മാധ്യമങ്ങളുടെ ഹിഡൻ അജണ്ടകൾ
എം വി ഗോവിന്ദന്‍മാസ്റ്റര്‍
“സത്യമെന്നത് നാം ജനങ്ങളെ വിശ്വസിപ്പിക്കുന്നതെന്തോ അതാണ് ” എന്ന സൂക്തമാണ് ഇന്നും കേരളത്തിലെ പല ദൃശ്യ-പത്ര മാധ്യമങ്ങളും പിന്തുടരുന്നത്. അവരുടെ വാര്‍ത്താ നിര്‍മിതി അത്തരത്തിലുള്ളത് മാത്രമാണ്. മേല്‍പ്പറഞ്ഞത് സി ഐ എ യുടെ മുദ്രാവാക്യമാണ്. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരുമെന്ന ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായിരുന്ന ഗീബല്‍സിന്റെ സിദ്ധാന്തവും ഇതിനോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഈ രീതിയിലാണ് ഇന്ന് മിക്കവാറും മാധ്യമങ്ങള്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുന്നത്. മിക്കവാറും ചാനലുകളില്‍ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വലതുപക്ഷ രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇടതുപക്ഷ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുന്നവരും ജനപിന്തുണയില്ലാത്തതുമായ വിപ്ലവ വായാടികള്‍ക്കാവുന്നതും അവര്‍ക്ക് ചര്‍ച്ചകളില്‍ മികച്ച ഇടവും കൂടുതല്‍ സമയവും അനുവദിച്ചുകൊടുക്കുന്നതും തങ്ങളുടെ അജണ്ടകളാണ് സത്യമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ്. വിപ്ലവവായാടികളുടെ ഇടതുപക്ഷ തീവ്രവാദമെന്ന് പറയുന്നത് വലതുപക്ഷത്തിന്റെ രണ്ടാംമുഖമാണ്. |
മുതലാളിത്ത ശക്തികളാണ് ലോകത്തെ ഭൂരിപക്ഷം മാധ്യമങ്ങളുടെയും അജണ്ടകള്‍ നിര്‍ണയിക്കുന്നത്. മാധ്യമരംഗത്തെ സാധ്യതകളെ ഉപയോഗിക്കുന്നതില്‍ ബോധപൂര്‍വ്വമായുള്ള ഇടപെടലാണ് മുതലാളിത്തം നടത്തുന്നത്. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ തന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1949ല്‍ പശ്ചിമ ജര്‍മ്മനിയിലെ മ്യൂണിക്കില്‍, റേഡിയോ ഫ്രീ യൂറോപ്പിന്റെ ആസ്ഥാനം ആരംഭിച്ചു. സി ഐ എ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് പറഞ്ഞ് പുറത്തുവിടുന്ന വ്യാജവാര്‍ത്തകളും നിറം പിടിപ്പിച്ച നുണകളുമായിരുന്നു ഇവര്‍ ജനങ്ങളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് 1953ല്‍ റേഡിയോ ലിബര്‍ട്ടിയെന്ന പേരിലും ഇക്കൂട്ടര്‍ പുതിയൊരു സ്റ്റേഷന്‍ ആരംഭിച്ചു. ഈ റേഡിയോ നിലയങ്ങളിലൂടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളാണ് ഇടതടവില്ലാതെ നടന്നിരുന്നത്. 1700 ജീവനക്കാരെയാണ് അതിനായി അവര്‍ ഒരുക്കി നിര്‍ത്തിയിരുന്നത്. ഇന്നും മുതലാളിത്ത ശക്തികള്‍ ഇതേ രീതി പിന്തുടരുകയാണ്. സി ഐ എ പോലുള്ള ഏജന്‍സികളുടെ സഹായം അവര്‍ക്കുണ്ട് എന്നത് പലപ്പോഴും പുറത്തുവന്നിട്ടുള്ള തെളിവുകള്‍ പറയുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായി വിമോചന സമരം സംഘടിപ്പിച്ചതിന് പിന്നില്‍ സി ഐ എ ഉണ്ടായിരുന്നു. അക്കാലത്ത് ഈ നാട്ടിലെ മിക്ക മാധ്യമങ്ങളെയും അവര്‍ തങ്ങളുടെ ലക്ഷ്യം സാധ്യമാക്കാന്‍ ഉപയോഗിക്കുകയുണ്ടായി.
“സത്യമെന്നത് നാം ജനങ്ങളെ വിശ്വസിപ്പിക്കുന്നതെന്തോ അതാണ് ” എന്ന സൂക്തമാണ് ഇന്നും കേരളത്തിലെ പല ദൃശ്യ-പത്ര മാധ്യമങ്ങളും പിന്തുടരുന്നത്. അവരുടെ വാര്‍ത്താ നിര്‍മിതി അത്തരത്തിലുള്ളത് മാത്രമാണ്. മേല്‍പ്പറഞ്ഞത് സി ഐ എ യുടെ മുദ്രാവാക്യമാണ്. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരുമെന്ന ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായിരുന്ന ഗീബല്‍സിന്റെ സിദ്ധാന്തവും ഇതിനോടാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഈ രീതിയിലാണ് ഇന്ന് മിക്കവാറും മാധ്യമങ്ങള്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുന്നത്.
സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ചില കാര്യങ്ങളെ വിവാദമാക്കുക എന്ന ഉദ്ദേശത്തോടെ മിക്കവാറും ദിവസങ്ങളില്‍ ഭൂരിഭാഗം വാര്‍ത്താ ചാനലുകളിലും ഒരേ രീതിയിലുള്ള ബ്രേക്കിംഗ് ന്യൂസുകള്‍ വരാറുണ്ട്. ഈ വാര്‍ത്തയാണ് അതുപോലെ തന്നെ പിറ്റേന്ന് അച്ചടി മാധ്യമങ്ങളും പങ്കുവെക്കുന്നത്. മാധ്യമങ്ങള്‍ വ്യത്യസ്തമെങ്കിലും വാര്‍ത്തകള്‍ക്ക് ഒരേ സ്വഭാവമായിരിക്കും. ഗീബല്‍സിന്റെയും സി ഐ എയുടെയും രീതിയാണ് ഇവിടെ പ്രയോഗവല്‍ക്കരിക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും മൂന്നാംലോക രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ്, ഇടതുപക്ഷ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ വേണ്ടി മുതലാളിത്ത ശക്തികള്‍ പ്രയോഗിക്കുന്നത് ഇതേ തന്ത്രമാണ്. ഇന്ന് ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാര്‍ത്തകളില്‍ 90 ശതമാനത്തോളവും ആഗോള മാധ്യമ ഭീമന്‍മാര്‍ സൃഷ്ടിക്കുന്നതാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരന്‍മാരായി മുദ്രകുത്തുന്ന രീതിയാണ് പൊതുവില്‍ ഇവരുടെ വാര്‍ത്തകളില്‍ കാണാനാവുക.
കേരളത്തിലെ കുത്തക മാധ്യമങ്ങള്‍ സാമ്രാജ്യത്വത്തിന്റെ മൂശയില്‍ നിന്നും ഉണ്ടായ ആഗോളവല്‍ക്കരണ നവ ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ക്കാറേയില്ല. എന്നാല്‍ കമ്യൂണിസ്റ്റ് - ഇടതുപക്ഷ ശക്തികള്‍ മുന്നോട്ടുവെക്കുന്ന ബദലുകളില്‍ എന്തെങ്കിലും പോരായ്മയുണ്ടോ എന്ന് ചികഞ്ഞുനോക്കുവാന്‍ അവര്‍ മടിക്കുന്നുമില്ല. സാമ്രാജ്യത്വ വിരുദ്ധ ശക്തികളേയും കോര്‍പ്പറേറ്റ് അധിനിവേശത്തിനെതിരായി നിലകൊള്ളുന്ന സാമൂഹ്യഘടകങ്ങളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രകോപനമായ രീതിയില്‍ കടന്നാക്രമിക്കുന്ന മാധ്യമങ്ങള്‍ കേരളത്തിലേതുപോലെ മറ്റ് സംസ്ഥാനങ്ങളിലില്ല. മലയാളം പ്രദേശിക ഭാഷയിലുള്ള ന്യൂസ് ചാനലുകള്‍ താഴേതലങ്ങളിലേക്ക് സാമ്രാജ്യത്വ ആശയഅധിനിവേശത്തിനുള്ള കളമൊരുക്കുന്നു. അതിനെ എതിര്‍ക്കുന്ന ഇടതുപക്ഷമാണ് മാധ്യമങ്ങളുടെ പ്രധാന ശത്രുക്കല്‍.
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ കൈവരിച്ച നേട്ടമാണ്. ജനാധിപത്യപരമായി ചിന്തിക്കുന്ന ഇടതുപക്ഷ മനസും കേരളത്തിനുണ്ട്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച കേരളത്തിന്റെ സാമൂഹ്യബോധത്തില്‍ വര്‍ഗ അവബോധത്തോടുകൂടിയുള്ള ഇടതുപക്ഷ ഇടപെടലാണ് ലോകത്തിന് തന്നെ മാതൃകയായ കേരളമോഡലിലേക്ക് നമ്മളെ എത്തിച്ചത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഒരു ഇടതുപക്ഷ മനസ്സ് രൂപപ്പെട്ടുവന്നിട്ടുണ്ട്. അതിനാല്‍ വലതുപക്ഷത്തു നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി നടത്തുന്ന വിമര്‍ശനങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുകയില്ല. അതിനാലാണ് ഏറ്റവും പിന്തിരിപ്പന്മാരായ വലതുപക്ഷ മാധ്യമങ്ങള്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ വിപ്ലവം പോരാ എന്ന നിലയിലുള്ള പ്രചാരവേല നടത്തുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമങ്ങള്‍ക്കും ആര്‍ എസ് എസിന്റെ മാധ്യമങ്ങള്‍ക്കും ഇതേ പരാതിയുണ്ട് എന്നതാണ് രസകരമായ വസ്തുത. മിക്കവാറും ചാനലുകളില്‍ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വലതുപക്ഷ രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇടതുപക്ഷ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുന്നവരും ജനപിന്തുണയില്ലാത്തതുമായ വിപ്ലവ വായാടികള്‍ക്കാവുന്നതും അവര്‍ക്ക് ചര്‍ച്ചകളില്‍ മികച്ച ഇടവും കൂടുതല്‍ സമയവും അനുവദിച്ചുകൊടുക്കുന്നതും തങ്ങളുടെ അജണ്ടകളാണ് സത്യമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ്. വിപ്ലവവായാടികളുടെ ഇടതുപക്ഷ തീവ്രവാദമെന്ന് പറയുന്നത് വലതുപക്ഷത്തിന്റെ രണ്ടാംമുഖമാണ്.
രാജ്യം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാരും ഇതിന് മുന്നേ ഭരിച്ചിരുന്ന യു പി എയുടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരും രാജ്യത്ത് നടപ്പിലാക്കുന്നത് ഒരേ സാമ്പത്തിക നയങ്ങളാണ്. ഇക്കൂട്ടരുടെ ആഗോള സാമ്പത്തിക-സൈനിക നിലപാടുകളെ ആവശ്യമായ ഘട്ടങ്ങളിലെല്ലാം കണ്ണടച്ച് സപ്പോര്‍ട്ട് ചെയ്ത് ഇതൊക്കെ നാട്ടിനും നാട്ടുകാര്‍ക്കും വേണ്ടിയാണെന്ന പൊതുബോധം ഉണ്ടാക്കിയതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. അതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ വഹിച്ച പങ്ക് തള്ളിക്കളയാവുന്നതല്ല. തീര്‍ച്ചയായും ഇത്തരം ഘട്ടങ്ങളില്‍ എന്‍ ഡി എ, യു പി എ മുന്നണികളെയും അവര്‍ക്ക് ഓശാന പാടുന്ന മാധ്യമങ്ങളെയും വിമര്‍ശിച്ചിട്ടുള്ളത് ഇടതുപക്ഷവും ഇടതുപക്ഷ മാധ്യമങ്ങളുമാണ്. സ്വാഭാവികമായും ഈ നിലപാടുകള്‍ കടുത്ത മാധ്യമ വിചാരണയ്ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളും പുരോഗമന വിരുദ്ധരുമാണെന്ന അധിനിവേശാനുകൂല നിലപാടിലാണ് മിക്കവാറും മാധ്യമങ്ങളുള്ളത്.
മിച്ചമൂല്യഉല്‍പ്പാദനമാണ് മൂലധന നിക്ഷേപത്തിന് സാമാന്യമായി നിര്‍വ്വഹിക്കാനുള്ള കടമ. മാധ്യമ മൂലധനത്തിന്റെയും പ്രാഥമികമായ ധര്‍മ്മം അതാണെന്ന് വിലയിരുത്താം. എന്നാല്‍, മുതലാളിത്ത സമൂഹത്തില്‍ മൂലധന നിക്ഷേപത്തിലൂടെ മിച്ചമൂല്യം ഉല്‍പാദിപ്പിക്കുന്നവര്‍ തന്നെ മിച്ചമൂല്യം പങ്കുവെക്കുന്ന വര്‍ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുക എന്ന ചരിത്രപരമായ ദൗത്യംകൂടി മാധ്യമ മൂലധന നിക്ഷേപത്തിന്റെ ഉന്നമായി മാറുന്നു. അതായത് മിച്ചമൂല്യം പങ്കുവെക്കുന്ന ബൂര്‍ഷ്വാസിയെയും, അതിന്റെ സമ്പദ്‌വ്യവസ്ഥയെയും നിലനിര്‍ത്താനും, ശക്തിപ്പെടുത്താനും മാധ്യമ മുതലാളിത്തം ശ്രമിക്കുന്നു. അതിനുതകുന്ന ആശയങ്ങള്‍ നിരന്തരം ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇക്കൂട്ടര്‍. മുതലാളിത്ത വാര്‍ത്താ മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രധാന സവിശേഷത, വാര്‍ത്ത പ്രചരിപ്പിക്കുക എന്നതല്ല. മറിച്ച്, വാര്‍ത്താ ഉല്‍പാദനവും വിതരണവുമാണ്. ഇത് ഇന്നും കേരളത്തിലെ മിക്കവാറും മാധ്യമങ്ങളിലൂടെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ഗോസിപ്പുകളുടെയും അപവാദപ്രചരണങ്ങളുടെയും കൂത്തരങ്ങായി മാറുന്ന മാധ്യമ പ്രവര്‍ത്തനത്തെ പൊതുബോധമാക്കി മാറ്റാനാണ് ഇവരുടെ ശ്രമം. എന്നാല്‍, വരികള്‍ക്കിടയില്‍ വായിക്കാനും കാഴ്ചകള്‍ക്കപ്പുറത്ത് കാണാനുമുള്ള ശേഷി, കേരളത്തിലെ മതനിരപേക്ഷ മുഖമുള്ള ഇടതുപക്ഷത്തിന്റെ പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ സമൂഹത്തിന് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ പ്രത്യേകതയാണ്.
കേരളം ഭരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നവകേരള സൃഷ്ടി എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സാധ്യമാക്കാനായി മുന്നോട്ടുപോവുകയാണ്. അഴിമതി രഹിത, മതനിരപേക്ഷ, വികസിത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി എല്‍ ഡി എഫ് സര്‍ക്കാര്‍ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമ്പോള്‍, കാര്യക്ഷമമായ ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമ്പോള്‍ കേരളത്തിലെ കുത്തക മാധ്യമങ്ങള്‍ അവയെ മുന്‍വിധിയോടുകൂടി എതിര്‍ക്കുകയും സര്‍ക്കാരിനെ സുഗമമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല എന്ന ഉദ്ദേശത്തോടെ നിലപാടെടുക്കുകയുമാണ്. ഇവര്‍ക്ക് പിന്നിലുള്ളത് മുതലാളിത്ത, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ്. സാമ്രാജ്യത്വത്തിന്റെ അജണ്ടകളാണ്. മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണകൂടമാവട്ടെ മുതലാളിത്ത വികസന പാതയാണ് പിന്തുടരുന്നത്. ഭൂപ്രഭുത്വവുമായി സന്ധിചെയ്ത സാമ്രാജ്യത്വ ശക്തികളുമായി ബന്ധപ്പെട്ടുകൊണ്ട് കുത്തക മുതലാളിത്തത്തിന്റെ നേതൃത്വത്തിലാണ് ആ ഭരണകൂടം മുന്നോട്ടുപോവുന്നത്. സാമ്രാജ്യത്വ സാമ്പത്തിക ശക്തികള്‍ക്ക് അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് മേല്‍ക്കൈയുള്ള രാജ്യത്ത് തൊഴിലാളി വര്‍ഗത്തിന്റെ കൈയ്യിലുള്ള ആശയ സംവിധാനങ്ങള്‍ കൊണ്ടുമാത്രം മുതലാളിത്തത്തിന്റെ ആശയധാരയെ ചെറുത്തുനിര്‍ത്താന്‍ പറ്റില്ല. കേരളം ആ അനുഭവപാഠം മനസിലാക്കുന്നു.
മൂലധനശേഷിയും മികച്ച മാനേജ്‌മെന്റ് സംവിധാനങ്ങളും പ്രൊഫഷണലിസത്തിലും പ്രചാരണത്തിലുമുള്ള മികവും കൈമുതലായുള്ള മുതലാളിത്ത മാധ്യമ സ്ഥാപനങ്ങളോട് തൊഴിലാളി വര്‍ഗത്തിന്റെ കൈയ്യിലുള്ള പരിമിതമായ വിഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള മാധ്യമങ്ങള്‍ക്ക് കിടപിടിക്കാന്‍ പ്രയാസമാണ്. മുതലാളിത്ത ആശയങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തില്‍ ഉണ്ടാക്കിയെടുക്കുന്ന വസ്തുതയും കഴമ്പുമില്ലാത്ത സംശയങ്ങളെ തൂത്തുമാറ്റാനുള്ള മാധ്യമ ശക്തിയും വൈപുല്യവും തൊഴിലാളി വര്‍ഗത്തിന്റെ കൈയ്യിലുള്ള മാധ്യമങ്ങള്‍ക്ക് ഉണ്ടാവുമ്പോള്‍ മാത്രമേ സമൂഹം കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ മനസിലാക്കുകയുള്ളു.
ഇതൊക്കെ പറയുമ്പോഴും തൊഴിലാളിവര്‍ഗം സാമ്രാജ്യത്വ അധിനിവേശത്തെ അഭിമുഖീകരിച്ചതും കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും ഭൂരിപക്ഷം വരുന്ന കേരളീയരെ ഇടതുപക്ഷ മുഖ്യധാരയില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതും എങ്ങിനെയെന്ന് അനേ്വഷിക്കേണ്ടതുണ്ട്. അപ്പോള്‍ ഒരു കാര്യം വ്യക്തമാവും ആശയത്തെ ആശയപരമായി എതിര്‍ക്കുമ്പോഴും പ്രായോഗിക ജീവിതത്തിന്റെ പ്രശ്‌നങ്ങളെ ശരിയായ ദിശാബോധം നല്‍കി നിലപാടുകള്‍ എടുത്തുകൊണ്ടും വര്‍ഗബോധത്തോടെ ജനങ്ങളെ അതിന് പ്രാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അണിനിരത്തിക്കൊണ്ടും, എല്‍ ഡി എഫ് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ജനോപകാരപ്രദമായ നയങ്ങളും, നടപടികളും ജനങ്ങള്‍ക്ക് അനുഭവഭേദ്യമാക്കി കൊണ്ടും, നിതാന്ത ജാഗ്രതയോടെയുള്ളതും, സൂക്ഷ്മതയോടെയുള്ളതുമായ നാനാതരത്തിലുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടുമാണ് പരിമിതികളെ മറികടന്നിട്ടുള്ളത്. ആശയങ്ങളും, പ്രായോഗിക പ്രവര്‍ത്തനങ്ങളും ചേര്‍ത്ത് ശരിയായ വ്യക്തമായ നിലപാടുകളിലൂടെയാണ് കേരളത്തിലെ തൊഴിലാളി വര്‍ഗം മുന്നേറിയിട്ടുള്ളത്. അതിനിയും തുടരുകതന്നെ ചെയ്യും.
മാധ്യമങ്ങളുടെ വിധ്വംസകമാര്‍ന്ന ഇടപെടലുകളുണ്ടായിട്ടും അവര്‍ക്ക് ആശയപ്രചരണം നടത്താന്‍ അനുയോജ്യമായ ഘടകങ്ങള്‍ ശക്തിപ്രാപിച്ചുവന്നിട്ടും ജനങ്ങള്‍ ഇടതുപക്ഷത്തെ കൈയൊഴിയാതിരിക്കുന്നതിന്റെ കാരണവും നാം മനസ്സിലാക്കേണ്ടതുണ്ട്. മുഖ്യധാര മാധ്യമങ്ങളുടെ പ്രചരണം ജനങ്ങളെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അവര്‍ വരയ്ക്കുന്ന വരയിലൂടെ ജനം നടന്നുകൊള്ളും എന്നു കരുതുന്നത് മൂഢമായ വിശ്വാസമാണ്. തൊഴിലാളി വര്‍ഗത്തിനും മറ്റ് ജനവിഭാഗങ്ങള്‍ക്കും ഈ അധിനിവേശത്തെ എതിര്‍ക്കാനും, മറികടക്കാനും, കേരളത്തെ സാമ്രാജ്യത്വ അധിനിവേശത്തിന്റെ അജണ്ടക്ക് വെളിയിലേക്ക് നയിക്കാനും സാധിക്കും. സാധിച്ചിട്ടുണ്ട്. അതിനായി ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുത്തു കൊണ്ടുള്ള പോരാട്ടങ്ങള്‍ ഇവിടെ വളര്‍ന്നുവരണം. അതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മാധ്യമങ്ങളുടെ ഇടപെടലുകളെ തുറന്നുകാട്ടാനും കഴിയണം. അനുഭവങ്ങളിലൂടെ ജനതയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന സമീപനമാണ് ഇവിടെ ആവശ്യം. അതിനുള്ള ആഹ്വാനവും സാന്നിധ്യവുമായി കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുക എന്നതാണ് മര്‍മ്മപ്രധാനം. അതിന് കോട്ടം തട്ടുമ്പോഴാണ് തെറ്റായ പ്രചാരവേലകളില്‍ ജനങ്ങള്‍ സ്വാധീനപ്പെടുന്നത്. ശരിയായ ആശയവും തുടര്‍ച്ചയായ പ്രയോഗവും ചേര്‍ന്നുള്ള പ്രതിരോധമാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്.
12-Nov-2017
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി