എന്റെ തീവണ്ടിയാത്രകള്‍
സുനില്‍ കൃഷ്ണന്
ഗിരീഷ് തട്ടിവിളിക്കുമ്പോളാണ് ഞാന്‍ ഉണരുന്നത്. താഴത്തെ ബര്‍ത്തില്‍ കിടന്നിരുന്ന അവന് വിളിക്കുന്നു “സുനിലേ എഴുനേല്ക്ക്... വെളിയിലേക്ക് നോക്ക്” ഗിരീഷ് ചില്ലുപൊക്കിവെച്ച് പുറംകാഴ്ചകള്‍ കാണുകയാണ്. ഞാന്‍ താഴെയിറങ്ങി അവന്റെ സീറ്റില്‍ ഇരുന്നു. വെളിയിലേക്ക് നോക്കി. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ. മിന്നി മറയുന്ന വീടുകള്‍. ചെറിയ വിളക്കുകള്‍ ദൂരെ എവിടെയൊക്കെയോ കത്തുന്നു. നേരം വെളുത്തു വരുന്നതേയുള്ളൂ. മനസ്സ് കോരിത്തരിച്ചു. വണ്ടി പാലക്കാട് സ്റ്റേഷന് വിട്ടിരിക്കുന്നു., നാടെത്തി.! അതുപോലെ ഒരു അനുഭവം പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല. |
'വെളുപ്പാന്‍ കാലത്ത് വണ്ടി ഏതോ സ്റ്റേഷനില്‍ ചെന്നു നിന്നു. ഗാഡനിദ്രയിലായിരുന്ന ഞാന്‍ “വെള്ളം വെള്ളം” എന്ന വിളികേട്ടാണ് ഉണര്‍ന്നത്. വെളിയിലേയ്ക്ക് നോക്കി. പാലക്കാട് സ്റ്റേഷനാണ്. ദാഹമില്ലാതിരുന്നിട്ടും വെള്ളം വെള്ളം എന്ന വിളി കേട്ട് ഞാന്‍ വെള്ളം വാങ്ങി കുടിച്ചു'.
വാചകങ്ങള്‍ ഇതേപോലെ അല്ല. ഇത് എസ് കെ പൊറ്റെക്കാടിന്റെ നൈല്ഡയറിയുടെ ആമുഖത്തില്‍ പറഞ്ഞിരിയ്ക്കുന്ന വാചകങ്ങളാണെന്നാണ് എന്റെ ഓര്‍മ്മ. ഏതാണ്ട് ഒന്നര വര്‍ഷം നീണ്ട യാത്രയ്ക്കു ശേഷം അന്നത്തെ ബോംബെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ പാലക്കാട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാട്ടിലെത്തിയതിന്റെ സന്തോഷാധിക്യത്താല്‍ വെള്ളം വാങ്ങിക്കുടിച്ചതിന്റെ കഥയാണ് ഇവിടെ പറയുന്നത്.
യാത്രകള്‍.,
പ്രത്യേകിച്ചും തീവണ്ടിയിലെ യാത്രകള്‍...
ഓരോ തീവണ്ടിയും സ്വപ്നങ്ങളുടെ ഒരു വലിയ കൂടാരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആയിരക്കണക്കിനു സ്വപ്നങ്ങളേയും വഹിച്ചുകൊണ്ട് ചൂളം വിളിച്ചുള്ള അനന്തമായ യാത്രകള്‍.
ഓരോ സ്റ്റേഷനിലും ചിലര്‍ ഇറങ്ങുന്നു. ചിലര്‍ കയറുന്നു. വണ്ടി ലക്ഷ്യസ്ഥാനം വരെ കുതിച്ചു പായുന്നു. നമ്മുടെയൊക്കെ ജീവിതം പോലെ തന്നെ.
എന്നാണ് ആദ്യമായി തീവണ്ടിയില്‍ യാത്ര ചെയ്തതെന്ന് ഞാന്‍ ഓര്‍ത്തു നോക്കി !
അത് വളരെ ചെറുപ്പത്തില്‍. ഒരു ചെറിയ ദൂരം മാത്രം. അമ്മയോടും വല്യച്ഛനോടുമൊപ്പം ചെങ്ങന്നൂര്‍ മുതല്‍ കോട്ടയം വരെ. അന്ന് തീവണ്ടിയില്‍ കയറാനുള്ള എന്റെയും അനിയന്റേയും ആഗ്രഹം കൊണ്ട് യാത്ര ചെയ്തതാണ്. അന്നത്തെ യാത്രയെപ്പറ്റി ഇന്ന് വ്യക്തമായ ഓര്‍മ്മയില്ലെങ്കിലും കോട്ടയം സ്റ്റേഷനോട് അടുക്കുമ്പോളുള്ള രണ്ട് ചെറിയ ടണലുകള്‍ വഴി വണ്ടി കടന്നു പോയത് ഇപ്പോളും ഓര്‍ക്കുന്നു. ജീവിതത്തിന് മേല്‍ ഇരുളു വീഴുന്നത് പോലെ!.
പിന്നീട് ഒന്നോ രണ്ടൊ തവണ കൂടി ചെറിയ ദൂരങ്ങളില്‍ തീവണ്ടി യാത്ര ചെയ്തുവെങ്കിലും തീവണ്ടിയില്‍ പാലക്കാട് കടന്ന് പോകുന്നത് 1991 ലാണ്. ഞാനും എന്റെ സുഹൃത്ത് തോമസും കൂടി അന്നത്തെ മദ്രാസ് ഐ ഐ ടിയില്‍ ഒരു ടെസ്റ്റ് എഴുതാന്‍ പോയപ്പോളായിരുന്നു അത്. സ്റ്റേഷനില്‍ വന്നു നിന്ന തീവണ്ടിയില്‍ എസ് 5 ബോഗി കണ്ടു പിടിച്ച് കയറിയിരുന്നു. എങ്ങനെ ബര്‍ത്ത് ശരിയാക്കണമെന്നൊന്നും അറിയില്ലായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ സഹായിച്ചു. അങ്ങനെ ആടിയാടി ഉറങ്ങുന്നതിന്റെ തുടക്കമായി. ട്രയിന്‍ സഞ്ചരിയ്ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു. എന്നാല്‍, ഒരു തൊട്ടിലില്‍ കിടന്ന് ശാന്തമായി ഉറങ്ങുന്നത് പോലെയാണ് എനിക്ക് തോന്നിയത്. നേരം പരപരാ വെളുത്തപ്പോള്‍ ഞങ്ങള്‍ നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മദ്രാസ് നഗരത്തിലെത്തി.
പിറ്റേന്ന് തിരിച്ച് മദ്രാസില്‍ നിന്നും കോട്ടയത്തേക്കും തീവണ്ടിയില്‍ വന്നു. രാത്രി യാത്രകള്‍ ആയിരുന്നത് കൊണ്ട് ആ യാത്രകള്‍ ഒക്കെ പെട്ടെന്ന് തീര്‍ന്ന് പോയത് പോലെ തോന്നി.
എന്നാല്‍ 1991 ആഗസ്റ്റ് മാസത്തെ 'ബോംബെ'യാത്ര ഒരിയ്ക്കലും മറക്കാനാവാത്തത് ആണ്. ചില യാത്രകള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കും. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ യാത്രയായിരുന്നു അത്. ബോംബെ യൂണിവേര്സിറ്റിയില് അഡ്മിഷല്‍ ലഭിച്ച അവിടെ ചേരാന്‍ പോകുമ്പോള്‍ അച്ഛനോടും അളിയനോടും ഒപ്പം നടത്തിയ ആ രണ്ടുദിവസത്തെ യാത്ര; നീണ്ടുനിന്ന, ഇപ്പോളും തുടരുന്ന എന്റെ തീവണ്ടി യാത്രകളുടെ തുടക്കമായിരുന്നു. പിന്നിട് എത്രയെത്രെ തീവണ്ടിയാത്രകള്‍... കണക്കില്ല. 1991 വരെ മൂന്നോ നാലോ തീവണ്ടി യാത്രകള്‍ മാത്രം നടത്തിയിരുന്ന ഞാന്‍ 1991 നും 1994 നും ഇടയിലുള്ള മൂന്നു വര്‍ഷത്തിനിടയില്‍ കോട്ടയം ബോംബെ മാത്രമായി തന്നെ 18 യാത്രകള്‍ നടത്തി എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ എനിക്ക് പോലും അവിശ്വസനീയമായി തോന്നുന്നു.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. എത്രയെത്ര മുഖങ്ങള്‍, എത്രയെത്ര മനുഷ്യര്‍ അവര്‍ക്കൊക്കെ എത്രെയെത്രെ കഥകള്‍! ജീവിതത്തിന്റെ വൈചിത്ര്യങ്ങള്‍, ജനങ്ങളുടെ വൈചിത്ര്യങ്ങള്‍, ഭൂമിയുടെ ഭിന്നഭാവങ്ങള്‍, കാലാവസ്ഥയിലെ മാറ്റങ്ങള്‍, പ്രകൃതി ഭംഗികള്‍, പ്രണയം തുളുമ്പുന്ന മിഴികളുള്ള സുന്ദരിപെണ്‍കുട്ടികള്‍, യാത്രകളില്‍ മൊട്ടിട്ട് യാത്രാവസാനം അവസാനിക്കുന്ന പ്രണയങ്ങള്‍. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണ് കഴിഞ്ഞ 23 വര്‍ഷത്തെ തീവണ്ടിയാത്രകള്‍ എനിക്ക് സമ്മാനിച്ചത്.!
കേരളത്തിന്റെ പച്ചപ്പ് മാത്രം കണ്ടു വളര്‍ന്ന ഞാന്‍ വരണ്ടുണങ്ങിയ പ്രദേശങ്ങളും പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിയും കാണുന്നത് ആദ്യ ബോംബെ യാത്രയിലാണ്. തീവണ്ടി ആന്ധ്രപ്രദേശിലെ റായല്‍ സീമയില്‍ പെട്ട കടപ്പ, ഗുണ്ടക്കല്‍ പ്രദേശങ്ങളിലൂടെ കടന്നു പോയപ്പോള്‍. നോക്കെത്താ ദൂരത്തോളം ഒരു മനുഷ്യനെപ്പോലും കാണാനാവാതെ സൂര്യതാപമേറ്റ് കിടക്കുന്ന ഭൂമിയുടെ മാറില്‍ തലയുയര്‍ത്തി നില്ക്കുന്ന പാറക്കെട്ടുകള്‍. ഇങ്ങനെ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതുകൊണ്ടാണ് 'റായല്‍' സീമ എന്ന് പറയുന്നത് പോലും. അന്ന് തീവണ്ടിയില്‍ കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു തന്നതാണ്.
മുംബൈയിലേക്കുള്ള യാത്രകള്‍ ഇന്നത്തെപ്പോലെ എളുപ്പമല്ല. രണ്ട് രാത്രിയും ഒരു പകലും ട്രയിനില്‍ ഇരിക്കണം. മൂന്നാം ദിവസം രാവിലെയാണു തീവണ്ടി ദാദര്‍ സ്റ്റേഷനില്‍ എത്തുന്നത്. അപ്പോളേക്കും കൂടെയുള്ളവരുമായി നല്ല അടുപ്പത്തിലാവും. ചിലര്‍ പോകുമ്പോള്‍ വിലാസവും ഫോണ്‍ നമ്പരുമൊക്കെ തരും. അങ്ങനെ അക്കാലത്ത് സൗഹൃദം സ്ഥാപിച്ച ചിലര്‍ ഇപ്പോളും സൗഹൃദം തുടരുന്നു.
തുടക്കത്തില്‍ ഞാന്‍ എഴുതിയ എസ് കെ പൊറ്റെക്കാടിന്റെ അനുഭവം പോലൊന്ന് തീവ്രമായി അനുഭവിച്ചത് 1991ല്‍ തന്നെയാണ്. മുംബൈയില്‍ യൂണിവേര്സിറ്റിയില് ചേര്‍ന്നതിന് ശേഷം ആദ്യമായി നാട്ടിലേക്ക് തിരിച്ചു വന്നത് ആ വര്‍ഷം ഒക്റ്റോബറില്‍ ആയിരുന്നു. ദീപാവലിയ്ക്ക് ഞങ്ങള്‍ക്ക് 12 ദിവസം അവധിയാണ്. അതിനായി കാത്തിരിയ്ക്കുകയായിരുന്നു എന്ന് പറയാം. കാരണം 13 പേര് ഉണ്ടായിരുന്ന ഞങ്ങള്‍ മലയാളികള്‍ എല്ലാവരും തന്നെ ആദ്യമായി വീടുവിട്ട് പുറത്തു താമസിക്കുകയായിരുന്നു. പുതിയ ദേശം, പുതിയ ഭാഷ, പുതിയ ആഹാരം, പുതിയ സാഹചര്യങ്ങള്‍. ഹോസ്റ്റല്‍ ജീവിതം. ഇതുമായൊക്കെ ആദ്യം പൊരുത്തപ്പെടാന്‍ ആര്‍ക്കും പറ്റിയിരുന്നില്ല. ദൂരെ ദൂരെ, മൂന്നു ദിവസം യാത്ര ചെയ്താല്‍ എത്തുന്ന കേരളത്തെ ഏതു നിമിഷവും ഞങ്ങള്‍ സ്വപ്നം കണ്ടു. ഇന്നത്തെപ്പോലെ മൊബൈലോ, ടി വി ചാനലുകളോ, ഇന്റര്‍ നെറ്റോ ഒന്നും ഇല്ലാതിരിന്ന അക്കാലത്ത് നാട്ടില്‍ നിന്ന് വരുന്ന കത്തുകള്‍ മാത്രമായിരുന്നു ആശ്രയം. ഹോ.. ആ കാത്തിരിപ്പുകള്‍. ഇപ്പോള്‍ ഓര്‍ക്കാന്‍ കൂടി വയ്യ! പലപ്പോഴും സ്റ്റേഷനില്‍ പോയി നാട്ടിലേക്ക് പോകുന്ന 'ജയന്തി ജനത എക്സ്പ്രസ്' നോക്കി നില്‍ക്കുന്നത് പോലും ഒരു രസമായിരുന്നു. ഒരു തീവണ്ടിയില്‍ ഞങ്ങള്‍ ഒരു നാടിനെ കണ്ടു..!
അങ്ങനെ നാടിന്റെ ഗന്ധമറിയാന്‍ ഓരോ മനസ്സും വെമ്പല്‍ പൂണ്ടു. ടിക്കറ്റുകള്‍ ഒക്കെ നേരത്തെ തന്നെ പോയി ബുക്ക് ചെയ്തു. അങ്ങനെ ഒക്ടോബര്‍ വന്നെത്തി. അന്നത്തെപ്പോലൊരു സന്തോഷം പിന്നെ ഏതെങ്കിലും ഒരു യാത്രയില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഞങ്ങള്‍ മലയാളികള്‍ എല്ലാവരും അടുത്തടുത്ത ക്യാബിനുകളിലായിട്ടായിരുന്നു ബുക്ക് ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ യാത്ര വളരെ രസകരമായിരുന്നു. പാട്ടും തമാശയും ചീട്ടുകളികളും ഒക്കെയായി നേരം പോകുന്നത് അറിഞ്ഞില്ല. ക്യാബിനില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും ഞങ്ങളുടെ ആഹ്ലാദത്തില്‍ പങ്കെടുത്തു.
രണ്ടാം ദിവസം വൈകുന്നേരം ഗുണ്ടക്കല്‍ സ്റ്റേഷനില്‍ എത്തി. നാട് അടുത്തു കൊണ്ടിരിയ്ക്കുന്നു എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കി. അങ്ങനെയാണ് അന്നത്തെ രാത്രി ഉറങ്ങാന്‍ പോയത്.
ഗിരീഷ് തട്ടിവിളിക്കുമ്പോളാണ് ഞാന്‍ ഉണരുന്നത്. താഴത്തെ ബര്‍ത്തില്‍ കിടന്നിരുന്ന അവന് വിളിക്കുന്നു “സുനിലേ എഴുനേല്ക്ക്... വെളിയിലേക്ക് നോക്ക്”
ഗിരീഷ് ചില്ലുപൊക്കിവെച്ച് പുറംകാഴ്ചകള്‍ കാണുകയാണ്. ഞാന്‍ താഴെയിറങ്ങി അവന്റെ സീറ്റില്‍ ഇരുന്നു. വെളിയിലേക്ക് നോക്കി.
വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ. മിന്നി മറയുന്ന വീടുകള്‍. ചെറിയ വിളക്കുകള്‍ ദൂരെ എവിടെയൊക്കെയോ കത്തുന്നു. നേരം വെളുത്തു വരുന്നതേയുള്ളൂ. മനസ്സ് കോരിത്തരിച്ചു. വണ്ടി പാലക്കാട് സ്റ്റേഷന് വിട്ടിരിക്കുന്നു., നാടെത്തി.! ഞാന്‍ അപ്പോള്‍ പണ്ട് വായിച്ച എസ് കെ പൊറ്റെക്കാടിന്റെ പുസ്തകത്തിലെ വരികളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കി...! അതുപോലെ ഒരു അനുഭവം പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല. അതൊരു വലിയ ഗൃഹാതുരത്വത്തിന്റെ അവസാനം ആയിരുന്നു. പിന്നീട് എത്രയോ വട്ടം പാലക്കാട് കടന്ന് പോയിരിക്കുന്നു. അന്നത്തെപ്പോലെയുള്ള ഒരു തീവ്രത ഒരിയ്ക്കലും തോന്നിയിട്ടില്ല. എങ്കിലുമെവിടെയോ ചില നഷ്ടബോധം! അത് എപ്പോഴും ഉണ്ടാകും.
06-Dec-2013