ഈ ദുരന്തം മാധ്യമസൃഷ്ടിയാണോ?
അശോക് കര്‍ത്ത
മാധ്യമസൃഷ്ടികളെപ്പറ്റി പിണറായി വിജയന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അതു ശരിക്കും കണ്ടത് പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനത്തിലാണ്. അതൊരു മാധ്യമസൃഷ്ടിയായിരുന്നു. വാര്‍ത്തകള്‍ ഒന്നുമില്ലാതായപ്പോള്‍ പ്രതിപക്ഷനേതാവിനെവച്ച് ഒരു വാര്ത്തയുണ്ടാക്കിയെടുക്കുന്നു. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ഗൂഡലക്ഷ്യമുണ്ട്. സാധാരണ പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ വാര്‍ത്തകളുടെ ചാകരയാണു. വിശകലനങ്ങള്‍, വിവാദങ്ങള്‍, ഹ്യൂമന്സ്റ്റോറികളൊക്കെ വച്ചങ്ങനെ കത്തിക്കയറാം. വെള്ളപ്പൊക്ക ദുരിതത്തില്‍ അതിനൊന്നും അവസരമുണ്ടായില്ല. ഡാം നിറയുമ്പോള്‍ നദിയൊഴുകേണ്ട വഴിയൊക്കെ അവര്‍ വരച്ച് കൊടുത്തതാണു. പക്ഷെ വെള്ളോം വന്നില്ല, ജോതീം വന്നില്ല! അതിന്റെ അരിശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. സാധാരണ ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ വാര്‍ത്തകള്‍ കൊണ്ട് പൊതുസമൂഹത്തെ ഭീതിയിലാക്കി സര്‍ക്കാരിനെ സമ്മര്‍ദ്ദപ്പെടുത്താനുള്ള ഒരു അവസരമാണു കൈവിട്ടുപോയത്. അങ്ങനെയെങ്കിലും തോളില്‍ കയ്യിടാന്‍ സമ്മതിക്കാത്ത മുഖ്യമന്ത്രിയെ വരുതിക്കുകൊണ്ടുവരാമെന്നു വിചാരിച്ചതാണ്. അതു നടന്നില്ല. മുഖ്യമന്ത്രി ആത്മനിഷ്ഠമായി സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നു. സഹായങ്ങളും സംഭാരങ്ങളും ആവശ്യപ്പെടാതെ തന്നെ ഒരുങ്ങി. പ്രൊഫഷണല്‍ മോണിറ്ററിങ്. മാധ്യമങ്ങള്‍ ആഗ്രഹിച്ചതൊന്നും നടന്നില്ല. |
മാധ്യമങ്ങളോട് വിമുഖത കാട്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ദിവസവും പത്രക്കാരെക്കാണുന്നു. ആരേയും ആക്ഷേപിക്കാതെ, ആരേയും കുറ്റപ്പെടുത്താതെ കണക്കുകള്‍ വച്ച് വസ്തുതാനിഷ്ഠമായി സംസാരിക്കുന്നു. സെല്‍ഫ് പ്രമോഷനുവേണ്ടി വിവാദങ്ങളൊന്നുമുണ്ടാക്കുന്നില്ല. മുഖ്യമന്ത്രിയുടെ പോസിറ്റിവിറ്റി ജനം ഉള്‍ക്കൊള്ളുന്നു. പൊതുവേ മാധ്യയമങ്ങളുടെ സഹായത്തോടെയും ഗ്രൂപ്പുകളിച്ചും രാഷ്ട്രീയം നടത്തുന്ന കോണ്ഗ്രസ്സുകാര്ക്കത് അത്ഭുതമായിക്കാണും. മുഖ്യമന്ത്രിയെ അങ്ങനെ വിടാന്‍ പറ്റുമോ? പിണറായി തേങ്ങയുടയ്ക്കുമ്പോള്‍ ചെന്നിത്തല ചിരട്ടയെങ്കിലുമുടയ്ക്കണം. അല്ലെങ്കില്‍ മാധ്യമസ്ഥാനം നഷ്ടപ്പെടും. മാധ്യമങ്ങളില്‍ നിന്നും തുടച്ചുനീക്കപ്പെടുക എന്നത് കോണ്‍ഗ്രസുകാര്‍ക്ക് മരണതുല്യമാണു. പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനത്തെ ഊര്ദ്ധന്വലിക്കുന്നവന്റെ നാക്കിലിറ്റുന്ന വെള്ളമായിഎടുത്താല് മതി. കെ പി സി സി തണ്ടേലെടുത്തുകൊണ്ടുവന്നു പത്രസമ്മേളനം നടത്തിച്ചു. അല്ലെങ്കില്‍ പശുവും ചത്തു മോരിലെ പുളിയും പോയിക്കഴിഞ്ഞ് ഇങ്ങനെയൊരു പത്രസമ്മേളനത്തിന്റെ ആവശ്യം എന്തായിരുന്നു?
മാധ്യമസൃഷ്ടികളെപ്പറ്റി പിണറായി വിജയന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അതു ശരിക്കും കണ്ടത് പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനത്തിലാണ്. അതൊരു മാധ്യമസൃഷ്ടിയായിരുന്നു. വാര്‍ത്തകള്‍ ഒന്നുമില്ലാതായപ്പോള്‍ പ്രതിപക്ഷനേതാവിനെവച്ച് ഒരു വാര്ത്തയുണ്ടാക്കിയെടുക്കുന്നു. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ഗൂഡലക്ഷ്യമുണ്ട്. സാധാരണ പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ വാര്‍ത്തകളുടെ ചാകരയാണു. വിശകലനങ്ങള്‍, വിവാദങ്ങള്‍, ഹ്യൂമന്സ്റ്റോറികളൊക്കെ വച്ചങ്ങനെ കത്തിക്കയറാം. വെള്ളപ്പൊക്ക ദുരിതത്തില്‍ അതിനൊന്നും അവസരമുണ്ടായില്ല. ഡാം നിറയുമ്പോള്‍ നദിയൊഴുകേണ്ട വഴിയൊക്കെ അവര്‍ വരച്ച് കൊടുത്തതാണു. പക്ഷെ വെള്ളോം വന്നില്ല, ജോതീം വന്നില്ല! അതിന്റെ അരിശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. സാധാരണ ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ വാര്‍ത്തകള്‍ കൊണ്ട് പൊതുസമൂഹത്തെ ഭീതിയിലാക്കി സര്‍ക്കാരിനെ സമ്മര്‍ദ്ദപ്പെടുത്താനുള്ള ഒരു അവസരമാണു കൈവിട്ടുപോയത്. അങ്ങനെയെങ്കിലും തോളില്‍ കയ്യിടാന്‍ സമ്മതിക്കാത്ത മുഖ്യമന്ത്രിയെ വരുതിക്കുകൊണ്ടുവരാമെന്നു വിചാരിച്ചതാണ്. അതു നടന്നില്ല. മുഖ്യമന്ത്രി ആത്മനിഷ്ഠമായി സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നു. സഹായങ്ങളും സംഭാരങ്ങളും ആവശ്യപ്പെടാതെ തന്നെ ഒരുങ്ങി. പ്രൊഫഷണല്‍ മോണിറ്ററിങ്. മാധ്യമങ്ങള്‍ ആഗ്രഹിച്ചതൊന്നും നടന്നില്ല.
അതുപോലെ മാധ്യമങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസപ്പിരിവും ജനം പൊളിച്ചു. പണം നേരിട്ട് ദുരിതാശ്വാസനിധിയിലേക്കു മതി എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഏതെങ്കിലും മാധ്യമം പണപ്പിരിവ് നടത്തുന്നത് അതവരുടെ പരസ്യത്തിനാണ്. പൊതുജനത്തിന്റെ കാശുകൊണ്ട് ഇന്കംടാക്സില് കിഴിവും കിട്ടും. ഇത്തവണ അതും വേണ്ടവിധം നടക്കുന്നില്ല! ജനം പിണറായി വിജയനെ മുഖവിലയ്ക്കെടുത്തു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മാധ്യമക്കാരാണെന്നു പറഞ്ഞുനടന്നിട്ട് എന്തു കാര്യം? മാധ്യമ ഈഗോ ഹര്‍ട്ടായി. അതിനവര്‍ കണ്ടുപിടിച്ച കരുവാണു രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷനേതാവ്! തങ്ങളുടെ പ്രതികാരം മാധ്യമങ്ങള്‍ പ്രതിപക്ഷനേതാവിലൂടെ സാധിച്ചെടുത്തു.
കോണ്‍ഗ്രസിന്റെ പ്രൊപ്പഗന്‍ഡാ മിക്കപ്പോഴും പാര്‍ട്ടിക്കു പുറത്തുള്ള മാധ്യമങ്ങളാണു തീരുമാനിക്കുന്നത്. കെ കരുണാകരനെ അട്ടിമറിക്കാന്‍ മാധ്യമങ്ങള്‍ ചെയ്ത സഹായം മലയാളികള്‍ക്ക് മറക്കാനാവില്ല. അതെന്തിനു വേണ്ടിയായിരുന്നു. അതുപോലെ പിണാറായിയെ തുടരാന്‍ അനുവദിക്കരുതെന്ന ഒരജണ്ട മാധ്യമങ്ങള്‍ക്കുണ്ട്. കോണ്‍ഗ്രസിനാണെങ്കില്‍ ഇപ്പോള്‍ ഒന്നും ചെയ്യാനുള്ള കെല്പ്പുമില്ല. അവിടെയാണു പഞ്ചതന്ത്രം കഥകളിലെ കുറൂക്കനെപ്പോലെ മാധ്യമങ്ങള്‍ ഇറങ്ങിയത്. സിംഹത്തിന്റെ കൂടെ നടക്കും. ഇരയെ കാണിച്ചുകൊടുക്കും. സിംഹം പിടിക്കും. കുറുക്കനു പങ്ക് കിട്ടും. മാധ്യമങ്ങളും കോണ്‍ഗ്രസ്സും കൂടി നടത്തിയ ഇരപിടുത്തമാണ് ഡാമുകള്‍ നേരത്തെ തുറക്കാതിരുന്നതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം.
ഇരുകൂട്ടരും തന്ത്രപൂര്‍വ്വം ടാര്‍ജെറ്റ് ചെയ്തത് വൈദ്യുതി മന്ത്രിയേയായിരുന്നു. മുഖ്യമന്ത്രിയോട് നേരിട്ട് ഏറ്റിയാല്‍ ജനം കൈകാര്യം ചെയ്യുമെന്നു അറിയാം. അതുകൊണ്ടാണു വൈദ്യുതിമന്ത്രിക്ക് നേരെ ആരോപണം തിരിച്ചുവിട്ടത്. വെറും നാലാം ക്ലാസുകാരന്. പോളിടെക്നിക്കിലൊന്നും പോയിട്ടില്ല. എഞ്ചിനീയറല്ലാത്ത, ഒരു സാമ്പത്തിക വിദഗ്ദനെവച്ച് വൈദ്യുതിക്കമ്പനി നടത്തുന്നു. എം എം മണി പ്രകോപിതനാകുമെന്ന് മാധ്യമങ്ങള്‍ പ്രതീക്ഷിച്ചു. പ്രകോപിതനായാല്‍ എഴുതിയും ബൈറ്റിട്ടും ആരോപിതനാക്കാം. പിന്നെയതു മുഖ്യമന്ത്രിയില്‍ കൊണ്ടുചെന്നു കെട്ടാം. അങ്ങനെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവച്ച് ജനത്തെ സര്‍ക്കാരിനെതിരാക്കാം. ഇതൊക്കെയായിരുന്നു മനപ്പായസം.
പക്ഷെ അവരുടെ പ്രതീക്ഷകളെല്ലാം തെറ്റി. മറുപടി പറഞ്ഞത് മുഖ്യമന്ത്രി. കാര്യകാരണസഹിതം പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളെല്ലാം അബദ്ധമാണെന്നു സ്ഥാപിച്ചു. ഇനി ഈ വിഷയത്തില്‍ ആര്‍ക്കുമൊന്നും പറയാനാവാത്തവിധം ജനങ്ങള്‍ എല്ലാമറിഞ്ഞു കഴിഞ്ഞു. പ്രതിപക്ഷനേതാവിന്റെ നിലനില്‍പ്പുതന്നെ പരുങ്ങലിലായി. മുഖ്യമന്ത്രിയെ അനുകരിക്കാന്‍ പോയതാണ് പ്രതിപക്ഷനേതാവിന് അബദ്ധമായത്. അദ്ദേഹത്തിന്റെ പത്രക്കുറിപ്പുകണ്ടാല് അതു തയ്യാറാക്കിയത് രാജ്മോഹന്‍ ഉണ്ണിത്താനാണോ എന്നു സംശയം തോന്നും. നാസയുടെ റോക്കറ്റിനേക്കുറിച്ചായാലും ഉണ്ണിത്താന് കണക്കു സഹിതം തട്ടിവിടും. പക്ഷെ അതു ഉണ്ണിത്താന്റെ മനോസൃഷ്ടിയായ കണക്കായിരിക്കും. ചാനല്‍ ചര്‍ച്ചകളിലൊക്കെ നാമത് കാണാറുണ്ട്. പക്ഷെ, ഡാമുകളെപ്പറ്റിയും, കണക്കുവച്ച് സംസാരിക്കുമ്പോള്‍ വളരെ സൂക്ഷിക്കണം. വരാവുന്ന ചോദ്യങ്ങള്‍ മുന്‍കൂട്ടി കാണണം. അതിനുള്ള ഹോംവര്‍ക്കില്ലാതെയാണ് പ്രതിപക്ഷനേതാവ് പത്രസമ്മേളനം നടത്തിയത്. ഒടുവില്‍ എല്ലാം രാജ്മോഹന്‍ ഉണ്ണിത്താന്റെ കണക്കുപോലായി. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് അതൊക്കെ നിഷ്പ്രയാസം ഖണ്ഡിക്കാന്‍ കഴിഞ്ഞത്. അതോടെ ആ വിഷയമവിടെ അവസാനിച്ചു. പ്രതിപക്ഷനേതാവിന് ഇനി ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാന്‍ സ്ഥലമില്ലാതായി. എന്തൊരു ഗതികേടാണിതൊക്കെ?
പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും കേരളത്തിലെ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഒരുവാക്കുപോലും പറഞ്ഞില്ല. അതാണ് രാഷ്ട്രീയ കൌശലം. ഈ അവസരത്തില്‍ നൈസായി സ്കൂട്ടാവുക. പ്രതിപക്ഷനേതാവ് ഇത്രയും നാള് പിടിച്ചുനിന്നു. പക്ഷെ പത്രക്കാര് തള്ളിയപ്പോള്‍ വീണു. ഇനി എഴുന്നേല്ക്കാന് പാടാണ്. പരിഹാസ്യനായി കുറേകിടക്കേണ്ടി വരും. ഈ ദുരവസ്ഥയിലേക്ക് ആരായിരിക്കും ചെന്നിത്തലയെ തള്ളിവിട്ടത്? പ്രതിപക്ഷനേതൃസ്ഥാനം വേണ്ടെന്നു വച്ച ഉമ്മന്‍ ചാണ്ടിയോ? മുഖ്യമന്ത്രിപദകാംക്ഷിയായ കെ.മുരളീധരനോ? അതോ രാഷ്ട്രീയപകിടകളിയില് വിദഗ്ദനായ, ഏതു കരുവും കറക്കി സാഹചര്യങ്ങള്‍ തനിക്കനുകൂലമാക്കുന്ന എ കെ ആന്റണിയോ? അതോ ഇവരെല്ലാം ചേര്‍ന്നോ? എന്തായാലും തലേദിവസം കെ പി സി സി കൂടിയിരുന്നു.
പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളെ തുറന്നു കാട്ടിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ മാധ്യമസമ്മേളനം അവസാനിച്ചത് ഒരു ബാങ് നോട്ടോടുകൂടിയായിരുന്നു. സിംഫണികളൊക്കെ അവസാനിക്കുന്നപോലെ! 'ബി ജെ പിയും ഇതുപോലുള്ള ആരോപണങ്ങളുമായി രംഗത്തുണ്ടല്ലോ. രണ്ടുപേര്‍ക്കും കൂടി ഈ ഒരു മറുപടി മതിയാകുമല്ലോ' പുഞ്ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചു. കേരളം സമാനതകളില്ലാത്ത ദുരിതം നേരിടുമ്പോള്‍ അതില്‍ രാഷ്ട്രിയനേട്ടത്തിനുള്ള പഴുതു തേടുന്ന പ്രതിപക്ഷത്തെ ഒരുപടികൂടി കടന്നു വിലയിരുത്തുകയായിരുന്നു മുഖ്യമന്ത്രി. ബി ജെ പിയും കോണ്‍ഗ്രസും ഒരേ ശ്രുതിയിലാണു നീങ്ങുന്നത്. അവര്‍ക്ക് ഒരേ ആശയവും, ഒരേ ഭാഷയുമാണ്. ദേശീയതലത്തില്‍ ബി ജെ പിക്കെതിരേയുള്ള ചെറുത്തുനില്‍പ്പില്‍ ഇടതുപക്ഷത്തിനൊപ്പം കോണ്‍ഗ്രസ് കാണില്ലെന്നുള്ളതിന്റെ സൂചനയാണോ പ്രതിപക്ഷനേതാവിന്റെ ഈ വിയോജനം?
23-Aug-2018
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി