ മലയാളം ദിനപത്രങ്ങളിലും ഈ വാക്കുകള്‍ അച്ചടിമഷി കണ്ടു. ഇവിടെ എ കെ ആന്റണി സംസ്ഥാനത്തെ ജനങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നു. നാട് മുച്ചൂടും മുടിഞ്ഞ അവസ്ഥയില്‍ നിന്നും കുറച്ചെങ്കിലും രക്ഷിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ മുദ്രാവാക്യങ്ങളെല്ലാം കൊള്ളാമെങ്കിലും നടപ്പാക്കാന്‍ സാധിക്കുന്നില്ല എന്ന് തുറന്ന് പറയുന്നു. നാട്ടുകാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സംശുദ്ധമല്ല എന്ന് വ്യക്തമാക്കുന്നു. മനുഷ്യത്വമില്ലാതെ കണ്ണടച്ച്, ബധിരകര്‍ണങ്ങളുമായി ഇരിക്കുന്ന സര്‍ക്കാരിനോട്, നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മനുഷ്യത്വത്തോടെ കണ്ണുതുറന്ന് കാണുകയും കാതുതുറന്ന് കേള്‍ക്കുകയും വേണമെന്ന് ഉപദേശിക്കുന്നു. പക്ഷെ, ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ കോഴയും അഴിമതിയുമടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ സജീവമാകുന്ന കാഴ്ചയാണ് പിന്നീട് നമുക്ക് കാണാന്‍ സാധിച്ചത്. ബാര്‍കോഴയടക്കമുള്ള കാര്യങ്ങള്‍. ഭൂമി കുംഭകോണത്തിനായി പുറത്തിറക്കിയ കടുംവെട്ട് ഉത്തരവുകള്‍ ഇവയെല്ലാം എ കെ ആന്റണിയുടെ ഉപദേശത്തിന് ശേഷം കേരളത്തില്‍ നടന്ന കാര്യങ്ങളാണ്. എന്തുകൊണ്ട് എ കെ ആന്റണിയുടെ വാക്കുകള്‍ക്ക് വിലകൊടുത്തില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

കഴിഞ്ഞ മെയ് 16ന് എ കെ ആന്‍ണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തുറന്നുകാട്ടിയപ്പോള്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മംഗളം ദിനപത്രം ന്യൂഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ് : “ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു മാറ്റു കുറഞ്ഞിട്ടുണ്ടെന്നു കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. അഴിമതിയുടെ കാര്യത്തില്‍ എ.കെ. ആന്റണി പറഞ്ഞതിനോടു പൂര്‍ണയോജിപ്പാണ്.” ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മാറ്റു കുറഞ്ഞു എന്ന 2015 മെയ് 16ലെ അഭിപ്രായം ഈ മെയ് 16ലും മാറ്റമില്ലാതെ തുടരുന്നുണ്ടാവുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പിക്കാമോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്‌ക്കെതിരെ പിന്നീടും കെ പി സി സി പ്രസിഡന്റ് സുധീരന്‍ ആഞ്ഞടിക്കുന്നുണ്ട്. 2016 മാര്‍ച്ച് 16ലെ പത്രങ്ങളില്‍ “കരുണ എസ്റ്റേറ്റ്: സര്‍ക്കാരിന്റെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് സുധീരന്‍” എന്ന തലക്കെട്ടില്‍ സുധീരന്‍ നയം വ്യക്തമാക്കുന്നുണ്ട്. “സോളാറില്‍ മന്ത്രിമാരെ റോഡിലിട്ട് വലിച്ചപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. അടൂര്‍ പ്രകാശിന്റെ വസ്തുവിന് താന്‍ കരം അടച്ചാല്‍ എങ്ങിനെ ശരിയാകും? അതുപോലെയാണ് സര്‍ക്കാര്‍ ഭൂമിക്ക് കരം അടക്കാന്‍ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കുന്നത്. അഴിമതിയുടെ അന്തരീക്ഷമാണ് എങ്ങും. ഇത് അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു” കെ പി സി സി യോഗം റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ സുധീരന്റെ നിലപാട് വ്യക്തമാക്കി. അതേ സുധീരനാണ് അടൂര്‍ പ്രകാശിന് വോട്ടുതേടി കോന്നിയിലെത്തിയത്. മാര്‍ച്ച് 16ല്‍ നിന്നും ഏപ്രില്‍ 27ലേക്കെത്തുമ്പോള്‍ സുധീരന്റെ നിലപാട് എങ്ങിനെയാണ് മാറിയത്? ആരോപണ വിധേയരായവര്‍ മത്സരിക്കരുതെന്ന് പറഞ്ഞുകൊണ്ട് ആദര്‍ശഭാവം ആടിയ സുധീരന്റെ ആത്മാര്‍ത്ഥതയാണ് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമാവുന്നത്.

എ കെ ആന്റണിയും വി എം സുധീരനും മുകളില്‍ പറഞ്ഞിട്ടുള്ള വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയെന്ന നാട്യത്തില്‍ അവതരിപ്പിച്ചവയാണ്. ജനങ്ങള്‍ അത് കേട്ട് കൈയ്യടിക്കുകയും ചെയ്തു. ഇപ്പോഴും ആ വിമര്‍ശനങ്ങളില്‍ ആന്റണിയും സുധീരനും ഉറച്ചുനില്‍ക്കുന്നുണ്ടോ? കേരളത്തിലെ ജനങ്ങള്‍ നിങ്ങളുടെ മറുപടിക്ക് കാതോര്‍ക്കുന്നുണ്ട്.

29-Apr-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More