മലയാള സിനിമയിലെ കളിമണ്‍ പാദങ്ങള്‍

ഒരു ചരക്കെന്ന ലേബലിലും വെറും മാംസമായും പെണ്ണിനെ കാണുന്ന കണ്ണുകൊണ്ട് സ്ത്രീത്വത്തെ വിലയിരുത്തുമ്പോള്‍ അതില്‍ തീര്‍ച്ചയായും പിശകുണ്ടാകും. താരങ്ങളുടെ ആ നോക്കി കാണലിനെ താരാരാധനയില്‍ മതിമറന്ന പ്രേക്ഷകരും പിന്തുടരും. സിനിമകള്‍ നമുക്ക് മുന്നിലേക്ക് വെക്കുന്ന സ്ത്രീഅവസ്ഥകളും പെണ്ണിന് അഭിമാനിക്കാന്‍ കോപ്പ് നല്‍കുന്നതല്ല. പക്ഷെ, ഈ ദശാസന്ധിയില്‍ താരാധനയില്‍ മതിഭ്രമം സംഭവിച്ച പ്രേക്ഷകര്‍ക്ക് തിരിച്ചറിവിലേക്ക് വഴിപിരിയാം. മലയാള സിനിമ പല തരം തട്ടുവല്‍ക്കരണങ്ങളുടെ പിടിയിലാണെന്നും അവിടെ നിന്നും ഉയരുന്ന അഭിപ്രായപ്രകടനങ്ങളിലെ വിധ്വംസകത, ആ തട്ടുവല്‍ക്കരണ കാഴ്ചപ്പാടിന്റെ ഭാഗമായുള്ളതാണെന്നുമുള്ള തിരിച്ചറിവ് പ്രേക്ഷക സമൂഹത്തിന് അത്യാവശ്യമാണ്. മലയാള സിനിമയിലെ സ്ത്രീകളില്‍ മിക്കവരും പീഡിപ്പിക്കപ്പെടുന്നതുവരെ ആ സംവിധാനത്തിന്റെ ഭാഗമായി, അവിടെയുള്ള എല്ലാ ദുഷിപ്പിനോടും സമരസപ്പെട്ട് തങ്ങളുടെ ഭാവി പടുത്തുയര്‍ത്തുന്നവരാണ്. കെട്ടുപോയ ഒരു വ്യവസ്ഥ സിനിമാ ലോകത്ത് നിലനിര്‍ത്തുന്നതില്‍ അഭിനേത്രികളുടെ സംഭാവന ചെറുതല്ല. 

ഇരയായും വേട്ടക്കാരനായും പകര്‍ന്നാടി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ ഒരുപാട് അഭിനയപ്രതിഭകള്‍ നമുക്കുണ്ട്. ഇവരെ അന്ധമായി ആരാധിക്കുന്ന, വേണമെങ്കില്‍ അവര്‍ക്കായി മരിക്കാന്‍ പോലും തയ്യാറാവുന്ന ഫാന്‍സുകളും ഈ നാട്ടില്‍ ആവശ്യത്തിലധികമുണ്ട്. ആരാധന മൂക്കുമ്പോള്‍ സിനിമാനിരൂപണം പോലും ഒഴിവാക്കപ്പെടും. വിമര്‍ശനം കലര്‍ന്ന ഒരു നോട്ടം പോലും അവിടെ സാധ്യമല്ലാതാവുകയാണ്. കേരളത്തെ സംബന്ധിച്ച് വിദ്യാസമ്പന്നരായൊരു സമൂഹമാണ് ഇവിടെയുള്ളത്. പ്രബുന്ധരാണ് കേരളജനത. മാത്രമല്ല. ചെറുത്തുനില്‍പ്പുകളുടെയും പ്രതികരണങ്ങളുടെയും തമ്പുരാക്കന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പക്ഷെ, അപ്പോഴും താരങ്ങളെ ദൈവങ്ങളെ പോലെ കാണുന്ന താരാരാധനയ്ക്ക് അടിമകളായ മലയാളികള്‍ നമുക്കുചുറ്റുമുണ്ട്.

നമ്മുടെ സമൂഹത്തിന്റെ ഭാവനയ്‌ക്കേറ്റ കനത്ത പ്രഹരമാണ് മേല്‍പ്പറഞ്ഞ താരദൈവങ്ങള്‍ക്ക് കളിമണ്‍പാദങ്ങളാണെന്നുള്ള വസ്തുത. അത് തിരിച്ചറിയാന്‍ പലപ്പോഴും പൊതുസമൂഹത്തിനാവുന്നില്ല. സിനിമയെപ്പറ്റിയോ, ജനാധിപത്യത്തെപറ്റിയോ, കലയെപ്പറ്റിയോ വലിയ ബോധ്യമില്ലാത്ത വെറും കച്ചവടക്കാരാണ് ഈ താരങ്ങളില്‍ മിക്കവരുമെന്നുള്ളത് താരാരാധന നടത്തുന്നവര്‍ തിരിച്ചറിഞ്ഞേ മതിയാകൂ. അതിനാല്‍ തന്നെ താരക്കൂട്ടത്തില്‍ ക്രിമിനലുകള്‍ ഉണ്ടാകും. കള്ളപ്പണക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരും ഏത് വിധേനയും ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പക്കാ ബിസിനസുകാരും ഉണ്ടാവും. അവരെ ചോദ്യം ചെയ്യുന്നത് എങ്ങിനെയാണ് വേട്ടയാടലാവുക? അത്തരത്തിലുള്ള വ്യാഖ്യാനം സാധാരണക്കാരായ കുറ്റവാളികളെ ചോദ്യം ചെയ്യുമ്പോള്‍ ഉണ്ടാവാതിരിക്കുകയും സെലിബ്രിറ്റികളായ കുറ്റവാളികളെ ചോദ്യം ചെയ്യുമ്പോള്‍ ഉണ്ടാവുകയും ചെയ്യുന്നത് പണത്തിന്റെ സ്വാധീനം കൊണ്ടാണ്.

ഒരു സംഘടനയിലെ അംഗത്വമോ, കലാകാരന്‍ എന്ന ലേബലോ ഒരു വ്യക്തിയേയും ഭരണഘടനയുടെ മേലെ പ്രതിഷ്ഠിക്കുന്നില്ല. ഈ പരമാര്‍ത്ഥം മറന്നുപോകുന്നത് കൊണ്ടാണ് ജനപ്രതിനിധികള്‍ പോലും തങ്ങള്‍ ആരെ പ്രതിനിധീകരിക്കുന്നവരാണെന്നത് മറന്നുകൊണ്ട് സംസാരിച്ചുപോകുന്നത്. പെരുമാറിപ്പോകുന്നത്. സെലിബ്രിറ്റികളായാല്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത, തിരുവായ്ക്ക് എതിര്‍വായില്ലാത്ത മഹനീയജന്‍മങ്ങളൊന്നുമല്ല. മുഖം മൂടികള്‍ അഴിഞ്ഞു വീഴുമ്പോഴാണ് പലപ്പോഴും ഇത്തരക്കാരുടെ ചെമ്പ്‌തെളിയുന്നത്. താരപ്രഭയില്‍ കണ്ണ് മഞ്ഞളിച്ചുപോയ സാധാരണക്കാരന് തിരിച്ചറിവുണ്ടാകാന്‍ ഇത്തരം മുഹൂര്‍ത്തങ്ങള്‍ ആവശ്യമാണ്. നടന്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ, മേയ്ക്കപ്പിനൊക്കെ ഒരു പരിധിയുണ്ട്. അതുകൊണ്ടാണ് തങ്ങളുടെ സഹപ്രവര്‍ത്തക കൂടിയായ ഒരു നടി പീഡിപ്പിക്കപ്പെടുമ്പോള്‍ അവളെത്തന്നെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണം എന്ന അഭിപ്രായം പറയാന്‍ സാധിക്കുന്നത്. അതാണ് മേക്കപ്പില്ലാത്ത നിലപാട്. പീഡിപ്പിക്കപ്പെടുക എന്നത് ഏറ്റവും ലഘുവായ ഒരു കാര്യമായി ഇവര്‍ക്ക് അനുഭവപ്പെടുന്നത്, അല്ലെങ്കില്‍ അത്തരത്തില്‍ നോക്കി കാണാന്‍ ഇവര്‍ തയ്യാറാവുന്നത് വെള്ളിത്തിരയ്ക്കുള്ളിലും അതിന്റെ പിന്നാമ്പുറങ്ങളിലും സ്ത്രീ എന്നത് രണ്ടാംകിടക്കാരായതുകൊണ്ട് മാത്രമാണ്.

ഒരു ചരക്കെന്ന ലേബലിലും വെറും മാംസമായും പെണ്ണിനെ കാണുന്ന കണ്ണുകൊണ്ട് സ്ത്രീത്വത്തെ വിലയിരുത്തുമ്പോള്‍ അതില്‍ തീര്‍ച്ചയായും പിശകുണ്ടാകും. താരങ്ങളുടെ ആ നോക്കി കാണലിനെ താരാരാധനയില്‍ മതിമറന്ന പ്രേക്ഷകരും പിന്തുടരും. സിനിമകള്‍ നമുക്ക് മുന്നിലേക്ക് വെക്കുന്ന സ്ത്രീഅവസ്ഥകളും പെണ്ണിന് അഭിമാനിക്കാന്‍ കോപ്പ് നല്‍കുന്നതല്ല. പക്ഷെ, ഈ ദശാസന്ധിയില്‍ താരാധനയില്‍ മതിഭ്രമം സംഭവിച്ച പ്രേക്ഷകര്‍ക്ക് തിരിച്ചറിവിലേക്ക് വഴിപിരിയാം. മലയാള സിനിമ പല തരം തട്ടുവല്‍ക്കരണങ്ങളുടെ പിടിയിലാണെന്നും അവിടെ നിന്നും ഉയരുന്ന അഭിപ്രായപ്രകടനങ്ങളിലെ വിധ്വംസകത, ആ തട്ടുവല്‍ക്കരണ കാഴ്ചപ്പാടിന്റെ ഭാഗമായുള്ളതാണെന്നുമുള്ള തിരിച്ചറിവ് പ്രേക്ഷക സമൂഹത്തിന് അത്യാവശ്യമാണ്.

മലയാള സിനിമയിലെ സ്ത്രീകളില്‍ മിക്കവരും പീഡിപ്പിക്കപ്പെടുന്നതുവരെ ആ സംവിധാനത്തിന്റെ ഭാഗമായി, അവിടെയുള്ള എല്ലാ ദുഷിപ്പിനോടും സമരസപ്പെട്ട് തങ്ങളുടെ ഭാവി പടുത്തുയര്‍ത്തുന്നവരാണ്. കെട്ടുപോയ ഒരു വ്യവസ്ഥ സിനിമാ ലോകത്ത് നിലനിര്‍ത്തുന്നതില്‍ അഭിനേത്രികളുടെ സംഭാവന ചെറുതല്ല. ദുഷിച്ച രീതികളെയെല്ലാം പിന്‍പറ്റിയവരാണവര്‍. എല്ലാ ബിസിനസുകളിലും അവര്‍ പങ്കാളികളാണ്. ഗുണ്ടകള്‍ അവരുടേതുകൂടിയാണ്. സ്ത്രീത്വത്തെ ചൂഷണത്തിനിരയാക്കുന്ന, പീഡനത്തിന് വിധേയയാക്കുന്ന മാഫിയാ വ്യവസ്ഥയിലേക്ക് സിനിമാ ലോകത്തെ നയിച്ചവരില്‍ തീര്‍ച്ചയായും അഭിനേത്രികളുമുണ്ട്. അവര്‍ വിശുദ്ധ പശുക്കളൊന്നുമല്ല. ഒരു സാഹചര്യത്തില്‍ ഇരയായി എന്നതുകൊണ്ട്, ഇരയാക്കപ്പെടാന്‍ മാത്രം ദുഷിച്ചൊരു വ്യവസ്ഥയുണ്ടാക്കുന്നതിന് കൂട്ടുനിന്ന സ്ത്രീത്വം ചോദ്യം ചെയ്യപ്പെടാതിരിക്കരുത്. അത്തരം ചോദ്യങ്ങളുടെ തീക്കാറ്റില്‍ നാളെ മലയാള സിനിമയിലേക്ക് കടന്നുവരുന്ന സ്ത്രീത്വത്തിന് പെണ്ണായി തലയുയര്‍ത്തി നില്‍ക്കാനാവും.

ശരാശരി നിലവാരം പോലുമില്ലാത്ത സിനിമകളെ ലോകോത്തരമെന്നും അഹങ്കാരം കൊണ്ട് വിജൃംഭിച്ച് മരവിച്ച മുഖപേശികള്‍ കൊണ്ട് കാട്ടികൂട്ടുന്ന ചേഷ്ടകളെ അഭിനയമെന്നും പുകഴ്ത്തി പാടുന്ന പാണന്മാര്‍ ഇനിയും ഉണ്ടാകുമായിരിക്കും. മലയാളസിനിമയിലെ താപ്പാനകളുടെ കൈകളില്‍ നിന്നും സിനിമാ ഭൂമികയെ മോചിപ്പിക്കാന്‍ കഴിയാത്തവിധത്തില്‍ അധികാരവും ചെങ്കോലും നല്‍കി അവരെ കുടിയിരുത്തുന്നതിന്റെ പൊള്ളത്തരം നാം മനസ്സിലാക്കണം. രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയുന്നത് ജനാധിപത്യത്തിന് വിരുദ്ധമാണെന്ന കാഴ്ചപ്പാട് അസഹിഷ്ണുതയുടേതാണ്. അത് ഫാസിസ്റ്റ് ലക്ഷണമാണ്. അത് നാം മനസിലാക്കുമ്പോഴാണ് ജനാധിപത്യ മൂല്യങ്ങളുടെ തുടര്‍ജീവനം സാധ്യമാവുക. ഈ ജനാധിപത്യബോധം താരങ്ങള്‍ക്കും താരസംഘടനകള്‍ക്കും അനിവാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ശുദ്ധീകരണ പ്രക്രിയയാണ് ഇപ്പോള്‍ നടക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള ഇച്ഛാശക്തിയാണ് കാണിക്കേണ്ടത്.

05-Jul-2017