പതഞ്ജലി ആയുർവേദ് കമ്പനിയുടെ ഔഷധ ഉൽപന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസ് കേൾക്കുന്നതിനിടെ ബാബാ രാം ദേവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ബാബാ രാംദേവ് “അത്ര നിരപരാധിയല്ല” എന്ന് സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. അദ്ദേഹത്തിൻ്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനും കോടതി അദ്ദേഹത്തെ വിമർശിച്ചു.

ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ 23ലേക്ക് നിശ്ചയിച്ചു. കേസിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്‌ണയും കോടതിയിൽ ഹാജരായിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് (ഐഎംഎ) പതഞ്ജലി ആയുർവേദിനെതിരെ ഹർജി നൽകിയത്. ഏപ്രിൽ 10 ന് വാദം കേൾക്കുമ്പോൾ, ജസ്റ്റിസുമാരായ കോഹ്‌ലിയുടെയും അമാനുല്ലയുടെയും അതേ ബെഞ്ച് പതഞ്ജലി ആയുർവേദിനെ രൂക്ഷമായി വിമർശിക്കുകയും കോടതിയലക്ഷ്യ നടപടികളെ ലാഘവത്തോടെ കാണുകയും ചെയ്തു ബാബാ രാംദേവിനെ വിമർശിക്കുകയും ചെയ്തു.

സത്യവാങ്മൂലത്തിൽ പറഞ്ഞതൊന്നും തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞിരുന്നു. പതഞ്ജലി ഉൽപന്നങ്ങൾക്ക് ലൈസൻസ് നൽകിയതിന് ഉത്തരാഖണ്ഡ് സർക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. നിങ്ങൾ ഒരു പോസ്റ്റ് ഓഫീസായി പ്രവർത്തിക്കുകയാണോ എന്ന് സംസ്ഥാന ലൈസൻസിംഗ് അതോറിറ്റിയോട് ചോദിച്ചു.