എസ് ഡി പി ഐയെ വളര്‍ത്തിയത് യു ഡി എഫും കോണ്‍ഗ്രസും

ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലൂടെ കുപ്രസിദ്ധനായ എസ് ഡി പി ഐ തീവ്രവാദി അനസിന്റെ വിജയത്തിന് കളമൊരുക്കിയത് യു ഡി എഫിന്റെയും വിശിഷ്യാ കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നിലപാടുകളാണ്. അത് കേരളത്തെ പല്ലിളിച്ച് കാട്ടുന്ന ദുരന്തയാഥാര്‍ത്ഥ്യമാണ്. തെരഞ്ഞെടുപ്പുവിജയം കൈപ്പിടിയിലാക്കാന്‍ ജാതിമത ശക്തികളെ പ്രീണിപ്പിച്ചും തീവ്രവാദപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചും സ്വന്തം പാരമ്പര്യംപോലും വികൃതമാക്കുന്ന കോണ്‍ഗ്രസിന്റെ മുഖമാണ് അനസിന്റെ വിജയത്തിനുപിന്നില്‍ തെളിഞ്ഞത്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ മുസ്ലീംലീഗിന്റെ തീവ്രവാദ പ്രേമവും അവിടെ പ്രകാശിപ്പിക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ ഒരുവശത്ത് ബി ജെ പിയെയും മറുവശത്ത് പോപ്പുലര്‍ഫ്രണ്ട്-എസ് ഡി പി ഐ തീവ്രവാദികളെയും കൂട്ടുപിടിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ വ്യഭിചാരം. അതായിരുന്നു അനസിന്റെ വിജയത്തിലൂടെ വാഴക്കുളത്ത് ഉണ്ടായത്.

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തുവാനുള്ള മതനിരപേക്ഷ മനസ് കേരളസമൂഹം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ആ വേളയില്‍ എന്‍ ഡി എഫ് - പോപ്പുലര്‍ ഫ്രണ്ട് - എസ് ഡി പി ഐ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ വിധ്വംസക ശക്തികള്‍ക്ക് ആരാണ് കേരളത്തില്‍ വളംവെച്ചുകൊടുത്തത് എന്ന അന്വേഷണവും ഊര്‍ജ്ജിതമാവുന്നുണ്ട്. അതോടൊപ്പം മുസ്ലീം ലീഗിന്റെയും ആര്‍ എസ് എസ് സംഘപരിവാരത്തിന്റെയും നേതൃത്വത്തില്‍ സിപിഐ എം ആണ് എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ ശക്തികളെ സഹായിക്കുന്നത് എന്നൊക്കെയുള്ള നുണപ്രചരണവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

സംഘപരിവാറും മുസ്ലീം ലീഗും പറയുന്നത് വെമ്പായം പറപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ സിപിഐ എം എസ് ഡി പി ഐയുമായി സഖ്യത്തിലാണെന്ന് എന്നാണ്. ഈ രണ്ട് ആരോപണവും ശുദ്ധ അസംബന്ധമാണെന്ന് പറയാതെ വയ്യ. പറപ്പൂരില്‍ മുസഌംലീഗിന്റെ ധിക്കാരപര നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന്  ഒരു വിഭാഗം പ്രവര്‍ത്തകര്‍ യു ഡി എഫ് വിട്ടുവന്നപ്പോള്‍ അവരെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുകയുണ്ടായി. അവരും സിപിഐ എമ്മുമായി ചേര്‍ന്നുള്ള ജനകീയ മുന്നണിയാണ് അവിടെ 19 വാര്‍ഡിലും ഒരു പൊതുസ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത്. ഇവര്‍ സത്യപ്രതിജ്ഞക്കുശേഷം രഷ്ട്രീയബന്ധം കാണിച്ച് കൊടുത്ത സത്യപ്രസ്താവനയിലും ജനകീയ മുന്നണി സ്വതന്ത്രന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാതെ സിപിഐ എം എന്നോ, മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ പേരോ ആ സത്യപ്രസ്താവനയില്‍ ഇല്ല.

2016 മെയ് മാസത്തില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ ജനകീയ മുന്നണി ബന്ധം തകര്‍ത്ത് യു ഡി എഫ് ബന്ധം പുനഃസ്ഥാപിക്കാന്‍ തീവ്ര പരിശ്രമമുണ്ടായി. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ജനകീയ മുന്നണിയുടെ 12 മെമ്പര്‍മാരും യോഗം ചേര്‍ന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മാധ്യമങ്ങള്‍ക്ക് പത്രപ്രസ്താവന നല്‍കുകയുണ്ടായി. ആ പ്രസ്താവനയില്‍ ഞങ്ങള്‍ 12 പേരും ജനകീയ മുന്നണി സ്വതന്ത്രന്മാരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ജനകീയ മുന്നണി മെമ്പര്‍മാരില്‍ ആരുംതന്നെ എസ് ഡി പി ഐ, പി ഡി പി, വെല്‍ഫെയര്‍ പാര്‍ടി എന്നിവയുമായി ബന്ധപ്പെട്ടവരല്ലെന്നും ആ പ്രസ്താവനയിലൂടെ വ്യക്തമാക്കപ്പെട്ടു. ഈ വസ്തുതയെയാണ് നട്ടാല്‍കുരുക്കാത്ത നുണയിലൂടെ മാറ്റി മറിക്കാന്‍ നോക്കുന്നത്.

വെമ്പായം ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫ് നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചായത്തു ഭരണ സമിതിയെ എസ് ഡി പി ഐ, ബി ജെ പി മെമ്പര്‍മാരെ ഒപ്പംകൂട്ടി അവിശ്വാസത്തിലൂടെ പുറത്താക്കിയത് യു ഡി എഫ് ആണ്. വെമ്പായത്ത് ആകെ 21 അംഗങ്ങളാണ് ഉള്ളത്. .ഇതില്‍ സിപിഐ എംന് ഏഴും സി പി ഐക്കു മൂന്നും അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളാണ് ഉള്ളത്. രണ്ടു ബിജെപി അംഗങ്ങളും ഒരു എസ് ഡി പി ഐ അംഗവും. ഇവിടെ കൂടുതല്‍ അംഗങ്ങളുള്ള മുന്നണി എന്ന നിലയില്‍ സിപിഐ എം ലെ ബി എസ് ചിത്രലേഖ പ്രസിഡന്റായി ഭരണ സാരഥ്യം ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഈ ഭരണ സമിതിയെയാണ് പതിനൊന്നു പേരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. എട്ടു അംഗങ്ങളുള്ള കോണ്‍ഗ്രസിന് പതിനൊന്നു പേരുടെ പിന്തുണ ലഭിക്കണമെങ്കില്‍ ബി ജെ പിയും എസ് ഡി പി ഐയും ആരുടെ കൂടെ നില്‍ക്കണമെന്നത് മനസിലാക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് സാധിക്കും.

തുടര്‍ന്ന് പഞ്ചായത്തില്‍ ജനരോഷം ഉയര്‍ന്നപ്പോള്‍ ബി ജെ പിയും എസ് ഡി പി ഐയും ആ അവിശുദ്ധ സഖ്യത്തില്‍ നിന്നും പിന്മാറി. തുടര്‍ന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ എംലെ ഷീലജയാണ് മത്സരിച്ചത്. ഒരോ മുന്നണിയും അതതു നിലയ്ക്ക് വോട്ടു ചെയ്താല്‍ പത്തംഗങ്ങളുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ബി ജെ പി വോട്ടിങില്‍ നിന്നും വിട്ടു നിന്നു. അതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാവുകയും ചെയ്തു. ഒരംഗം മാത്രമുള്ള എസ് ഡി പി ഐയുടെ വോട്ടിന്റെ ആവശ്യം വിജയിക്കാന്‍ പത്തംഗങ്ങളുള്ള എല്‍ഡിഎഫിന് ആവശ്യവുമുണ്ടായിരുന്നില്ല. അവിടെ സിപിഐ എം എസ് ഡി പി ഐ യുടെ വോട്ടിന് അഭ്യര്‍ത്ഥിച്ചുമില്ല. സ്വന്തം ഇഷ്ടപ്രകാരം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതിനെ സിപിഐ എം നെ പഴിക്കേണ്ട കാര്യവുമില്ല.

വെമ്പായത്ത് മുമ്പുനടന്ന സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗസ്, ബിജെപി, എസ്ഡിപിഐ പാര്‍ടികള്‍ മഴവില്‍ സഖ്യമുണ്ടാക്കിയായിരുന്നു മത്സരിച്ചത്. സ്റ്റാന്റിങ് കമ്മിറ്റികളില്‍ ഒന്നു പോലും എല്‍ ഡി എഫിനില്ല. സഖ്യത്തിലൂടെ കോണ്‍ഗ്രസ്, ബിജെപി പാര്‍ടികള്‍ സ്റ്റാന്റിങ് കമ്മിറ്റികള്‍ വീതംവച്ച് എടുക്കുകയായിരുന്നു. ആ നില ഇപ്പോഴും തുടരുകയാണ്. എസ്ഡിപിഐയും അതില്‍ പങ്കാളിയാണ്.

സിപിഐ എം, സിപിഐ മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനം മാറുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ വീണ്ടും ഭാരവാഹി തെഞ്ഞെടുപ്പകള്‍ വേണ്ടിവന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം കഴിഞ്ഞു. സിപിഐയിലെ സീനത്തു ബീവിയാണ് വിജയിച്ചത്. ബിജെപി വോട്ടിങില്‍ നിന്നും വിട്ടുനിന്നു. അപ്പോള്‍ പത്തംഗങ്ങളുള്ള എല്‍ഡിഎഫിനു ജയിക്കാന്‍ മറ്റൊരു വോട്ടിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. എന്നിട്ടും എസ്ഡിപിഐ വിവാദമുണ്ടാക്കുന്നതിനായി എല്‍ഡിഎഫിന് വോട്ടു ചെയ്യുകയായിരുന്നു. ഇനി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അവിടെ ബി ജെ പിയോ എസ് ഡി പി ഐയോ വിജയിക്കുന്ന സാരഥിക്ക് വോട്ടു ചെയ്യാന്‍ കരുതിയിട്ടുണ്ടെങ്കില്‍ ആ വോട്ടുകള്‍ വേണ്ടെന്ന് സിപിഐ എം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നിലപാട് യു ഡി എഫിനോ, ബി ജെ പിക്കോ ഉണ്ടോ?

എസ് ഡി പി ഐയെ വളര്‍ത്തുന്നതില്‍ ഒളിഞ്ഞും തെളിഞ്ഞും നിലപാട് കൈക്കൊണ്ടിട്ടുള്ളത് യു ഡി എഫ് ആണ്. കോണ്‍ഗ്രസും മുസ്ലീം ലീഗും ആ ബാന്ധവങ്ങളുടെ മണിയറകളില്‍ ശയിച്ചവരാണ്. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലൂടെ കുപ്രസിദ്ധനായ എസ് ഡി പി ഐ തീവ്രവാദി അനസിനെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ നിന്നും വിജയപ്പിച്ചതിന്റെ പിന്നില്‍ ഈ ബാന്ധവമായിരുന്നു. അത് നിഷേധിക്കാന്‍ ഇതുവരെയും യു ഡി എഫിന് സാധിച്ചിട്ടില്ല.

കോതമംഗലം ഇലാഹിയ കോളേജിലെ പ്രൊഫസറായിരുന്നു അനസ്. മറ്റൊരു കോളേജിലെ പ്രൊഫസറായ തൊടുപുഴയിലെ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയായി അനസ് അറസ്റ്റിലായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന അനസും സംഘവും എസ് ഡി പി ഐ നേതൃത്വത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗൃഹപാഠത്തില്‍ ഏര്‍പ്പെട്ടു. എസ് ഡി പി ഐ നേതൃത്വം മുസ്ലീംലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടു. മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും വിഷവിത്തുകള്‍ക്ക് മുന്നില്‍ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റിക്കൊടുക്കുന്ന ധാരണകള്‍ അത്തരം ചര്‍ച്ചകളിലൂടെ രൂപപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്ന അനസ് ജയിലില്‍ കിടന്ന് മത്സരിച്ചത്.

വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍നിന്ന് ആ എസ് ഡി പി ഐക്കാരന്‍ വിജയിച്ചു. തീവ്രവാദസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായി അവതരിച്ച എസ് ഡി പി ഐയുടെ ബാനറില്‍ മത്സരിച്ച അനസ് വിജയിച്ചതെങ്ങിനെയാണെന്ന് പറയാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനും മുസ്ലീംലീഗിനുമുണ്ട്. ആ ഉത്തരം ആരാണ് തീവ്രവാദ ശക്തികളെ കേരളത്തില്‍ വളര്‍ത്തുന്നത് എന്നതിനുള്ള ഉത്തരം കൂടിയാവും.

അനസിന്റെ വിജയത്തിന് കളമൊരുക്കിയത് യു ഡി എഫിന്റെയും വിശിഷ്യാ കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നിലപാടുകളാണ്. അത് കേരളത്തെ പല്ലിളിച്ച് കാട്ടുന്ന ദുരന്തയാഥാര്‍ത്ഥ്യമാണ്. തെരഞ്ഞെടുപ്പുവിജയം കൈപ്പിടിയിലാക്കാന്‍ ജാതിമത ശക്തികളെ പ്രീണിപ്പിച്ചും തീവ്രവാദപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചും സ്വന്തം പാരമ്പര്യംപോലും വികൃതമാക്കുന്ന കോണ്‍ഗ്രസിന്റെ മുഖമാണ് അനസിന്റെ വിജയത്തിനുപിന്നില്‍ തെളിഞ്ഞത്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ മുസ്ലീംലീഗിന്റെ തീവ്രവാദ പ്രേമവും അവിടെ പ്രകാശിപ്പിക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ ഒരുവശത്ത് ബി ജെ പിയെയും മറുവശത്ത് പോപ്പുലര്‍ഫ്രണ്ട്-എസ് ഡി പി ഐ തീവ്രവാദികളെയും കൂട്ടുപിടിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ വ്യഭിചാരം. അതായിരുന്നു അനസിന്റെ വിജയത്തിലൂടെ വാഴക്കുളത്ത് ഉണ്ടായത്.

വാഴക്കുളം പഞ്ചായത്തിലെ ആറുമുതല്‍ 11 വരെയുള്ള വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. കോണ്‍ഗ്രസിന്റെയും മുസ്‌ളിംലീഗിന്റെയും നേതാക്കള്‍ പ്രതിനിധാനംചെയ്യുന്ന പ്രദേശങ്ങളാണ് അവിടെയുള്ളത്. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിനേക്കാള്‍ 1903 വോട്ട് കൂടുതല്‍ നേടി അനസ് വിജയിച്ചത്. ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും വോട്ട് എസ് ഡി പി ഐക്ക് ചോരുകയായിരുന്നു. വഞ്ചിനാട് ഡിവിഷനില്‍പ്പെട്ട എട്ട് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കുംകൂടി 4369 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍, ഈ വാര്‍ഡുകളില്‍ മത്സരിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തവര്‍, ബ്‌ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിന് വോട്ട് ചെയ്തില്ല. 4369 വോട്ടുകള്‍ ലഭിക്കേണ്ട മുഹമ്മദിന് ലഭിച്ചത് വെറും 2089 വോട്ടുകള്‍. ബാക്കി വോട്ട് എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസുകാരും ലീഗുകാരും മറിച്ചുനല്‍കി.

2280 കോണ്‍ഗ്രസ്- മുസ്ലീംലീഗ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയും അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ പ്രതിയുമായ അനസ് 1903 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതിനുപകരമായി ആലുവ, എറണാകുളം മേഖലയില്‍ എസ് ഡി പി ഐ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന പലയിടത്തും അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു ഡി എഫിനെ സഹായിച്ചു. തൊടുപുഴ നഗരസഭയില്‍ എസ് ഡി പി ഐ ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ 400 വോട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്ന കുമ്മംകല്ലില്‍ ഒരു വോട്ടാണ് എസ് ഡി പി ഐ ക്ക് ലഭിച്ചത്. പത്തനംതിട്ട നഗരസഭയിലെ 13ാം വാര്‍ഡിലെ എസ് ഡി പി ഐ വിജയവും സമാനമായ രീതിയിലായിരുന്നു. തീവ്രവാദികളെ വളര്‍ത്തി വലുതാക്കിയ കോണ്‍ഗ്രസും മുസ്ലീം ലീഗും ഇപ്പോള്‍ കള്ളക്കണ്ണീരൊഴുക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല.

ഈ നാട്ടില്‍ മതനിരപേക്ഷതയും സമാധാനവും പുലരണമെങ്കില്‍ കോണ്‍ഗ്രസിന്റെ വര്‍ഗീയ ബാന്ധവങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവണം. സിപിഐ എംനെതിരെ നുണ പറഞ്ഞുനടന്നതുകൊണ്ട് വസ്തുതകള്‍ ഇല്ലാതാവില്ല. അവ എന്നും എല്ലാവര്‍ക്കും പ്രാപ്യമായി മുന്നില്‍തന്നെ ഉണ്ടാവും.  


06-Jul-2018