അരുണാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്ത് സീറ്റുകളില്‍ വാക്കോവര്‍ നല്‍കിയത് കോണ്‍ഗ്രസാണ്. ഈ പരിപാടി ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കുന്നതാണ് ഗുജറാത്തിലെ സൂറത്തില്‍ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ജനവിധിയാണ് കേരളം ഏപ്രില്‍ 26ന് രേഖപ്പെടുത്തുകയെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാര്‍ത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു. വില്പനച്ചരക്കാകുന്നതില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളും അവരെ നാമനിര്‍ദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. അരുണാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്തു സീറ്റുകളില്‍ വാക്കോവര്‍ നല്‍കിയത് കോണ്‍ഗ്രസ്സാണ്. ആ പരിപാടി ലോകസഭ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തില്‍ കണ്ടത്.

സൂറത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചവര്‍ നാമനിര്‍ദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് പത്രിക തള്ളിപ്പോയി എന്നാണ് ആദ്യം വാര്‍ത്തവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

തന്നെ ബിജെപിയുടെ ദല്ലാളായി താനുള്‍പ്പെടെയുള്ള എല്ലാ സ്ഥാനാർത്ഥികളെയും മത്സരത്തില്‍ നിന്ന് മാറ്റി ബിജെപിക്ക് ഏകപക്ഷീയ വിജയം ഒരുക്കിക്കൊടുത്തു ബിജെപിയിലേക്ക് പോയി എന്നതാണ് പുതിയ വിവരം. മത്സരം തുടങ്ങുന്നതിന് മുന്‍പ് കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാര്‍ത്ഥികള്‍ ഉണ്ട് ഇനി കോണ്‍ഗ്രസ്സില്‍? മത്സരിച്ച് ജയിച്ചാല്‍ ബിജെപിയിലേക്ക് ഇരുട്ടി വെളുക്കും മുന്‍പ് ചാടിപ്പോകാത്ത എത്ര പേര്‍ അവശേഷിക്കുന്നുണ്ട്?

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോയ്ക്കുമുന്നില്‍ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍. ഇവിടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തോ?

ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്. ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്‌സഭയില്‍ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ജനവിധിയാണ് കേരളം ഏപ്രില്‍ 26 ന് രേഖപ്പെടുത്തുക.