ഫെമിനിസം നിങ്ങളുടെ നാട്യങ്ങള്‍ക്കുമപ്പുറമാണ്

ഫേസ്ബുക്കിനകത്ത് മലയാളികളായ സ്ത്രീകളുടെ ഒരു കൂട്ടായ്മയില്‍ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ നടത്തിയ വിപ്ലവത്തിന്റെ അനുരണനങ്ങള്‍ ഇപ്പോഴും പലരുടെയും വാളുകളിലുണ്ട്. സ്വന്തം മുഖം ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം പോലും എടുക്കാന്‍ പ്രാപ്തിയില്ലാത്ത സ്ത്രീകളുടെ ഒരു ഇടത്തില്‍ സ്വവര്‍ഗ ലൈംഗീകതയും ലൈംഗീക സ്വാതന്ത്ര്യവും ചര്‍ച്ചയ്ക്ക് വെക്കുന്നതിലെ സ്ത്രീബോധം ഒരിക്കലും സ്ത്രീവിമോചനത്തിന് കരുത്തുപകരില്ല. സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ സംസാരിക്കുന്നത് അവരുടെ 'ഇടം' പരിപോഷിപ്പിക്കാന്‍ വേണ്ടിയാണ്. അവരുടെ 'ഫെമിനിസ്റ്റ് മാര്‍ക്കറ്റ് നിലവാരം' ബുദ്ധിജീവി നാട്യത്തിലൂടെ ഉയര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ്. ഇവര്‍ക്ക് ചാമരം വീശുന്ന, ഇവരുടെ വാചോടാപങ്ങളാണ് ശരി എന്നുപറഞ്ഞ് ഐക്യദാര്‍ഡ്യം നല്‍കുന്ന 'സ്ത്രീപക്ഷത്ത്' നില്‍ക്കുന്ന ആണുങ്ങളുമുണ്ട്. ഈ സംഘത്തിന്റെ കൂട്ടപ്പാട്ടില്‍ പട്ടുപോകേണ്ട ഒന്നല്ല ഫെമിനിസം. അത് സാധ്യമാവുക തന്നെ ചെയ്യും.

ഫെമിനിസം എന്ന പദത്തിനെ ഒരുപാട് രീതികളില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും. അവയില്‍ പലതും ശരിയായിരിക്കാം. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ പദം വളരെ പോസറ്റീവ് ആയി കാണേണ്ടതാണെങ്കിലും പല സ്ത്രീകളും അത് അങ്ങനെയല്ല കാണുന്നത്. അതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവര്‍ പോലുമുണ്ട്. പലര്‍ക്കും 'വുമണിസ്റ്റ്' എന്ന പദമാണ് 'ഫെമിനിസ്റ്റ്' എന്നതിനേക്കാള്‍ അഭികാമ്യം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതിനുത്തരവാദികള്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ തന്നെയാണെന്നത് നിസംശയം പറയാം.

ഇവരില്‍ പലരും ഫെമിനിസം എന്താണെന്ന് കൃത്യമായി മനസിലാക്കാത്തവരാണ്. ഫെമിനിസം എന്നാല്‍ അരാജകത്വം ആണെന്ന് തെറ്റിദ്ധരിച്ചവരാണ്. അവര്‍ അവര്‍ക്ക് വേണ്ടി അരാജകത്വമെന്നതിന്റെ അര്‍ത്ഥവും മാനദണ്ഡവും മാറ്റിപ്പണിയും. അങ്ങനെയായിക്കൂടെ? ഇങ്ങനെയായാലെന്താ? അതങ്ങനെയല്ലെന്ന് ആര് പറഞ്ഞു? തുടങ്ങി ഉപരിപ്ലവമായ തിരുത്തല്‍ ചോദ്യങ്ങളുടെ മഹാമാരി അവര്‍ സൃഷ്ടിക്കും. ഇവരുടെ കൂട്ടത്തില്‍ നിന്ന് ഒഴിവായാല്‍ തങ്ങളുടെ സ്വീകാര്യതയും ബുദ്ധിജീവി പരിവേഷവും നഷ്ടപ്പെടുമെന്ന ആധിയുള്ള ഒരു കൂട്ടം ഇവര്‍ക്ക് സപ്പോര്‍ട്ടുമായി പിന്നാലെയുണ്ടാവും. അതില്‍ കൂടുതലായി ഉണ്ടാകുക 'ഫെമിനിസ്റ്റ്ആണുങ്ങ'ളാണ്. ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ ലൈക്കും കമന്റും ഷെയറുമായി സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകളുടെ അരാജകത്വങ്ങളെ ഇക്കൂട്ടര്‍ ആധികാരികവത്കരിക്കും. ഇത് യഥാര്‍ത്ഥ ഫെമിനിസത്തിനെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. തടസമില്ലാതെ, ചോദ്യം ചെയ്യപ്പെടലുകളില്ലാതെ ലൈംഗിക അരാജകത്വമടക്കമുള്ള കാര്യങ്ങളിലേക്ക് നടന്നുനീങ്ങുന്നതിനെയല്ല ഫെമിനിസം എന്ന് വിളിക്കുന്നത്. ഈ രീതി ഒരു സമൂഹത്തില്‍ ആളിക്കത്തിക്കാന്‍ ഫെമിനിസ്റ്റുകളുടെ സഹായം ആവശ്യമില്ല. അതിന് മൊബൈല്‍ഫോണുകളും പിടിക്കപ്പെടുന്നതുവരെ, മാന്യരും ബുദ്ധിജീവികളും പുരോഗമനവാദികളും വിശാല ഇടതുപക്ഷവും ഫെമിനിസ്റ്റുമാണെന്ന് സ്വയം പറയുന്നവരുടെ തൊലിക്കട്ടിയും തന്നെ ധാരാളമാണ്.

പാശ്ചാത്യ ഫെമിനിസത്തിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്ക് വോട്ടവകാശത്തിന് വേണ്ടിയുള്ള സമരങ്ങളാല്‍ മുഖരിതമായിരുന്നു. ആ ആവശ്യം പോരാട്ടങ്ങളിലൂടെ നേടിയെടുക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിലാണ് സ്ത്രീകള്‍ സ്വന്തം ശരീരത്തിനുമേല്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഈയൊരു കാലഘട്ടത്തില്‍ പലതരം ഫെമിനിസങ്ങള്‍ പിറവികൊണ്ടു. ലിബറല്‍, റാഡിക്കല്‍, ലെസ്ബിയന്‍ ഫെമിനിസ്റ്റ് ധാരകള്‍ ആ സമയത്താണ് സജീവമാവുന്നത്. ഇവരൊക്കെ വ്യത്യസ്തങ്ങളായ അജണ്ടകളും സമരരീതികളുമാണ് മുന്നോട്ടുവെച്ചത്. ഈ രണ്ടാംഘട്ടത്തില്‍ വളരെ അപകടകരമായ ഒരു തലം ഉണ്ടായിവന്നു. പശ്ചാത്യ വനിതകള്‍, ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നാണെന്ന് കണ്ട് അതിന് പോംവഴി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അത് ശരിയായ കാഴ്ചപ്പാടല്ലായിരുന്നു. ഈ രണ്ടാംഘട്ട ഫെമിനിസത്തിന്റെ തകര്‍ച്ചയില്‍ നിന്നാണ് അല്ലെങ്കില്‍ അതിന്റെ പോരായ്മകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് മൂന്നാംഘട്ടത്തിലേക്ക് ഫെമിനിസം മുന്നേറിയത്. ഇന്ന് ലോകമാകെ ഈ ഘട്ടത്തെ അംഗീകരിച്ചുകഴിഞ്ഞു. മൂന്നാംഘട്ടത്തില്‍ വളരെ വ്യക്തമായി പറയുന്നത് സ്ത്രീവിമോചനത്തിന് കുറുക്കുവഴികളില്ല എന്ന് തന്നെയാണ്. ഓരോ രാജ്യത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അതിനാല്‍ തന്നെ ഒരൊറ്റ ഫോര്‍മുല കൊണ്ട് നടപ്പിലാക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല സ്ത്രീവിമോചനമെന്ന് ഫെമിനിസത്തിന്റെ മൂന്നാംഘട്ടം ഊന്നി പറയുന്നു.

പക്ഷെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. കേരളത്തില്‍ ഫെമിനിസം ഘോഷിക്കുന്ന സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകളില്‍ 95 ശതമാനവും രണ്ടാംഘട്ട ഫെമിനിസ്റ്റ് ആശയപരിസരത്തില്‍ നിന്ന് മോചനം നേടിയിട്ടില്ല. അവര്‍ എല്ലാ സ്ത്രീകളെയും സ്വതന്ത്രരാക്കാന്‍ ഘോരഘോരം പ്രസംഗിക്കുകയാണ്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ചും ഫ്രീസെക്‌സിനെ കുറിച്ചും ഉത്കണ്ഠപ്പെടുകയാണ്. ഇവര്‍ കാണാതെ പോകുന്ന പലതുമുണ്ട്. ഇന്നും പൊതുസ്ഥലങ്ങളില്‍ കൂടി ഭയത്തോടെ മാത്രം യാത്രചെയ്യുന്ന പെണ്‍കുട്ടികളെ, ഗാര്‍ഹിക പീഡനത്തിനും ബലാല്‍ക്കാരത്തിനും ഇരയാകുന്ന ഭാര്യമാരെ, കാമുകന്റെ കാമറ കണ്ണുകളെ പേടിച്ച് നല്ലൊരു പ്രണയം പോലും വേണ്ടെന്ന് വെക്കുന്ന യുവതികളെ, മൂത്രമടക്കിപ്പിടിച്ച് നടക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളെ... ഇത്തരത്തില്‍ നിരവധിയായ വിഷയങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീത്വത്തെ ഏത് മുദ്രാവാക്യം മുന്നില്‍വെച്ചാണ് ഈ “ഫെമിനിസ്റ്റുകള്‍” മോചിപ്പിക്കാന്‍ പോകുന്നത്? പരസ്യമായി ചുംബിച്ചതുകൊണ്ടും സിഗരറ്റും ഗഞ്ചാവും വലിച്ചതുകൊണ്ടും ലൈംഗീക അരാജകത്വത്തിലേക്ക് കൈചൂണ്ടിക്കൊണ്ടും ബ്രാ ഇടാതെ നടന്നതുകൊണ്ടും സ്ത്രീ വിമോചനം സാധ്യമാവില്ല. അത് ചിലപ്പോള്‍ ഈ ഫെമിനിസ്റ്റുകളുടെ ആവശ്യമായിരിക്കാം. അതായ്‌ക്കോളൂ. അതില്‍ തര്‍ക്കമില്ല. പക്ഷെ, അത് സ്ത്രീ വിമോചനത്തിന് വേണ്ടിയാണ്, പുരോഗമനപരമാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. വസ്തുതയില്ല.

പുരുഷാധിപത്യത്തിന്റെ മസ്തിഷ്‌കപ്രക്ഷാളനം വളരെ ആഴമേറിയതും ശക്തവുമാണ്. അതിനെ ഒറ്റ ദിവസം കൊണ്ട് മറികടക്കാന്‍ സാധിക്കുകയില്ല. പല തലങ്ങളില്‍ അത് സ്ത്രീകളുടെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീയുടെ 'മാനത്തെ' കുറിച്ചുള്ള ധാരണകള്‍, സൗന്ദര്യബോധം, ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാ ബോധം എന്നിവയൊക്കെ ഉടച്ചുവാര്‍ക്കേണ്ടത് തന്നെയാണ്. പക്ഷെ, ഇതൊക്കെ സാവകാശം മാത്രമേ മറികടക്കാന്‍ സാധിക്കുകയുള്ളു. ഇതില്‍ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിച്ച് ബോധവത്കരണത്തിലൂന്നിക്കൊണ്ട് മാത്രമേ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ സാധിക്കുകയുള്ളു. 'സീറോസൈസ്' ആണ് സ്ത്രീകളുടെ തികഞ്ഞ ഭംഗിയെന്നാണ് പറയപ്പെടുന്നത്. സ്ത്രീകള്‍ അങ്ങനെയാവാന്‍ വേണ്ടി പരിശ്രമിക്കുന്നു. പുരുഷന് 'സിക്‌സ് പാക്ക്' ആണ്. പുരുഷന് ഇങ്ങനെയാവാന്‍ കൂടുതല്‍ ഭക്ഷണവും വ്യായാമവും ആവശ്യമാണ്. സ്ത്രീ ഡയറ്റിംഗിലൂടെ ശാരീരികമായി നിസഹായയാവുന്നു. 11-12 വയസാവുമ്പോള്‍ മുതല്‍ പുറത്തിറങ്ങിയാല്‍ വെയിലേറ്റ് കറുത്തുപോകുമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വീട്ടിനുള്ളില്‍ പിടിച്ചിരുത്തുകയാണ്. അങ്ങനെ നിര്‍ജ്ജീവമായ സ്ത്രീശരീരങ്ങളെയാണ് ഈ സമൂഹം വാര്‍ത്തെടുക്കുന്നത്.

ഇത്തരത്തിലുള്ള സമൂഹത്തില്‍ സ്വയം പ്രഖ്യപിത ഫെമിനിസ്റ്റുകള്‍ സ്ത്രീ സ്വത്വം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. അവര്‍ പലപ്പോഴും ആള്‍ക്കൂട്ടത്തിനൊപ്പം കൂടി അട്ടഹസിക്കുക തന്നെയാണ്. പറയേണ്ട ചില കാര്യങ്ങള്‍ അപ്പുറത്ത് നില്‍ക്കുന്ന ആള്‍ക്കാരെ നോക്കി അവര്‍ മനോഹരമായി വിഴുങ്ങും. “എനിക്കും എന്റെ തട്ടാനും പ്രശ്‌നമുണ്ടാവാത്ത സ്ത്രീ വിഷയങ്ങളെ മാത്രമേ ഞാന്‍ അഭിമുഖീകരിക്കൂ” എന്ന അപകടകരമായ അവസ്ഥയിലാണ് ഇക്കൂട്ടരുള്ളത്. സിപിഐ എം കേന്ദ്രകമ്മറ്റിയംഗമായ പി കെ ശ്രീമതി ടീച്ചര്‍ ഒരു നാടന്‍പാട്ടിനൊപ്പം ചുവടുവെച്ചപ്പോള്‍, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തിരുവാതിര കളിക്കാന്‍ ഒത്തുകൂടിയപ്പോള്‍ ഇക്കൂട്ടര്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് കൈയ്യും കണക്കുമുണ്ടായിരുന്നില്ല. എന്നാല്‍, അഞ്ജലിമേനോന്റെ സിനിമകളിലെ സ്ത്രീയെ കണ്ട് രോമാഞ്ചം കൊള്ളുകയാണ്, അഞ്ജലിക്ക് ഐക്യദാര്‍ഡ്യം നല്‍കുകയാണ് സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍.

വാണിജ്യകുതുകിയായ ഒരു പുരുഷന്‍ തന്റെ കലാരൂപത്തില്‍ സ്ത്രീയെ അവതരിപ്പിക്കുന്നത് പോലെ ഒരിക്കലും സ്വാതന്ത്ര്യ ബോധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീക്ക് തന്റെ കലാസൃഷ്ടിയില്‍ സ്ത്രീയെ അവതരിപ്പിക്കാന്‍ സാധിക്കില്ല. തന്റെ സ്വത്വത്തെ നിലവിലുള്ള വ്യവസ്ഥിതിയില്‍ നീതിപൂര്‍വ്വകമായി വരച്ചുവെക്കാനുള്ള ബാധ്യത ഒരു സ്ത്രീക്കുണ്ട്. പക്ഷെ, അഞ്ജലി മേനോന്‍ ഉണ്ടാക്കിയെടുക്കുന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ സ്ത്രീത്വത്തെ തീര്‍ത്തും നിരാശാജനകമായ രീതിയില്‍ വരച്ചുവെക്കുകയാണ്. പുരുഷന്റെ സംരക്ഷണയില്‍ 'അടങ്ങിയൊതുങ്ങി' കഴിയേണ്ടവളാണ് സ്ത്രീയെന്ന സങ്കല്‍പ്പം മാത്രമാണ് അഞ്ജലി മുന്നോട്ടുവെക്കുന്നത്. അവര്‍ രൂപപ്പെടുത്തുന്ന ഇത്തരം സ്ത്രീവിരുദ്ധമായ കലാസൃഷ്ടിയെ തന്റെ ബുദ്ധിജീവി നാട്യം കൊണ്ട് അവര്‍ മറികടക്കുന്നു. അത്തരം കാഴ്ചകള്‍ കാണുമ്പോള്‍ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ പ്രതികരിക്കുന്നത് ആരും കണ്ടിട്ടില്ല. സൂക്ഷ്മ തലത്തില്‍ സ്ത്രീ സ്വത്വത്തെ നോക്കി കാണാനും വിമര്‍ശന വിധേയമാക്കാനും സാധിക്കാത്തത് കൊണ്ടാണ് ആള്‍ക്കൂട്ടം നല്ലതെന്ന് പറയുമ്പോള്‍ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകളും തലകുലുക്കുന്നത്. തന്റെ കൂടെ നില്‍ക്കേണ്ട ആള്‍ക്കൂട്ടത്തെ പിണക്കരുത് എന്ന ബോധ്യമാണ് അവരെ ഭരിക്കുന്നത്. തന്റെ ശബ്ദമുയരുമ്പോള്‍ ലൈക്കും കമന്റും തരുന്നവര്‍, തനിക്ക് കൈയടിക്കുന്നവര്‍ പറയുന്നത് സ്ത്രീ വിരുദ്ധമായാലും സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ കണ്ടില്ലെന്ന് നടിക്കും.

സി കെ ജാനു എന്ന ദളിത് സ്ത്രീത്വം നിരവധി തലങ്ങളില്‍ ചൂഷണങ്ങള്‍ക്ക് വിധേയയാവുന്ന സ്ത്രീ സ്വത്വത്തിന്റെ വക്താവാണ്. അവര്‍ ആദിവാസി വിഭാഗത്തിന്റെ അവകാശസമരത്തിനെന്ന വ്യാജേന രംഗത്തിറങ്ങിയപ്പോള്‍ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകളില്‍ ഭൂരിപക്ഷവും നില്‍പ്പുസമരത്തിനൊപ്പം ചേര്‍ന്ന് നിന്നിരുന്നു. അവര്‍ പാട്ടുപാടുകയും ഐക്യദാര്‍ഡ്യം പകരുകയും ചെയ്തു. അത് ആദിവാസികള്‍ക്കുള്ള ഐക്യദാര്‍ഡ്യത്തിലേക്കാളുപരി മാധ്യമപരിലാളന നിരന്തരം ലഭിക്കുന്ന ഒരു വേദിയില്‍, തങ്ങളെ സ്വയം മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍, സി കെ ജാനുവെന്ന സ്ത്രീസ്വത്വത്തിന്റെ ഇപ്പോഴത്തെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഈ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തുമായിരുന്നു. എവിടെയാണ് ഇക്കൂട്ടരുടെ നാവുകള്‍?

ഫേസ്ബുക്കിനകത്ത് മലയാളികളായ സ്ത്രീകളുടെ ഒരു കൂട്ടായ്മയില്‍ സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ നടത്തിയ വിപ്ലവത്തിന്റെ അനുരണനങ്ങള്‍ ഇപ്പോഴും പലരുടെയും വാളുകളിലുണ്ട്. സ്വന്തം മുഖം ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം പോലും എടുക്കാന്‍ പ്രാപ്തിയില്ലാത്ത സ്ത്രീകളുടെ ഒരു ഇടത്തില്‍ സ്വവര്‍ഗ ലൈംഗീകതയും ലൈംഗീക സ്വാതന്ത്ര്യവും ചര്‍ച്ചയ്ക്ക് വെക്കുന്നതിലെ സ്ത്രീബോധം ഒരിക്കലും സ്ത്രീവിമോചനത്തിന് കരുത്തുപകരില്ല. സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകള്‍ സംസാരിക്കുന്നത് അവരുടെ 'ഇടം' പരിപോഷിപ്പിക്കാന്‍ വേണ്ടിയാണ്. അവരുടെ 'ഫെമിനിസ്റ്റ് മാര്‍ക്കറ്റ് നിലവാരം' ബുദ്ധിജീവി നാട്യത്തിലൂടെ ഉയര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ്. ഇവര്‍ക്ക് ചാമരം വീശുന്ന, ഇവരുടെ വാചോടാപങ്ങളാണ് ശരി എന്നുപറഞ്ഞ് ഐക്യദാര്‍ഡ്യം നല്‍കുന്ന 'സ്ത്രീപക്ഷത്ത്' നില്‍ക്കുന്ന ആണുങ്ങളുമുണ്ട്. ഈ സംഘത്തിന്റെ കൂട്ടപ്പാട്ടില്‍ പട്ടുപോകേണ്ട ഒന്നല്ല ഫെമിനിസം. അത് സാധ്യമാവുക തന്നെ ചെയ്യും.

15-Apr-2016